വാഷിംഗ്ടൺ: ട്രംപിന്‍റെ മീഡിയ വിലക്കിനെതിരെ ഫോക്സ് ന്യൂസും രംഗത്ത്. മാധ്യമസ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമെന്നാണ് ഫോക്സ് ന്യൂസ് ഭരണകൂട നടപടിയെ വിശേഷിപ്പിച്ചത്. സിഎൻഎന്നിന് ഐക്യദാർഢ്യവും പ്രഖ്യാപിച്ചു. വൈറ്റ് ഹൗസിൽ നിന്നുള്ള പുതിയ മാധ്യമ വിലക്ക് അമേരിക്കയിൽ വലിയ ചർച്ചയാകുകയാണ്. ‘വ്യാജ വാർത്തകൾ’ നൽകുന്നു എന്നാരോപിച്ച് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് സിഎൻഎൻ, എംഎസ് നൗ, പൊളിറ്റിക്കോ എന്നീ മാധ്യമങ്ങളെയാണ് വൈറ്റ് ഹൗസിൽ നിന്ന് വിലക്കിയിരിക്കുന്നത്. എന്നാൽ ഈ വിലക്കിനെതിരെ അമേരിക്കയിലെ പ്രധാന ടിവി നെറ്റ്‌വർക്കുകളായ എബിസി, സിബിഎസ്, എൻബിസി എന്നിവയ്ക്കൊപ്പം ഫോക്സ് ന്യൂസും രംഗത്ത് വന്നിരിക്കുകയാണ്.
അതേസമയം, പ്രമുഖ മാധ്യമസ്ഥാപനങ്ങളായ സിഎൻഎൻ, എംഎസ് നൗ, പൊളിറ്റിക്കോ എന്നിവയുടെ വൈറ്റ് ഹൗസ് പ്രവേശനാനുമതി റദ്ദാക്കിയ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ നടപടിക്കെതിരെ യുഎസ് ഡിസ്ട്രിക്റ്റ് കോടതിയിൽ മാധ്യമങ്ങൾ സംയുക്ത ഹർജി നൽകിയിട്ടുണ്ട്. അഭിപ്രായസ്വാതന്ത്ര്യവും പത്രസ്വാതന്ത്ര്യവും ഉറപ്പുനൽകുന്ന ഭരണഘടനയുടെ ഒന്നാം ഭേദഗതിയുടെ കടുത്ത ലംഘനമാണ് ഈ വിലക്കെന്ന് ആരോപിച്ചാണ് മാധ്യമങ്ങൾ നിയമപോരാട്ടത്തിന് ഇറങ്ങിയിരിക്കുന്നത്.
വാർത്തകളുടെ പേരിൽ മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തുന്നത് സ്വതന്ത്ര പത്രപ്രവർത്തനത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് മൂന്ന് മാധ്യമസ്ഥാപനങ്ങളും പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. തങ്ങളുടെ മാധ്യമപ്രവർത്തകരുടെ പ്രസ് പാസുകൾ പെട്ടെന്ന് റദ്ദാക്കിയ നടപടിക്ക് നിയമപരമായ സാധുതയില്ലെന്നും അടിയന്തിരമായി വിലക്ക് നീക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. കൂടുതൽ മാധ്യമങ്ങൾക്ക് ഭാവിയിൽ വിലക്കേർപ്പെടുത്തിയേക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
















