ന്യൂഡല്‍ഹി: റഷ്യയില്‍നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് റഷ്യയെ സഹായിക്കാനോ യുക്രെയ്ന്‍ യുദ്ധത്തിന് ധനസഹായം നല്‍കാനോ വേണ്ടിയല്ലെന്നും സ്വന്തം ഊര്‍ജസുരക്ഷയും ജനങ്ങളുടെ ക്ഷേമവും ഉറപ്പാക്കാനാണെന്നും ഇന്ത്യയിലെ റഷ്യന്‍ സ്ഥാനപതി ഡെനിസ് അലിപോവ്. അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍ക്കെതിരെ ഉപരോധങ്ങളും അധിക തീരുവകളും ഏര്‍പ്പെടുത്താന്‍ നീക്കം ശക്തമാക്കുന്നതിനിടെയാണ് റഷ്യന്‍ സ്ഥാനപതിയുടെ പ്രതികരണം.
ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങുന്നത് സ്വന്തം രാജ്യത്തിന്റെ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും വേണ്ടിയാണെന്ന് ഡിഡി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ അലിപോവ് പറഞ്ഞു. റഷ്യന്‍ എണ്ണയ്ക്ക് പകരം ഇന്ത്യയ്ക്ക് കൂടുതല്‍ മികച്ച വിലയും ഇടപാട് വ്യവസ്ഥകളും വാഗ്ദാനം ചെയ്യാന്‍ കഴിയാത്തതിനാലാണ് പാശ്ചാത്യ രാജ്യങ്ങള്‍ സമ്മര്‍ദവും ശിക്ഷാനടപടികളും സ്വീകരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഇന്ത്യ സ്വന്തം ദേശീയ സുരക്ഷയും താല്‍പര്യങ്ങളും സംരക്ഷിക്കാന്‍ ഉറച്ചുനില്‍ക്കുകയാണെന്നും അലിപോവ് കൂട്ടിച്ചേര്‍ത്തു.
റഷ്യന്‍ എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ അമേരിക്കയില്‍ നിയമനിര്‍മാണ നീക്കങ്ങളും നടക്കുന്നുണ്ട്. റഷ്യയില്‍നിന്ന് ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍, പ്രകൃതി വാതകം എന്നിവ ഇറക്കുമതി ചെയ്യുന്ന അഞ്ച് രാജ്യങ്ങളില്‍നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് 100 ശതമാനം വരെ അധിക തീരുവ ചുമത്താന്‍ പ്രസിഡന്റിന് അധികാരം നല്‍കുന്ന ബില്‍ പരിഗണനയിലാണ്. ഇത്തരം വ്യാപാരത്തിലൂടെ റഷ്യന്‍ സമ്പദ്വ്യവസ്ഥ ശക്തിപ്പെടുകയും യുക്രെയ്ന്‍ യുദ്ധത്തിനുള്ള സൈനിക ചെലവുകള്‍ കണ്ടെത്താന്‍ മോസ്‌കോയ്ക്ക് സഹായകമാകുകയും ചെയ്യുന്നു എന്നാണ് അമേരിക്കയുടെ വാദം. ആവശ്യമായത്ര എണ്ണ ഇന്ത്യയ്ക്ക് നല്‍കാന്‍ റഷ്യ തയ്യാറാണെന്നും അലിപോവ് വ്യക്തമാക്കി.
അതേസമയം, റഷ്യയില്‍നിന്നുള്ള എണ്ണ ഇറക്കുമതി കുറയ്ക്കണമെന്ന പാശ്ചാത്യ സമ്മര്‍ദത്തെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും വിമര്‍ശിച്ചു. ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങുന്നതോ വാങ്ങാതിരിക്കുന്നതോ കൊണ്ട് യുക്രെയ്ന്‍ യുദ്ധം അവസാനിക്കില്ലെന്നും ചര്‍ച്ച,നയതന്ത്രം, എന്നിവയിലൂടെയാണ് സംഘര്‍ഷത്തിന് പരിഹാരം കാണേണ്ടതെന്നും കീവിലെ സന്ദര്‍ശനത്തിനിടെ ജയശങ്കര്‍ പറഞ്ഞു. 140 കോടിയിലധികം ജനങ്ങളുള്ള ഇന്ത്യയുടെ ഊര്‍ജസുരക്ഷ ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.
അമേരിക്കയും ബ്രിട്ടനും ഉള്‍പ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യയുടെ ഊര്‍ജവരുമാനം കുറച്ചാല്‍ യുദ്ധത്തിനുള്ള മോസ്‌കോയുടെ സാമ്പത്തിക ശേഷിയെ ബാധിക്കുമെന്നാണ് വാദിക്കുന്നത്. എന്നാല്‍ മാസങ്ങളായി തുടരുന്ന അമേരിക്കന്‍ സമ്മര്‍ദത്തിനിടയിലും റഷ്യ ഇന്ത്യയുടെ ഏറ്റവും വലിയ ക്രൂഡ് ഓയില്‍ വിതരണക്കാരായി തുടരുകയാണ്. അതേസമയം, ജൂണ്‍, ജൂലൈ മാസങ്ങളില്‍ റെക്കോര്‍ഡ് നിലവാരത്തിലെത്തിയ റഷ്യന്‍ എണ്ണ ഇറക്കുമതി ഓഗസ്റ്റില്‍ ഗണ്യമായി കുറഞ്ഞതായാണ് റിപ്പോര്‍ട്ട്.
India buys Russian oil for its own needs, not to support the war, says Russian Ambassador.

















