Caritas hospital

ടെക്സസിൽ കുടിയേറ്റ വിരുദ്ധ പരിശോധനയ്ക്കിടെ വെടിവെപ്പ്; വെനസ്വേലൻ യുവാവിന് ഗുരുതര പരിക്ക്, ഐസിഇ കസ്റ്റഡിയിലെന്ന് റിപ്പോർട്ട്

ടെക്സസിൽ കുടിയേറ്റ വിരുദ്ധ പരിശോധനയ്ക്കിടെ വെടിവെപ്പ്; വെനസ്വേലൻ യുവാവിന് ഗുരുതര പരിക്ക്, ഐസിഇ കസ്റ്റഡിയിലെന്ന് റിപ്പോർട്ട്

ടെക്സസ്: അമേരിക്കയിലെ ടെക്സസിലുള്ള ഓസ്റ്റിനിൽ ഫെഡറൽ ഇമിഗ്രേഷൻ ഉദ്യോഗസ്ഥൻ നടത്തിയ വെടിവെപ്പിൽ 28-കാരനായ വെനസ്വേലൻ സ്വദേശിക്ക് ഗുരുതരമായി പരിക്കേറ്റു. ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ നഗരത്തിന്‍റെ വടക്കൻ മേഖലയിലാണ് സംഭവം നടന്നത്. ഡോർഡാഷ് ഡെലിവറി ജീവനക്കാരനായ വിൽബർ റഫേൽ ഗാർസെസ് പെരസ് എന്ന യുവാവിനാണ് വയറ്റിൽ വെടിയേറ്റത്.

ഡെലിവറി ജോലിയിൽ ഏർപ്പെട്ടിരിക്കെയാണ് ഇയാൾ ആക്രമിക്കപ്പെട്ടതെന്ന് അഭിഭാഷകയും സ്ഥാപനവും സ്ഥിരീകരിച്ചു. വെടിയേറ്റതിന് തൊട്ടുപിന്നാലെ കാറിൽ നിന്ന് പെരസ് ഭാര്യയെ വിളിച്ച് വേദനിയാൽ നിലവിളിച്ചതായി ഇയാളുടെ അഭിഭാഷക കേറ്റ് ലിങ്കൺ-ഗോൾഡ്ഫിഞ്ച് വ്യക്തമാക്കി. ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവിന്‍റെ നില നിലവിൽ ഗുരുതരമാണെങ്കിലും തൃപ്തികരമാണെന്ന് ഓസ്റ്റിൻ മേയർ കർക്ക് വാട്സൺ അറിയിച്ചു.

ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം പെരസിനെ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്‍റിന്‍റെ കസ്റ്റഡിയിലേക്ക് മാറ്റിയതായി ഇയാളുടെ അഭിഭാഷക സംശയം പ്രകടിപ്പിച്ചു. അതേസമയം, ഇയാളെ കാണാനോ അവസ്ഥയെക്കുറിച്ച് വ്യക്തത നൽകാനോ ഉദ്യോഗസ്ഥർ കുടുംബത്തിന് അനുവാദം നൽകിയിട്ടില്ല. നാടുകടത്തൽ ഉത്തരവുള്ള അനധികൃത കുടിയേറ്റക്കാരനായ വെനസ്വേലൻ സ്വദേശിയെ പിടികൂടാനുള്ള ശ്രമത്തിനിടയിലാണ് വെടിവെപ്പ് ഉണ്ടായതെന്ന് ഫെഡറൽ ഇന്റലിജൻസ് വൃത്തങ്ങൾ അറിയിച്ചു.

എന്നാൽ ഇയാൾ നിയമപരമായാണ് രാജ്യത്ത് പ്രവേശിച്ചതെന്ന് അഭിഭാഷക അവകാശപ്പെട്ടു. ഐസിഇ ഉദ്യോഗസ്ഥൻ പെരസിന്‍റെ കാറിൽ ഇടിച്ച ശേഷം വാഹനത്തിൽ നിന്ന് പുറത്തിറങ്ങി അഞ്ച് തവണ വെടിയുതിർക്കുകയായിരുന്നുവെന്ന് സിറ്റി കൗൺസിൽ അംഗം മൈക്ക് സിഗൽ ആരോപിച്ചു. സംഭവത്തിൽ തങ്ങൾ ഉൾപ്പെട്ടിട്ടില്ലെന്നും ഹോംലാന്റ് സെക്യൂരിറ്റി ഇൻവെസ്റ്റിഗേഷൻസുമായി ചേർന്ന് കൂടുതൽ അന്വേഷണം നടത്തുകയാണെന്നും ഓസ്റ്റിൻ പൊലീസ് വ്യക്തമാക്കി.

Share Email
LATEST excelnclexrn
More Articles
Top