വാഷിംഗ്ടൺ: യുഎസിലേക്ക് വിട്ടുനൽകുന്നത് തടയാനായി മുൻ കൊളംബിയൻ സർക്കാർ സമാധാന ചർച്ചകളുടെ മധ്യസ്ഥനാക്കി മാറ്റിയ പ്രമുഖ വിമത-ലഹരിമാഫിയ തലവൻ ജിയോവാനി ആൻഡ്രെസ് റോജസിനെ (“അരാന്യ”) വിചാരണയ്ക്കായി അമേരിക്കയ്ക്ക് കൈമാറി. കാലിഫോർണിയയിലെത്തിച്ച ഇയാളെ ഫെഡറൽ ഏജന്റുകൾ കസ്റ്റഡിയിലെടുത്തു. വൻതോതിലുള്ള കൊക്കെയ്ൻ കടത്ത്, ഭീകരവാദം തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ അമേരിക്ക ചുമത്തിയിരിക്കുന്നത്.
കൊളംബിയയിൽ ലഹരിക്കടത്തിന് പേുകേട്ട ‘കൊമാൻഡോസ് ഡി ലാ ഫ്രോണ്ടെറ’ എന്ന പ്രമുഖ വിമത സംഘത്തിന്റെ തലവനായിരുന്നു “ദി സ്പൈഡർ” എന്നറിയപ്പെടുന്ന റോജസ്. മുൻ പ്രസിഡന്റ് ഗുസ്താവോ പെട്രോയുടെ ഭരണകാലത്ത് വിമതരുമായുള്ള സമാധാന ചർച്ചകളിൽ പങ്കെടുപ്പിച്ചിരുന്നതിനാലാണ് ഇയാളെ അമേരിക്കയ്ക്ക് വിട്ടുനൽകുന്നത് തടഞ്ഞിരുന്നത്. എന്നാൽ, അടുത്തിടെ അധികാരം ഏറ്റെടുത്ത കൺസർവേറ്റീവ് പ്രസിഡന്റ് അബെലാർഡോ ഡി ലാ എസ്പ്രിയല്ല ഈ സംരക്ഷണം പിൻവലിക്കുകയും ഇയാളെ നേരിട്ട് അമേരിക്കൻ ഏജന്റുമാർക്ക് കൈമാറുകയും ചെയ്യുകയായിരുന്നു.
“മയക്കുമരുന്ന് ഭീകരരെ സംരക്ഷിച്ചുകൊണ്ടല്ല രാജ്യത്ത് സമാധാനം കൊണ്ടുവരേണ്ടത്” എന്ന് റോജസിനെ വിട്ടുനൽകിയ ശേഷം പ്രസിഡന്റ് അബെലാർഡോ പ്രസ്താവിച്ചു. മുൻ സർക്കാരിന്റെ സമാധാന ചർച്ചകൾ പൂർണ്ണമായി അവസാനിപ്പിച്ച് കുറ്റവാളികൾക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കുന്ന നയമാണ് പുതിയ സർക്കാർ നടപ്പിലാക്കുന്നത്. ഇയാളുടെ അറസ്റ്റോടെ ലാറ്റിൻ അമേരിക്കയിലെ കൊക്കെയ്ൻ കടത്ത് മാഫിയകൾക്ക് വൻ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്.
















