swayamvara
pulimoottil

ഷിക്കാഗോ സോഷ്യല്‍ ക്ലബ് ഓണാഘോഷം; കേരളത്തില്‍ നിന്നുള്ള ജനപ്രതിനിധികള്‍ അതിഥികളായി

ഷിക്കാഗോ സോഷ്യല്‍ ക്ലബ് ഓണാഘോഷം; കേരളത്തില്‍ നിന്നുള്ള ജനപ്രതിനിധികള്‍ അതിഥികളായി

അനില്‍ മറ്റത്തിക്കുന്നേല്‍

ഷിക്കാഗോ: ഷിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ ഈ വര്‍ഷത്തെ ഓണാഘോഷം വിവിധ കലാ-സാംസ്‌കാരിക പരിപാടികളോടെ വിപുലമായി സംഘടിപ്പിച്ചു. കേരളത്തില്‍ നിന്നെത്തിയ പ്രമുഖ ജനപ്രതിനിധികളുടെ സാന്നിധ്യം ആഘോഷത്തിന് കൂടുതല്‍ തിളക്കമേകി.

കേരള ആഭ്യന്തര വകുപ്പ് മന്ത്രി രമേശ്‌ ചെന്നിത്തല, ജലവിഭവ വകുപ്പ് മന്ത്രി മോന്‍സ് ജോസഫ്, രാജ്യസഭാംഗം ജോസ് കെ. മാണി, ആലുവ എം.എല്‍.എ. അന്‍വര്‍ സാദത്ത്, മുന്‍ മന്ത്രി പന്തളം സുധാകരന്‍ തുടങ്ങിയവര്‍ ആഘോഷങ്ങളില്‍ പങ്കെടുത്തു.

ലോകത്തിന്റെ ഏത് ഭാഗത്തായാലും മലയാളികള്‍ ഒരുമിച്ച് ഓണം ആഘോഷിക്കുന്നത് കേരളത്തിന്റെ സംസ്‌കാരവും ഐക്യവും ഉയര്‍ത്തിപ്പിടിക്കുന്നതാണെന്ന് രമേശ്‌ചെന്നിത്തല പറഞ്ഞു. പ്രവാസി മലയാളികളുടെ കൂട്ടായ്മകളില്‍ ഷിക്കാഗോ സോഷ്യല്‍ ക്ലബ് ശ്രദ്ധേയമായ സ്ഥാനമാണ് വഹിക്കുന്നതെന്നും, ക്ലബ് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര വടംവലി മത്സരം സമ്മാനത്തുകയിലും ജനപങ്കാളിത്തത്തിലും ലോകശ്രദ്ധ നേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ ലഹരിക്കെതിരെ ശക്തമായ നടപടികളുമായി മുന്നോട്ടുപോകുന്ന ഓപ്പറേഷന്‍ തൂഫാന്‍ പദ്ധതിയുടെ രണ്ടാംഘട്ടം ഗ്രാമപഞ്ചായത്ത് തലത്തിലേക്ക് വ്യാപിപ്പിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. മയക്കുമരുന്നിനെതിരെയുള്ള പോരാട്ടത്തില്‍ പൊലീസിനൊപ്പം പൊതുജനങ്ങളും സജീവമായി പങ്കാളികളാകണമെന്ന് അഭ്യര്‍ത്ഥിച്ച അദ്ദേഹം, സംസ്ഥാനത്ത് വന്‍തോതില്‍ മയക്കുമരുന്ന് പിടിച്ചെടുത്തതായും വ്യക്തമാക്കി.

ഷിക്കാഗോ സോഷ്യല്‍ ക്ലബ് ശക്തവും മാതൃകാപരവുമായ പ്രവാസി കൂട്ടായ്മയാണെന്ന് മന്ത്രി മോന്‍സ് ജോസഫ് പറഞ്ഞു. ക്ലബ്ബിന്റെ ഓണാഘോഷത്തിലും അന്താരാഷ്ട്ര വടംവലി മത്സരത്തിലും പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും പ്രവാസി മലയാളികളെയും കേരളത്തിന്റെ വികസന പ്രവര്‍ത്തനങ്ങളെയും കൂടുതല്‍ അടുത്ത് ബന്ധിപ്പിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ഓണം മലയാളികള്‍ക്ക് വെറുമൊരു ആഘോഷമല്ല, പരസ്പര സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും ഓര്‍മ്മപ്പെടുത്തലാണെന്ന് ജോസ് കെ. മാണി എം.പി. പറഞ്ഞു. ഒരു കുടുംബം പോലെ പ്രവര്‍ത്തിക്കുന്നതാണ് ഷിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ വിജയത്തിന്റെ പ്രധാന കാരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ലഹരി വ്യാപനത്തിന് പുതിയ സാങ്കേതിക മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്ന സാഹചര്യത്തില്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണെന്നും കേരളത്തിലെ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് മറ്റ് സംസ്ഥാനങ്ങള്‍ പോലും പ്രാധാന്യം നല്‍കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഷിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ കൂട്ടായ്മ ഇനിയും കൂടുതല്‍ ശക്തമായി മുന്നോട്ടുപോകട്ടെയെന്ന് അന്‍വര്‍ സാദത്ത് എം.എല്‍.എ. ആശംസിച്ചു. ലഹരിക്കെതിരെയുള്ള സര്‍ക്കാര്‍ പദ്ധതികള്‍ക്ക് പൊതുസമൂഹത്തിന്റെ പൂര്‍ണ പിന്തുണ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

വടംവലിക്ക് പ്രത്യേക പ്രാധാന്യം നല്‍കി ഓണാഘോഷം സംഘടിപ്പിക്കുന്നതിലൂടെ ഷിക്കാഗോ സോഷ്യല്‍ ക്ലബ് പ്രവാസലോകത്ത് വേറിട്ട മാതൃക സൃഷ്ടിച്ചിരിക്കുകയാണെന്ന് മുന്‍ മന്ത്രി പന്തളം സുധാകരന്‍ അഭിപ്രായപ്പെട്ടു. കേരളത്തിലെ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമായി മുന്നോട്ടുപോകണമെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ ഷിക്കാഗോ സോഷ്യല്‍ ക്ലബ് പ്രസിഡന്റ് റൊണാള്‍ഡ് പൂക്കുമ്പേല്‍ അതിഥികളെ സ്വാഗതം ചെയ്തു. ലഹരിക്കെതിരെയുള്ള ഓപ്പറേഷന്‍ തൂഫാന്‍ പദ്ധതിക്ക് ഷിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ പിന്തുണ പ്രഖ്യാപിച്ച അദ്ദേഹം പദ്ധതിക്ക് നേതൃത്വം നല്‍കുന്ന രമേഷ് ചെന്നിത്തലയെ അഭിനന്ദിച്ചു.

തുടര്‍ന്ന് ക്ലബ് ഭാരവാഹികളും ജനപ്രതിനിധികളും ചേര്‍ന്ന് രമേഷ് ചെന്നിത്തലയെ പൊന്നാട അണിയിച്ച് ആദരിച്ചു. ഷിക്കാഗോയിലെ സാമൂഹിക രംഗത്ത് ദീര്‍ഘകാലമായി സജീവമായും കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി ഷിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ അന്താരാഷ്ട്ര വടംവലി ടൂര്‍ണമെന്റിന് നേതൃത്വം നല്‍കുകയും ചെയ്യുന്ന ടൂര്‍ണമെന്റ് കമ്മിറ്റി ചെയര്‍മാന്‍ സിറിയക് കൂവക്കാട്ടിലിനെയും ചടങ്ങില്‍ പൊന്നാട അണിയിച്ച് ആദരിച്ചു.

ഷിക്കാഗോ സോഷ്യല്‍ ക്ലബ് പ്രസിഡന്റ് റൊണാള്‍ഡ് പൂക്കുമ്പേല്‍, വൈസ് പ്രസിഡന്റ് സണ്ണി ഇണ്ടിക്കുഴി, സെക്രട്ടറി രാജു മാനുങ്കല്‍, ട്രഷറര്‍ ബിജോയി കാപ്പന്‍, ജോയിന്റ് സെക്രട്ടറി തോമസ് പൂത്തേത്ത് , പി.ആര്‍.ഒ. അനില്‍ മറ്റത്തിക്കുന്നേല്‍ , സാജു കണ്ണമ്പള്ളി ഉള്‍പ്പെടെയുള്ള കമ്മിറ്റി അംഗങ്ങള്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

കേരളത്തിന്റെ പാരമ്പര്യവും പ്രവാസി മലയാളികളുടെ കൂട്ടായ്മയും ഒരേ വേദിയില്‍ സംഗമിച്ച ഷിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ ഓണാഘോഷം പങ്കെടുത്തവര്‍ക്ക് അവിസ്മരണീയ അനുഭവമായി മാറി.

Chicago Social Club Onam Celebration; Elected Representatives from Kerala Attend as Guests

Share Email
LATEST excelnclexrn
More Articles
Top