പെന്‍സില്‍വാനിയ: ഹോട്ടലിലെ സ്പാ ടബ്ബില്‍ അഞ്ച് മാസം പ്രായമുള്ള മകള്‍ മുങ്ങിമരിച്ച സംഭവത്തില്‍ ഫിലഡല്‍ഫിയ സ്വദേശിനിയായ 25കാരിക്കെതിരെ കേസെടുത്തു. ഡയോണ്‍ടേ നിക്കോള്‍ ബെക്കറ്റെന്ന യുവതിക്കെതിരേയാണ് കേസ്. മെയ് 11ന യുവതി അശ്രദ്ധമായി പെരുമാറിയതിനെ തുടര്‍ന്നാണ് കുഞ്ഞിന്റെ മരണം സംഭവിച്ചതെന്നാണ് ആരോപണം.
ബുധനാഴ്ച കോടതിയില്‍ ഹാജരായ ബെക്കറ്റ് പ്രാഥമിക വാദം ഒഴിവാക്കാന്‍ സമ്മതിച്ചു. ലാന്‍കാസ്റ്റര്‍ കൗണ്ടി ജില്ലാ അറ്റോര്‍ണി ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.
സംഭവസമയത്ത് ബെക്കറ്റ് മദ്യലഹരിയിലായിരുന്നുവെന്നും തുടര്‍ന്ന് ഹോട്ടലിലെ സ്പാ ടബ്ബില്‍ കുഞ്ഞിനെ ഇറക്കിയെന്നുമാണ് അധികൃതരുടെ ആരോപണം. പൊലീസിന്റെ ചോദ്യം ചെയ്യലില്‍ അന്ന് ദിവസം മുഴുവന്‍ മദ്യം കഴിച്ചിരുന്നതായി ബെക്കറ്റ് പറഞ്ഞതായും, ഉച്ചയ്ക്ക് കുഞ്ഞിനൊപ്പം നീന്തിയ ശേഷം ലിയാക്കോക്ക് ടൗണ്‍ഷിപ്പിലെ ഹോട്ടല്‍ മുറിയിലേക്ക് മടങ്ങിയതായും അധികൃതര്‍ പറയുന്നു.
എന്നാല്‍ കുഞ്ഞിനെ സ്പാ ടബ്ബില്‍ താന്‍ ഇറക്കിയിട്ടില്ലെന്ന് ബെക്കറ്റ് പൊലീസിനോട് പറഞ്ഞതായി അധികൃതര്‍ വ്യക്തമാക്കി. ഇതിന് വിരുദ്ധമായി, ബെക്കറ്റിന്റെ ഫോണില്‍ നിന്ന് കുഞ്ഞ് സ്പാ ടബ്ബിനുള്ളില്‍ കിടക്കുന്ന ചിത്രങ്ങളും വീഡിയോകളും കണ്ടെത്തിയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തല്‍. ഹോട്ടലിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങളിലും കുഞ്ഞിനെ കൈകളില്‍ എടുത്ത് ലോബിയിലെത്തുന്ന ബെക്കറ്റിനെ കാണാമെന്നും കുഞ്ഞ് അബോധാവസ്ഥയിലായിരുന്നുവെന്ന് തോന്നിക്കുന്ന തരത്തിലായിരുന്നു അവസ്ഥയെന്നും ജില്ലാ അറ്റോര്‍ണി ഓഫീസ് അറിയിച്ചു.
തുടര്‍ന്ന് ഹോട്ടലിലെ നിരവധി അതിഥികള്‍ 911ല്‍ വിളിക്കുകയും കുഞ്ഞിനെ രക്ഷിക്കാന്‍ അടിയന്തര ജീവന്‍രക്ഷാ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. എന്നാല്‍ കുഞ്ഞിനെ രക്ഷിക്കാനായില്ല. സംഭവസമയത്ത് ബെക്കറ്റിന്റെ രക്തത്തിലെ മദ്യത്തിന്റെ അളവ് 0.149 ശതമാനമായിരുന്നുവെന്ന് ശ്വാസപരിശോധനയിലൂടെയും കണ്ടെത്തിയതായി അധികൃതര്‍ പറഞ്ഞു. 1 ലക്ഷം ഡോളര്‍ ജാമ്യത്തുക കെട്ടിവച്ചതിനെ തുടര്‍ന്ന് ബെക്കറ്റിനെ ജയിലില്‍ നിന്ന് വിട്ടയച്ചു.
Intoxicated woman places five-month-old baby in hotel hot tub; arrested following infant’s death.

















