സാമൂഹികമാധ്യമങ്ങളിൽ ഏറെദിവസമായി പ്രചരിക്കുന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് നടിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ അഹാന കൃഷ്ണയുടെ വിവാഹ ചിത്രങ്ങൾ പുറത്തുവന്നു. ഛായാഗ്രാഹകൻ നിമിഷ് രവിയാണ് അഹാനയുടെ വരൻ. ഞായറാഴ്ച കോവളത്തെ താജ് ഗ്രീൻ കോവ് റിസോർട്ടിൽ വെച്ച് നടന്ന ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. ചൊവ്വാഴ്ചയാണ് വിവാഹച്ചടങ്ങുകളുടെ ചിത്രങ്ങൾ അഹാന തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചത്.
“20-ൽ കണ്ടുമുട്ടി, 30-ൽ വിവാഹിതരായി. എന്റെ ബെസ്റ്റ് ഫ്രണ്ട്, ബോയ് ഫ്രണ്ട്, പങ്കാളി, സോൾമേറ്റ്, കപ് കേക്ക്, ഇപ്പോൾ ഭർത്താവ്. നിനക്കൊപ്പമായിരിക്കുമ്പോൾ എന്റെ ഹൃദയം പതിയെ, ശാന്തമായി, ശരിയായി സ്പന്ദിക്കുന്നു. നമുക്ക് ഒരുമിച്ച് പ്രായമാവണം, ജീവിതകാലം മുഴുവൻ ഒരു ടീമായി മുന്നോട്ടുപോണം,” എന്ന് ചിത്രങ്ങൾക്കൊപ്പം അഹാന വൈകാരികമായി കുറിച്ചു. തന്റെ സ്വപ്നവിവാഹം യാഥാർത്ഥ്യമാക്കാൻ സഹായിച്ച മുഴുവൻ ടീമിനും അഹാന നന്ദി അറിയിച്ചു.
തെന്നിന്ത്യൻ താരം ദുൽഖർ സൽമാൻ, സംഗീത സംവിധായകൻ ജേക്സ് ബിജോയ് ഉൾപ്പെടെ ചലച്ചിത്ര രംഗത്തെ പ്രമുഖരും അഹാനയുടെ പിതാവും ബി.ജെ.പി. നേതാവുമായ ജി. കൃഷ്ണകുമാറും കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. ദുൽഖർ സൽമാന്റെ സാന്നിധ്യത്തിൽ നിമിഷ് അഹാനയെ താലിയണിയിക്കുന്നതിന്റെയും മോതിരം കൈമാറുന്നതിന്റെയും ചിത്രങ്ങൾ താരം പങ്കുവെച്ചിട്ടുണ്ട്.
വിവാഹ ശേഷം ട്രിവാൻഡ്രം ക്ലബ്ബിലെ സുബ്രഹ്മണ്യം ഹാളിൽ ചൊവ്വാഴ്ച വൈകീട്ടോടെയാണ് വിവാഹ സൽക്കാരം സംഘടിപ്പിച്ചത്. രാജീവ് രവി സംവിധാനം ചെയ്ത ‘ഞാൻ സ്റ്റീവ് ലോപ്പസ്’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച അഹാനയുടെ ആദ്യ ചിത്രത്തിൽ അസിസ്റ്റന്റ് ക്യാമറാമാൻ ആയിരുന്നു നിമിഷ് രവി. പിന്നീട് അഹാന നായികയായ ‘ലൂക്ക’ ഉൾപ്പെടെയുള്ള പ്രശസ്ത ചിത്രങ്ങളുടെ ഛായാഗ്രഹണം നിർവ്വഹിച്ചത് നിമിഷ് ആയിരുന്നു.
Dulquer Salmaan Attends Ahana Krishna and Nimish Ravi’s Wedding; Actress Shares Heartfelt Note

















