Caritas hospital

ട്രംപിനെ അനുകരിച്ച് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി; വൻ ട്രേഡ് യുദ്ധത്തിനിടെ വൈറലായി ‘അക്കോർഡിയൻ ഹാന്‍റ്സ്’ പരിഹാസം

ട്രംപിനെ അനുകരിച്ച് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി; വൻ ട്രേഡ് യുദ്ധത്തിനിടെ വൈറലായി ‘അക്കോർഡിയൻ ഹാന്‍റ്സ്’ പരിഹാസം

ഒട്ടാവ: കാനഡയും അമേരിക്കയും തമ്മിലുള്ള വ്യാപാര തർക്കങ്ങൾ രൂക്ഷമായി തുടരുന്നതിനിടെ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പ്രസംഗ ശൈലിയെയും കൈകളുടെ ചലനങ്ങളെയും പരസ്യമായി പരിഹസിച്ച് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി. ഒട്ടാവയിൽ നടന്ന ചടങ്ങിൽ സംസാരിക്കവെയാണ് ട്രംപിന്റെ പ്രശസ്തമായ ‘അക്കോർഡിയൻ ഹാന്‍റ്സ്’ (Accordion hands) രീതിയെ കാർണി അനുകരിച്ചത്. സദസ്സിൽ നിന്ന് വൻ ചിരിയും കയ്യടിയുമാണ് ഈ നീക്കത്തിന് ലഭിച്ചത്.

70 ശതകോടി കനേഡിയൻ ഡോളറിന്‍റെ ഹരിത ഊർജ്ജ പദ്ധതിയെക്കുറിച്ച് വിശദീകരിക്കവേയാണ് 61-കാരനായ കാർണി ട്രംപിനെ അനുകരിച്ചത്. ഈ നിക്ഷേപം 18 ഹൂവർ ഡാമുകൾക്ക് തുല്യമാണെന്ന് പറഞ്ഞുകൊണ്ട് ട്രംപ് സാധാരണ പ്രസംഗിക്കുമ്പോൾ കൈകൾ മുന്നോട്ടും പിന്നോട്ടും ചലിപ്പിക്കുന്ന രീതി കാർണി അനുകരിക്കുകയായിരുന്നു. ഇതാദ്യമായല്ല കാർണി ട്രംപിനെ പരസ്യമായി പരിഹസിക്കുന്നത്. മുൻപ് വൈറ്റ് ഹൗസ് സന്ദർശന വേളയിൽ ട്രംപ് തനിക്ക് സ്വർണ്ണ താക്കോൽ നൽകിയ സംഭവവും അന്ന് ട്രംപ് സംസാരിച്ച ശൈലിയും കാർണി സമാനമായി അനുകരിച്ചിരുന്നു.

അമേരിക്കയുമായുള്ള വ്യാപാര ചർച്ചകൾ ഓഗസ്റ്റിൽ പരാജയപ്പെട്ടതിനെ തുടർന്ന് കനേഡിയൻ ഉത്പന്നങ്ങൾക്ക് യുഎസ് 50 ശതമാനം വരെ ഇറക്കുമതി തീരുവ ഏർപ്പെടുത്തിയിരുന്നു. ഇതിന് തിരിച്ചടിയായി സെപ്റ്റംബർ 8 മുതൽ അമേരിക്കൻ ഉത്പന്നങ്ങൾക്ക് കാനഡയും കടുത്ത തീരുവ ചുമത്തിയിട്ടുണ്ട്. അമേരിക്കയുമായുള്ള ബന്ധം വരിഞ്ഞുമുറുകുന്ന പശ്ചാത്തലത്തിൽ, യൂറോപ്യൻ യൂണിയനുമായി കൂടുതൽ സഹകരിച്ചു മുന്നോട്ടുപോകാനാണ് കാനഡ ശ്രമിക്കുന്നത്. ട്രംപിന്‍റെ നയങ്ങൾക്കെതിരെ യൂറോപ്പുമായി ചേർന്നുള്ള പുതിയ സാമ്പത്തിക തന്ത്രങ്ങൾ മെനയുകയാണ് കാനഡ.

Share Email
Top