വാഷിംഗ്ടൺ: ക്യൂബയെ ചുറ്റിപ്പറ്റി യുഎസ് സൈനിക നീക്കങ്ങൾക്ക് സാധ്യതയൊരുക്കി ആർമിയുടെ പുതിയ നീക്കം. മധ്യ-തെക്കേ അമേരിക്കയുടെയും കരീബിയൻ മേഖലയുടെയും ചുമതലയുള്ള യുഎസ് മിലിട്ടറി സതേൺ കമാൻഡിന് ആവശ്യമായി വന്നാൽ അടുത്ത നാല് മാസത്തിനുള്ളിൽ വിവിധ സേനാ വിഭാഗങ്ങളെ നൽകാൻ കഴിയുമോയെന്നാണ് യുഎസ് ആർമി റിസർവ് പരിശോധിക്കുന്നത്. പോലീസ് സേന, മെഡിക്കൽ സംഘങ്ങൾ, ലോജിസ്റ്റിക്സ്, എൻജിനീയറിങ് വിഭാഗങ്ങൾ തുടങ്ങിയവയുടെ ലഭ്യത സംബന്ധിച്ചാണ് വിവരങ്ങൾ തേടിയത്.
ക്യൂബയെ സന്ദേശത്തിൽ നേരിട്ട് പരാമർശിച്ചിട്ടില്ല. എന്നാൽ ക്യൂബയെ കേന്ദ്രീകരിച്ചുള്ള യുഎസ് സൈനിക ആസൂത്രണത്തിന്റെ തുടർച്ചയായാണ് പുതിയ നീക്കമെന്ന് ഔദ്യോഗിക വിവരങ്ങൾ പുറത്തുവിടാൻ അധികാരമില്ലാത്തതിനാൽ പേര് വെളിപ്പെടുത്താത്ത നിരവധി യുഎസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ക്യൂബയിൽ രാഷ്ട്രീയ പരിഷ്കാരങ്ങൾ നടപ്പാക്കാൻ ട്രംപ് ഭരണകൂടം കടുത്ത സാമ്പത്തിക സമ്മർദം തുടരുന്നതിനിടെയാണ് സൈനിക ആസൂത്രണവുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങൾ പുറത്തുവരുന്നത്. സതേൺ കമാൻഡിന് കീഴിലുള്ള മേഖലയിൽ എത്ര സൈനികരെ ആവശ്യമുണ്ടാകുമെന്നോ അവരെ എവിടേക്ക് അയയ്ക്കുമെന്നോ ഏത് ദൗത്യത്തിനാണ് വിന്യസിക്കുകയെന്നോ സംബന്ധിച്ച വിവരങ്ങൾ നിലവിലെ സന്ദേശത്തിലില്ല.
സതേൺ കമാൻഡിന്റെ അധികാരപരിധിയിൽ ഉപയോഗിക്കാവുന്ന ആറ് തരത്തിലുള്ള സേനാ വിഭാഗങ്ങളുടെ ലഭ്യത സംബന്ധിച്ച് കീഴുദ്യോഗസ്ഥ കമാൻഡുകളിൽനിന്ന് ആർമി റിസർവ് ആസ്ഥാനം വിവരങ്ങൾ തേടിയിട്ടുണ്ട്. അടുത്ത 90 മുതൽ 120 ദിവസത്തിനുള്ളിൽ ഈ യൂണിറ്റുകൾ ആവശ്യമായി വന്നേക്കാമെന്നും സെപ്റ്റംബർ 25നകം മറുപടി നൽകണമെന്നും നിർദേശത്തിൽ പറയുന്നു.
ഗതാഗതം, അറ്റകുറ്റപ്പണി, ഇന്ധന വിതരണം തുടങ്ങിയ ലോജിസ്റ്റിക്സ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന കോംബാറ്റ് സസ്റ്റെയ്ൻമെന്റ് സപ്പോർട്ട് ബറ്റാലിയൻ, എൻജിനീയർ ബറ്റാലിയൻ എന്നിവയാണ് പരിഗണിക്കുന്ന വിഭാഗങ്ങളിൽ ഉൾപ്പെടുന്നത്. പ്രവർത്തന മേഖലയിലെ ലോജിസ്റ്റിക്സ് സംവിധാനങ്ങളുടെ മേൽനോട്ടം വഹിക്കുന്ന എക്സ്പെഡിഷണറി സസ്റ്റെയ്ൻമെന്റ് കമാൻഡിനെയും പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
മെഡിക്കൽ വിഭാഗങ്ങളിൽ മെഡിക്കൽ ബ്രിഗേഡും അടിയന്തര ശസ്ത്രക്രിയയും ട്രോമ കെയറും നൽകുന്ന ഫോർവേഡ് റെസ്യൂസിറ്റേറ്റീവ് ആൻഡ് സർജിക്കൽ ഡിറ്റാച്ച്മെന്റുമുണ്ട്. സുരക്ഷ, തടങ്കൽ തുടങ്ങിയ നിയമപാലക ദൗത്യങ്ങൾക്കായി മിലിട്ടറി പോലീസ് ബ്രിഗേഡിനെയും ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാൽ നിലവിൽ ഈ സേനാ വിഭാഗങ്ങൾക്കൊന്നും വിന്യാസ ഉത്തരവ് നൽകിയിട്ടില്ലെന്നാണ് രേഖകളിലുള്ളത്. സൈനിക വിഭാഗങ്ങളുടെ ലഭ്യത പരിശോധിക്കുന്നത് ഭാവിയിലെ ആവശ്യങ്ങൾക്കായുള്ള ആസൂത്രണത്തിന്റെ ഭാഗമാണെന്നും രേഖകൾ വ്യക്തമാക്കുന്നു.
















