ടെഹ്‌റാന്‍: ഹോര്‍മൂസ് കടലിടുക്ക് തുറക്കുന്നതിനായി ഇറാന്‍ മുന്നോട്ടുവെച്ച നിര്‍ദേശം അമേരിക്ക അംഗീകരിച്ചാലും ആണവ പദ്ധതിയില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയാറാകില്ലെന്ന് ഇറാന്‍ വ്യക്തമാക്കി. മുതിര്‍ന്ന ഇറാന്‍ ഉദ്യോഗസ്ഥന്‍ വെള്ളിയാഴ്ച റോയിട്ടേഴ്സിനു നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അമേരിക്ക ഇറാന്റെ എല്ലാ നിബന്ധനകളും അംഗീകരിക്കുന്നതുവരെ തന്ത്രപ്രധാനമായ കടലിടുക്ക് അടഞ്ഞുതന്നെ തുടരുമെന്നും വ്യക്തമാക്കി.
യുറേനിയം സമ്പുഷ്ടീകരണവും ഉയര്‍ന്ന തോതില്‍ സമ്പുഷ്ടീകരിച്ച യുറേനിയം രാജ്യത്തിന് പുറത്തേക്ക് മാറ്റുന്നതും ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നാണ് ഇറാന്റെ നിലപാട്. ആണവായുധം വികസിപ്പിക്കാന്‍ ഇറാന്‍ ശ്രമിക്കുന്നതായി അമേരിക്കയും ഇസ്രയേലും ഉള്‍പ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങള്‍ ഏറെക്കാലമായി ആരോപിക്കുന്നുണ്ട്. എന്നാല്‍ ആണവായുധം സ്വന്തമാക്കാന്‍ ശ്രമിക്കുന്നില്ലെന്നാണ് ഇറാന്റെ വാദം. 2025 ജൂണില്‍ ഇസ്രയേലും അമേരിക്കയും ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ആക്രമിക്കുമ്പോള്‍ 60 ശതമാനം വരെ സമ്പുഷ്ടീകരിച്ച 440.9 കിലോഗ്രാം യുറേനിയം ഇറാന്റെ കൈവശമുണ്ടായിരുന്നുവെന്നാണ് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ കണക്ക്. ഇതില്‍ എത്രത്തോളം ഇപ്പോഴും അവശേഷിക്കുന്നുവെന്നത് വ്യക്തമല്ല.
ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതിനായി ഇറാന്‍ മുന്നോട്ടുവച്ച നിര്‍ദേശത്തില്‍ നിരവധി നിബന്ധനകളുണ്ട്. ഏഴ് ദിവസത്തിനകം ലെബനന്‍ ഉള്‍പ്പെടെയുള്ള എല്ലാ മേഖലക ളിലെ യും,സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കുക, ഇറാന്റെ തുറമുഖങ്ങള്‍ക്കെതിരായ യുഎസ് നാവിക ഉപരോധം പിന്‍വലിക്കുക, മരവിപ്പിച്ച ഇറാന്‍ ഫണ്ടുകള്‍ വിട്ടുനല്‍കുക, എണ്ണ ഉപരോധം ഒഴിവാക്കുക തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങള്‍. ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ചിയാണ് വ്യാഴാഴ്ച നിര്‍ദേശം അവതരിപ്പിച്ചത്.
അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലാണ് നിര്‍ദേശം. ഇറാന്‍ പിന്തുണയുള്ള യെമനിലെ ഹൂതി സായുധസംഘം സൗദി അറേബ്യക്കെതിരെ മിസൈലുകളും ഡ്രോണുകളും പ്രയോഗിച്ചതോടെ പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥ കൂടുതല്‍ ശക്തമായി. ആഗോള എണ്ണ വിതരണത്തിലെ പ്രധാന പാതയായ ഹോര്‍മുസ് കടലിടുക്ക് ഇപ്പോള്‍ യുഎസ്-ഇറാന്‍ ചര്‍ച്ചകളിലെ പ്രധാന വിഷയമായി മാറിയിരിക്കുകയാണ്.
വ്യാഴാഴ്ച യുഎന്‍ ജനറല്‍ അസംബ്ലിക്കിടെ മാധ്യമപ്രവര്‍ത്തകരുമായി സംസാരിച്ച ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍, നവംബര്‍ മൂന്നിനു നടക്കുന്ന യുഎസ് ഇടക്കാല തിരഞ്ഞെ ടുപ്പിന് മുമ്പ് വാഷിങ്ടണുമായി സംഘര്‍ഷം അവസാനിപ്പിക്കുന്നതിനുള്ള ധാരണയിലെ ത്താനാകുമെന്നാണ് പ്രതീക്ഷയെന്ന് പറഞ്ഞു. എന്നാല്‍ അമേരിക്ക തങ്ങളുടെ നിബന്ധനകള്‍ അംഗീകരിച്ചതിന് ശേഷം മാത്രമേ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട വിശദമായ ചര്‍ച്ചകള്‍ക്ക് ഇറാന്‍ തയ്യാറാകൂവെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.
Iran says there will be no compromise on the nuclear issue.
















