വാഷിംഗ്ടണ്‍: ഇറാന്‍-അമേരിക്ക യുദ്ധം അവസാനിപ്പിക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനം അമേരിക്കയുടേതാണെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍. യുദ്ധം തുടരാന്‍ ഇറാനു താല്‍പര്യമില്ലെന്നും അമേരിക്കയാണ് ഇത് അവസാനിപ്പിക്കണമോ എന്ന് തീരുമാനിക്കേണ്ടതെന്നും ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
ഈ വര്‍ഷം അവസാനത്തോടെ യുദ്ധം അവസാനിക്കുമോ എന്ന ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് അമേരിക്കയും ഇറാനും തമ്മില്‍ നിലപാടുകളില്‍ വലിയ അന്തരമാണുള്ളത്. ബുധനാഴ്ച യുഎന്‍ പൊതുസഭയെ അഭിസംബോധന ചെയ്ത പെസെഷ്‌കിയാന്‍, അമേരിക്കന്‍ സമ്മര്‍ദത്തിന് മുന്നില്‍ ഇറാന്‍ ഒരിക്കലും കീഴടങ്ങില്ലെന്ന് വ്യക്തമാക്കിയിരുന്നു. അതേസമയം, യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള തീരുമാനമെടുക്കേണ്ടത് അമേരിക്കയാണെന്ന നിലപാടാണ് അദ്ദേഹം ആവര്‍ത്തിച്ചത്.യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ധാരണയി ലെത്തിയില്ലെങ്കില്‍ ഇറാനെ പൂര്‍ണമായും നശിപ്പിക്കാന്‍ കഴിയുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ചൊവ്വാഴ്ച മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍, ഇരുരാജ്യങ്ങളും തമ്മില്‍ ഉടന്‍ കരാറിലെത്താനുള്ള സാധ്യതയുണ്ടെന്നും ട്രംപ് സൂചിപ്പിച്ചിരുന്നു.
ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രയേലും ഇറാനെതിരെ ആക്രമണം നടത്തിയതോടെയാണ് നിലവിലെ സംഘര്‍ഷം ആരംഭിച്ചത്. ഇതിന് പിന്നാലെ ഇറാന്‍ ഇസ്രയേലിനുനേരെയും ഗള്‍ഫ് രാജ്യങ്ങളിലെ യുഎസ് സൈനിക താവളങ്ങള്‍ക്കും നേരെയും ആക്രമണം നടത്തി.യുഎസ്-ഇസ്രയേല്‍ ആക്രമണങ്ങളില്‍ ഇറാനിലും ഇസ്രയേല്‍ ആക്രമണങ്ങളില്‍ ലെബനനിലും ആയിരക്കണക്കിന് പേര്‍ കൊല്ലപ്പെട്ടതായും ദശലക്ഷക്കണക്കിന് പേര്‍ ഭവനരഹിതരായതായും റിപ്പോര്‍ട്ടുകളുണ്ട്. ഇറാന്റെ ആണവശേഷി ദുര്‍ബലപ്പെടുത്തുന്നതും യുദ്ധത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണെന്ന് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. ആണവായുധങ്ങള്‍ സ്വന്തമാക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണം ഇറാന്‍ നിഷേധിച്ചുവരികയാണ്.ആണവായുധങ്ങള്‍ ഇറാന്റെ കൈവശമില്ലെന്നും സമാധാനപരമായ ആവശ്യങ്ങള്‍ക്കായി ആണവ സാങ്കേതികവിദ്യ വികസിപ്പിക്കാന്‍ ആണവ നിര്‍വ്യാപന ഉടമ്പടി പ്രകാരം തങ്ങള്‍ക്ക് അവകാശമുണ്ടെന്നുമാണ് ടെഹ്‌റാന്റെ നിലപാട്.
Iranian President says the decision on whether or not to end the war rests with the US.
















