വാഷിങ്ടണ്‍: മുടിയുടെ സ്‌റ്റൈല്‍ യുഎസ് സൈനിക ചട്ടങ്ങള്‍ക്ക് അനുസൃതമാണോ എന്നതിനെച്ചൊല്ലിയുണ്ടായ വാക്കുതര്‍ക്കത്തിനിടെ സഹപ്രവര്‍ത്തകന് നേരെ തോക്ക് ചൂണ്ടിയെന്ന ആരോപണത്തില്‍ വാഷിങ്ടണില്‍ നാഷണല്‍ ഗാര്‍ഡ് അംഗം അറസ്റ്റില്‍. സിയോണ്‍ മിച്ചലാണ് അറസ്റ്റിലായത്. വാഷിങ്ടണ്‍ ഡിസിയില്‍ സുരക്ഷാ ചുമതലകള്‍ക്കായി നിയോഗിച്ച നാഷണല്‍ ഗാര്‍ഡ് സംഘത്തിലെ അംഗമാണ് മിച്ചല്‍ ഓഗസ്റ്റ് 25ന് പട്രോളിങ്ങിനിടെ ഇടവേളയില്‍ രണ്ട് ഗാര്‍ഡ് അംഗങ്ങളും തമ്മില്‍ മുടിയുടെ സ്‌റ്റൈലുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായത്.
വാക്കുതര്‍ക്കത്തിനിടെ മിച്ചല്‍ സഹപ്രവര്‍ത്തകയ്ക്ക് നേരെ തോക്ക് ചൂണ്ടിയെന്നാണ് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നത്. ഇരുവരും പലതവണ പരസ്പരം വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടു. സഹപ്രവര്‍ത്തക മിച്ചലിനോട് മിണ്ടാതിരിക്കാന്‍ ആവശ്യപ്പെട്ടതിന് പിന്നാലെ തോക്കിന്റെ ഹോള്‍സ്റ്റര്‍ തുറക്കുന്ന ശബ്ദം കേട്ടതായി അവര്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. മറ്റൊരു ഗാര്‍ഡ് അംഗം മിച്ചല്‍ തോക്ക് പുറത്തെടുത്ത് പരാതിക്കാരിയുടെ ദിശയിലേക്ക് ചൂണ്ടുന്നത് കണ്ടതായും കോടതിയില്‍ നല്‍കിയ മൊഴിയില്‍ വ്യക്തമാക്കുന്നു.
എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥരോട് മിച്ചല്‍ നല്‍കിയ മൊഴിയില്‍, താന്‍ വെസ്റ്റിന്റെ പോക്കറ്റില്‍നിന്ന് പിസ്റ്റള്‍ മാഗസിന്‍ പുറത്തെടുത്ത് സഹപ്രവര്‍ത്തകയ്ക്ക് നേരെ ചൂണ്ടിയത് തമാശയുടെ ഭാഗമായിരുന്നുവെന്നാണ് പറഞ്ഞത്. കേസിന്റെ ഗൗരവം കണക്കിലെടുത്ത് മിച്ചലിനെ കസ്റ്റഡിയില്‍ തുടരാന്‍ കോടതി ഉത്തരവിട്ടു. പ്രാഥമിക വാദം കേള്‍ക്കലില്‍ അദ്ദേഹം കുറ്റം സമ്മതിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല. അടുത്ത കോടതി നടപടികള്‍ സെപ്റ്റംബര്‍ 15ന് നടക്കും.
അതേസമയം, സംഭവത്തില്‍ മിച്ചലിന്റെ അഭിഭാഷകനില്‍നിന്ന് പ്രതികരണം ലഭിച്ചിട്ടില്ല. നാഷണല്‍ ഗാര്‍ഡും വിഷയത്തില്‍ ഉടന്‍ പ്രതികരിച്ചില്ല.
Dispute over hair; National Guard member arrested for pointing gun at colleague.

















