Caritas hospital

വ്യാജ ഒസെംപിക് വില്‍പ്പന; യുഎസില്‍ രണ്ട് ഇന്ത്യക്കാര്‍ക്കെതിരെ കേസ്

വ്യാജ ഒസെംപിക് വില്‍പ്പന; യുഎസില്‍ രണ്ട് ഇന്ത്യക്കാര്‍ക്കെതിരെ കേസ്

വാഷിംഗ്ടണ്‍: പ്രമേഹത്തിനും ശരീരഭാരം കുറയ്ക്കുന്നതിനും ഉപയോഗിക്കുന്ന മരുന്നായ ഒസെംപിക്കിന്റെ വ്യാജ പതിപ്പ് ചൈനയില്‍നിന്ന് കടത്തിക്കൊണ്ടുവന്ന് യുഎസില്‍ വില്‍പ്പന നടത്തിയെന്നാരോപിച്ച് രണ്ട് ഇന്ത്യക്കാര്‍ക്കെതിരെ കേസ്. സ്വപ്നദീപ് റോയ്, വിക്കി രമന്‍ച എന്നിവര്‍ക്കെതിരെയാണ് യുഎസ് നീതിന്യായ വകുപ്പ് കുറ്റം ചുമത്തിയത്. ചൈനയില്‍നിന്ന് വ്യാജ ഒസെംപിക് വാങ്ങി കുറഞ്ഞ വിലയ്ക്ക് യുഎസിലെ വിതരണക്കാര്‍ക്ക് വിറ്റതായാണ് ഫ്‌ലോറിഡയിലെ മിഡില്‍ ഡിസ്ട്രിക്റ്റ് ഫെഡറല്‍ ഗ്രാന്‍ഡ് ജൂറിയുടെ കുറ്റപത്രത്തിലെ ആരോപണം.

ഇറ്റലിയില്‍നിന്ന് യുഎസിലേക്ക് കൈമാറിയ റോയ് ടാമ്പയിലെ കോടതിയില്‍ ഹാജരായപ്പോള്‍ കുറ്റം നിഷേധിച്ചു. അതേസമയം രമന്‍ച ഇപ്പോഴും ഒളിവിലാണെന്നാണ് യുഎസ് നീതിന്യായ വകുപ്പ് അറിയിച്ചത്. കുറ്റം തെളിഞ്ഞാല്‍ ഇരുവര്‍ക്കും പരമാവധി 71 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

2023 ജൂലൈ മുതല്‍ 2024 ഏപ്രില്‍ വരെയുള്ള കാലയളവിലാണ് റോയിയും രമന്‍ചയും ചൈനയിലെ അനധികൃത ഉറവിടങ്ങളില്‍നിന്ന് വ്യാജ ഒസെംപിക് വാങ്ങിയതെന്നാണ് കോടതി രേഖകള്‍ വ്യക്തമാക്കുന്നത്. യഥാര്‍ഥ ഒസെംപിക് തന്നെയാണെന്ന് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതിനായി മരുന്നിന്റെ പാക്കേജിങ്, ഉപയോഗ നിര്‍ദേശങ്ങള്‍, പേനയിലെ ലേബലുകള്‍, സൂചികള്‍ എന്നിവയുള്‍പ്പെടെയുള്ളവ വ്യാജമായി തയാറാക്കിയിരുന്നുവെന്നാണ് ആരോപണം. യുഎസില്‍ യഥാര്‍ഥ ഒസെംപിക്കിന് രോഗികള്‍ പ്രതിമാസം നൂറുകണക്കിന് ഡോളര്‍ വരെ ചെലവഴിക്കേണ്ടിവരുന്ന സാഹചര്യത്തിലാണ് വ്യാജ മരുന്നുകള്‍ വിപണിയിലെത്തിച്ചതെന്നും അധികൃതര്‍ പറഞ്ഞു.

2023 ഡിസംബറില്‍ യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ ചില വ്യാജ ഒസെംപിക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുക്കുകയും ഇതുസംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തതിന് ശേഷവും തട്ടിപ്പ് തുടര്‍ന്നുവെന്നാണ് നീതിന്യായ വകുപ്പിന്റെ ആരോപണം. വ്യാജ മരുന്നുകള്‍ കടത്തിയതിനും വില്‍പ്പന നടത്തിയതിനും അമേരിക്കയെ വഞ്ചിക്കാന്‍ ഗൂഢാലോചന നടത്തിയതിനുമാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത്. വ്യാജ കുറിപ്പടി മരുന്നുകള്‍ അമേരിക്കന്‍ ഉപഭോക്താക്കളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും വലിയ ഭീഷണിയാണെന്ന് നീതിന്യായ വകുപ്പിലെ ക്രിമിനല്‍ വിഭാഗം അസിസ്റ്റന്റ് അറ്റോര്‍ണി ജനറല്‍ എ. ടൈസണ്‍ ദുവ പറഞ്ഞു.

അമേരിക്കയിലെ മരുന്ന് വിതരണ ശൃംഖലയില്‍ വ്യാജ മരുന്നുകള്‍ എത്തിക്കുന്നത് അനുവദിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. രാജ്യത്തെ മൊത്തവിതരണ മരുന്ന് വിപണി കര്‍ശനമായി നിയന്ത്രിക്കപ്പെടുന്നുണ്ടെങ്കിലും ഈ സുരക്ഷാ സംവിധാനങ്ങളെ മറികടന്ന് വ്യാജ മരുന്നുകള്‍ വിപണിയിലെത്തിക്കുന്നത് ഉപഭോക്താക്കള്‍ക്ക് ഗുരുതരമായ അപകടമുണ്ടാക്കുമെന്ന് എഉഅ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍സ് വിഭാഗം അസിസ്റ്റന്റ് കമ്മീഷണര്‍ ജസ്റ്റിന്‍ ഗ്രീന്‍ പറഞ്ഞു. ഇന്റര്‍പോള്‍ റെഡ് നോട്ടീസിന്റെ അടിസ്ഥാനത്തില്‍ റോയിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ അദ്ദേഹത്തെ കസ്റ്റഡിയില്‍ തുടരാന്‍ യുഎസ് നീതിന്യായ വകുപ്പിന്റെ അന്താരാഷ്ട്രകാര്യ വിഭാഗം നടപടി സ്വീകരിക്കുകയും ഇറ്റലിയില്‍നിന്നുള്ള കൈമാറ്റത്തിനായി ഔദ്യോഗിക അപേക്ഷ നല്‍കുകയും ചെയ്തു.


Case filed against two Indians in the US over sale of counterfeit Ozempic.

Share Email
Top