വാഷിങ്ടണ്‍: ടെക്‌സസിലെ ഡാലസിലേക്ക് റിപ്പബ്ലിക്കന്‍ മിഡ്ടേം കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ പുറപ്പെടാനിരിക്കെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ എയര്‍ഫോഴ്‌സ് വണ്ണില്‍ നിന്ന് എമര്‍ജന്‍സി സ്ലൈഡ് അപ്രതീക്ഷിതമായി തുറന്നു. ബുധനാഴ്ച ഉച്ചയ്ക്ക് ജോയിന്റ് ബേസ് ആന്‍ഡ്രൂസില്‍ വച്ചാണ് സംഭവം. ഖത്തര്‍ ഭരണകുടുംബം സമ്മാനിച്ച വിമാനത്തിലായിരുന്നു സ്ലൈഡ് തുറന്നത്.
സംഭവത്തെ തുടര്‍ന്ന് ട്രംപ് ഏകദേശം 20 മിനിറ്റോളം വിമാനത്താവളത്തിലെ റണ്‍വേയില്‍ മറൈന്‍ വണ്ണിനുള്ളില്‍ കാത്തിരുന്നു. എമര്‍ജന്‍സി സ്ലൈഡ് പരിശോധിക്കുകയാണെന്നും ഏകദേശം 15 മിനിറ്റ് സമയമെടുക്കുമെന്നും ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വിമാനം സുരക്ഷിതമായി പറത്താന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ സംഭവത്തെക്കുറിച്ച് വിശദീകരിച്ച ഒരു ഉദ്യോഗസ്ഥന്‍ സൈനിക ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ അബദ്ധത്തെ തുടര്‍ന്നാണ് സ്ലൈഡ് തുറന്നതെന്ന് അറിയിച്ചു.
സുരക്ഷാ ആശങ്കയുണ്ടോയെന്നും സ്ലൈഡ് എന്തിനാണ് പരിശോധിക്കുന്നതെന്നും മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍, അത് കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് പരിശോധനയെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. യാത്രയ്ക്ക് വിമാനം സുരക്ഷിതമാണെന്ന് ഉറപ്പുണ്ടോയെന്ന ചോദ്യത്തിന്, സുരക്ഷിതമല്ലെന്ന് തോന്നിയിരുന്നെങ്കില്‍ താന്‍ വിമാനത്തില്‍ കയറില്ലായിരുന്നുവെന്നും ട്രംപ് പറഞ്ഞു. സാധാരണയായി യാത്രയ്ക്ക് തൊട്ടുമുമ്പ് എമര്‍ജന്‍സി സ്ലൈഡ് തുറന്ന് പരിശോധിക്കാറില്ല. ഒരിക്കല്‍ തുറന്നാല്‍ അത് നീക്കം ചെയ്ത് വീണ്ടും സ്ഥാപിക്കുന്നതിന് സമയമെടുക്കുന്നതാണ് കാരണം.
പിന്നീട് വിമാനത്തില്‍ നിന്ന് സ്ലൈഡ് നീക്കം ചെയ്ത് പിക്കപ്പ് ട്രക്കില്‍ കയറ്റി മാറ്റി. ഇതേസമയം മുന്‍പ് ഉപയോഗിച്ചിരുന്ന എയര്‍ഫോഴ്‌സ് വണ്‍ വിമാനം പുതിയ വിമാനത്തിന് പിന്നില്‍ ബാക്കപ്പ് സംവിധാനമായി എത്തിച്ചിരുന്നു. തുടര്‍ന്ന് ട്രംപ് ഡാലസിലേക്കുള്ള യാത്ര തുടര്‍ന്നു. റിപ്പബ്ലിക്കന്‍ പാര്‍ട്ടി സംഘടിപ്പിക്കുന്ന ആദ്യ മിഡ്ടേം കണ്‍വെന്‍ഷനില്‍ ബുധനാഴ്ച രാത്രി ട്രംപ് മുഖ്യപ്രഭാഷണം നടത്താനിരിക്കുകയായിരുന്നു.
ഖത്തര്‍ രാജകുടുംബം സമ്മാനിച്ച ഏകദേശം 40 കോടി ഡോളര്‍ വിലമതിക്കുന്ന പുതിയ എയര്‍ഫോഴ്‌സ് വണ്ണിനെച്ചൊല്ലി നേരത്തെ തന്നെ രാഷ്ട്രീയ-ധാര്‍മിക ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. ഏകദേശം 14 വര്‍ഷം പഴക്കമുള്ള വിമാനത്തെ ലോകത്തിലെ ഏറ്റവും ആഡംബരമുള്ള വിമാനമെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. വിമാനത്തിന്റെ നവീകരണം പൂര്‍ത്തിയാക്കുന്നതിനായി കൂടുതല്‍ മാറ്റങ്ങള്‍ വരുത്തുമെന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. ഇറാനില്‍ നിന്നുള്ള ഭീഷണികള്‍ നിലനിന്നിരുന്ന സാഹചര്യത്തില്‍ ജൂലൈയില്‍ നാറ്റോ ഉച്ചകോടിയില്‍ നിന്ന് മടങ്ങുന്നതിനിടെ ട്രംപ് രഹസ്യമായി മറ്റൊരു വിമാനത്തിലേക്ക് മാറിയ സംഭവവും നേരത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.
Emergency slide on Trump’s Air Force One deployed unexpectedly; Dallas trip delayed.















