വാഷിംഗടണ്‍: അമേരിക്കയില്‍ വന്‍ നിക്ഷേപവുമായി ഇന്ത്യന്‍ കമ്പനിയായ എസ്സാര്‍ ഗ്രൂപ്പ്. യുഎസില്‍ 18 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാനാണ് കമ്പനിയുടെ പദ്ധതി. ഇതില്‍ 15 ബില്യണ്‍ ഡോളര്‍ ചെലവിട്ട് ഐയോവയില്‍ നിര്‍മിക്കുന്ന സ്റ്റീല്‍ പ്ലാന്റും ഉള്‍പ്പെടുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസിലെ ഓവല്‍ ഓഫീസില്‍ നടന്ന ചടങ്ങിലാണ് പദ്ധതി പ്രഖ്യാപിച്ചത്. എസ്സാര്‍ ഗ്രൂപ്പിന്റെ ഉടമകളായ റൂയിയ കുടുംബത്തിലെ അംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു. അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ സ്റ്റീല്‍ പ്ലാന്റായിരിക്കും ഇതെന്നാണ് ട്രംപ് അവകാശപ്പെട്ടത്.
എസ്സാറിന്റെ യുഎസ് അനുബന്ധ സ്ഥാപനമായ മെസാബി മെറ്റാലിക്സാണ് പ്ലാന്റ് നിര്‍മിക്കുക. മിനസോട്ടയിലെ കമ്പനിയുടെ ഇരുമ്പയിര് ഖനന പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള അസംസ്കൃത വസ്തുക്കള്‍ ഉപയോഗിച്ച് അമേരിക്കയ്ക്കുള്ളില്‍ തന്നെ സ്റ്റീല്‍ ഉല്‍പ്പാദിപ്പിക്കുന്ന ഒരു സമഗ്ര വിതരണ ശൃംഖലയുടെ ഭാഗമായിരിക്കും പദ്ധതി. 2030 ല്‍ ഉല്‍പ്പാദനം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. പൂര്‍ണ ശേഷിയില്‍ പ്രവര്‍ത്തനം ആരംഭിച്ചാല്‍ പ്രതിവര്‍ഷം ഒരു കോടി ടണ്‍ സ്റ്റീല്‍ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുമെന്നാണ് കണക്കാക്കുന്നത്. സ്റ്റീല്‍ നിര്‍മ്മാണത്തിന്റെ മുഴുവന്‍ ഘട്ടങ്ങളും അമേരിക്കയ്ക്കുള്ളില്‍ തന്നെ നടക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.
അമേരിക്കന്‍ സ്റ്റീല്‍ വ്യവസായം വീണ്ടും ശക്തമായി വളരുകയാണെന്ന് ട്രംപ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം സ്റ്റീല്‍ ഇറക്കുമതിക്ക് ഏര്‍പ്പെടുത്തിയ 50 ശതമാനം തീരുവയാണ് ആഭ്യന്തര ഉല്‍പ്പാദനം വര്‍ധിക്കാന്‍ കാരണമെന്നാണ് അദ്ദേഹത്തിന്റെ വാദം. തീരുവ നല്‍കുന്നത് ഒഴിവാക്കാനായി കമ്പനികള്‍ അമേരിക്കയില്‍ തന്നെ ഫാക്ടറികള്‍ നിര്‍മിക്കുകയാണെന്നും ട്രംപ് പറഞ്ഞു. അമേരിക്കയില്‍ കൂടുതല്‍ ഉല്‍പ്പാദന നിക്ഷേപം കൊണ്ടുവരാനുള്ള ഭരണകൂടത്തിന്റെ നയത്തിന്റെ ഭാഗമായാണ് എസ്സാര്‍ പദ്ധതിയെ അവതരിപ്പിച്ചത്. അമേരിക്കയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്കുന്ന ട്രംപ് ഭരണകൂടത്തിന് നന്ദി അറിയിക്കുന്നതായി മെസാബി മെറ്റാലിക്സ് ചെയര്മാന് റേവന്ത് റൂയിയ പറഞ്ഞു.
1969ല്‍ സഹോദരങ്ങളായ ശശി റൂയിയയും രവി റൂയിയയും ചേര്‍ന്ന് ഇന്ത്യയില്‍ സ്ഥാപിച്ച വ്യവസായ ഗ്രൂപ്പാണ് എസ്സാര്‍. ഊര്‍ജം, ഖനനം, സാങ്കേതികവിദ്യ, റീട്ടെയില്‍ തുടങ്ങിയ വിവിധ മേഖലകളില്‍ കമ്പനിക്ക് പ്രവര്‍ത്തനങ്ങളുണ്ട്. ഗുജറാത്തിലെ ഹസീറയില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ഒറ്റ സ്റ്റീല്‍ പ്ലാന്റും വഡിനാറില്‍ രാജ്യത്തെ രണ്ടാമത്തെ വലിയ റിഫൈനറിയും എസ്സാറിന്റെ പ്രധാന ആസ്തികളാണ്. ബ്രിട്ടനിലെ സ്റ്റാന്‍ലോ റിഫൈനറിയും കമ്പനി സ്വന്തമാക്കിയിട്ടുണ്ട്.
India’s Essar Group to make massive investment in the US: $18 billion investment, including a steel plant in Iowa.



















