വാഷിംഗ്ടൺ: കുടിയേറ്റക്കാരെ തടങ്കലിൽ പാർപ്പിക്കാനുള്ള സൗകര്യങ്ങൾ വിപുലീകരിക്കുന്നതിനായി ഡോണൾഡ് ട്രംപ് ഭരണകൂടം വൻതോതിൽ പണം ചെലവഴിച്ചതായി ഫെഡറൽ രേഖകൾ. ട്രംപ് ഭരണകാലത്ത് ഒരു ദിവസം ഐസിഇ ചെലവഴിച്ച തുക മുൻകാലങ്ങളിലെ ഏതൊരു ദിവസത്തേക്കാളും ഉയർന്നതായിരുന്നുവെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്.
തടങ്കൽ കേന്ദ്രങ്ങൾ സ്വന്തമാക്കുന്നതിനായി ഷിക്കാഗോ ടൈറ്റിൽ ഇൻഷുറൻസ് കമ്പനിയുടെ എസ്‌ക്രോ അക്കൗണ്ടിലേക്ക് ഐസിഇ കോടിക്കണക്കിന് ഡോളർ മുൻകൂറായി നിക്ഷേപിച്ചതായി ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് വക്താവ് അറിയിച്ചു. തടങ്കൽ മെഗാ സെന്ററുകളാക്കി മാറ്റാൻ ലക്ഷ്യമിട്ട് 11 വെയർഹൗസുകൾ വാങ്ങുന്നതിനായി തുടർന്നുള്ള രണ്ട് മാസത്തിനിടെ ഐസിഇ 1.07 ബില്യൺ ഡോളറാണ് ചെലവഴിച്ചത്.
എന്നാൽ ഈ വെയർഹൗസുകളിൽ ഏഴെണ്ണം പിന്നീട് വിൽക്കാൻ ഏജൻസി തീരുമാനിച്ചു. പദ്ധതി ഉപേക്ഷിച്ചതിന് ശേഷവും കോടിക്കണക്കിന് ഡോളർ മാസങ്ങളോളം എസ്‌ക്രോ അക്കൗണ്ടിൽ തന്നെ കിടന്നതായി രേഖകൾ വ്യക്തമാക്കുന്നു. തുടർന്ന് ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ കോർപ്പറേറ്റ് പ്രിസൺ കമ്പനിയായ കോർസിവിക്കിൽനിന്ന് നാല് തടങ്കൽ കേന്ദ്രങ്ങൾ വാങ്ങുന്നതിനായി ഇതേ അക്കൗണ്ടിൽനിന്ന് 2.2 ബില്യൺ ഡോളർ മാറ്റുകയും ചെയ്തു.
അടിയന്തരമായി തടങ്കൽ ശേഷി വർധിപ്പിക്കുന്നതിനിടെ നികുതിദായകരുടെ കോടിക്കണക്കിന് ഡോളർ ഐസിഇ പാഴാക്കിയതായി സർക്കാർ അക്കൗണ്ടബിലിറ്റി ഓഫീസ് (ജിഎഒ) നടത്തിയ പരിശോധനയിലും കണ്ടെത്തി. തടങ്കൽ കേന്ദ്രങ്ങൾ സ്വന്തമാക്കുന്നതിന്റെ ദീർഘകാല സാമ്പത്തിക ബാധ്യതകൾ കൃത്യമായി കണക്കാക്കുന്നതിൽ ഏജൻസി പരാജയപ്പെട്ടുവെന്നാണ് ജിഎഒയുടെ വിലയിരുത്തൽ.
പിന്നീട് ഉപയോഗിക്കില്ലെന്ന് കണ്ടെത്തിയ വെയർഹൗസുകൾ വാങ്ങിയതിലൂടെ മാത്രം ഏകദേശം 20 മില്യൺ ഡോളറിന്റെ നഷ്ടമുണ്ടായതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇവ വാങ്ങിയ വിലയേക്കാൾ കുറഞ്ഞ തുകയ്ക്കാണ് വിൽക്കുന്നതെങ്കിൽ നഷ്ടം ഇനിയും വർധിക്കുമെന്നും ജിഎഒ മുന്നറിയിപ്പ് നൽകി.
ട്രംപ് ഭരണകൂടത്തിന്റെ വൻതോതിലുള്ള നാടുകടത്തൽ നടപടികളുടെ ഭാഗമായി തടങ്കൽ ശേഷി ഏകദേശം ഇരട്ടിയാക്കാനുള്ള ശ്രമം ഐസിഇ തുടരുകയാണ്. ഇതിനായി വിവിധ ആവശ്യങ്ങൾക്കായി 1.55 ബില്യൺ ഡോളർ കൂടി ഷിക്കാഗോ ടൈറ്റിൽ ഇൻഷുറൻസിന്റെ കൈവശം നിലവിലുണ്ടെന്നും രേഖകൾ വ്യക്തമാക്കുന്നു.
പുതിയ തടങ്കൽ സൗകര്യങ്ങൾ നിർമിക്കുന്നതിനും നിലവിലുള്ളവ വികസിപ്പിക്കുന്നതിനുമായി വിവിധ കമ്പനികൾക്ക് ഈ ആഴ്ച മാത്രം 10 ബില്യൺ ഡോളർ വരെ മൂല്യമുള്ള കരാറുകളും ഐസിഇ നൽകിയിട്ടുണ്ട്.
















