ജിജി ടോം /അക്ഷര
തിരൂര്‍:മലയാളം സര്‍വകലാശാലയും ഫെഡറേഷന്‍ ഓഫ് കേരളാ അസോസിയേഷന്‍ ഇന്‍ നോര്‍ത്ത് അമേരിക്കയും ചേര്‍ന്ന് പദ്ധതികള്‍ക്ക് തുടക്കമിടുന്നു.ഫൊക്കാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ഫിലിപ്പോസ് ഫിലിപ്പിന്റെ ആദ്യ കേരള സന്ദര്‍ശനത്തില്‍ സുപ്രധാനമായ തീരുമാനത്തിന് തുടക്കം കുറിച്ചത്.

അമേരിക്കന്‍ മലയാളി എഴുത്തുകാര്‍ക്കും സാഹിത്യ രചനയില്‍ താല്പര്യമുള്ളവര്‍ക്കും മലയാള ഭാഷയിലും സാഹിത്യത്തിലും രചനാ ശൈലി ഒരുക്കുന്നതിന്റെ ഭാഗമായി മലയാള സര്‍വകലാശാലയുടെ മ്പാഹിത്യ രചന സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് അമേരിക്കയിലും ആരംഭിക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്കാണ് അദ്ദേഹം തുടക്കമിട്ടത്. ഫൊക്കാനയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. കഴിഞ്ഞ ദിവസം മലയാളം സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സി ആര്‍ പ്രസാദുമായി നടന്ന ചര്‍ച്ചയിലാണ് പദ്ധതിക്ക് തുടക്കമിടാന്‍ തീരുമാനിച്ചത്.
അമേരിക്കയിലെ മലയാളി എഴുത്തുകാര്‍ക്കും സാഹിത്യത്തില്‍ താല്‍പര്യമുള്ളവര്‍ക്കുമായി സമകാലിക സാഹിത്യരചനയെ പരിചയപ്പെടുത്തുന്ന കോഴ്‌സ് ആരംഭിക്കാനാണ് ആലോചിക്കുന്നത്. എഴുത്തുകാര്‍ക്ക് മാത്രമല്ല, സാഹിത്യത്തില്‍ താല്‍പര്യമുള്ള സാധാരണക്കാര്‍ക്കും കോഴ്‌സില്‍ പങ്കെടുക്കാം. ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ, പ്രത്യേകിച്ച് സൂം മീറ്റിംഗുകള്‍ വഴി ക്ലാസുകള്‍ സംഘടിപ്പിച്ച് സര്‍ട്ടിഫൈഡ് കോഴ്‌സായി ഇത് വികസിപ്പിക്കാനാകുമെന്ന് വൈസ് ചാന്‍സലര്‍ ഡോ. സി. ആര്‍. പ്രസാദ് അറിയിച്ചു. കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്യും.
കൂടാതെ സര്‍വകലാശാലയുടെ വിവിധ അക്കാദമിക് പ്രവര്‍ത്തനങ്ങളില്‍ അമേരിക്കന്‍ മലയാളി എഴുത്തുകാര്‍ , വിവിധ രംഗങ്ങളില്‍ പ്രശോഭിക്കുന്നവര്‍ എന്നിവരുടെ കൂടുതല്‍ പങ്കാളിത്തം ഉറപ്പാക്കുന്നതിനുള്ള സാധ്യതകളും പരിശോധിക്കും. ഇതിനായി പ്രത്യേക കമ്മിറ്റിക്ക് രൂപം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. ഈ പദ്ധതിയുടെ ധാരണാപത്രം 2027 ജനുവരി ആദ്യവാരം ഒപ്പു വെയ്ക്കും. മലയാളം സര്‍വ്വകലാശാല രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് ഡോ. എം ജി മല്ലിക , ഐ ക്യൂ എ.സി ഡയറക്ടര്‍ ഡോ. ജി സജിന , ഡോ ആര്‍ വിദ്യ , ഡോ. എ അന്‍വര്‍ , കെ.പി രാമനുണ്ണി , മാധ്യമ പ്രവര്‍ത്തകന്‍ അനില്‍ പെണ്ണുക്കര , ബി ഹരികുമാര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
FOKANA and Malayalam University join hands; a creative writing program for Malayalis in America.














