ടെക്സസ്: അമേരിക്കയിലെ ടെക്സസിലുള്ള ഓസ്റ്റിനിൽ ഭക്ഷണം വിതരണം ചെയ്യുന്നതിനിടെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥന്റെ വെടിയേറ്റ വെനസ്വേലൻ യുവാവിനെ, മുതുകിൽ തറച്ച വെടിയുണ്ട നീക്കം ചെയ്യാതെ തടങ്കൽ കേന്ദ്രത്തിലേക്ക് മാറ്റിയതായി അഭിഭാഷകർ വെളിപ്പെടുത്തി. ഡോർഡാഷ് ഡെലിവറി ഡ്രൈവറായ വിൽബർ റാഫേൽ ഗാർസെസ് പെരസ് (28) എന്ന യുവാവിനാണ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥന്റെ വെടിയേറ്റത്.
ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവിനെ പിന്നീട് ഓസ്റ്റിനിൽ നിന്ന് രണ്ട് മണിക്കൂർ അകലെയുള്ള സൌത്ത് ടെക്സസ് പ്രോസസിംഗ് സെന്ററിലേക്ക് മാറ്റുകയായിരുന്നു. ശരീരത്തിൽ വെടിയുണ്ടയിരിക്കെ തനിക്ക് ആവശ്യമായ മെഡിക്കൽ പരിചരണം ലഭിക്കുന്നില്ലെന്നും അതികഠിനമായ വേദന അനുഭവപ്പെടുന്നുണ്ടെന്നും പെരസ് വാർത്താസമ്മേളനത്തിൽ ഫോണിലൂടെ വ്യക്തമാക്കി. നട്ടെല്ലിന് സമീപമാണ് വെടിയുണ്ട തറച്ചിരിക്കുന്നത് എന്നതിനാൽ അത് പുറത്തെടുത്തിട്ടില്ലെന്നും ആവശ്യത്തിന് വേദനസംഹാരികൾ പോലും തടങ്കൽ കേന്ദ്രത്തിൽ ലഭിക്കുന്നില്ലെന്നും അദ്ദേഹത്തിന്റെ അഭിഭാഷക കേറ്റ് ലിങ്കൺ-ഗോൾഡ്ഫിഞ്ച് ചൂണ്ടിക്കാട്ടി.
സംഭവം വിവാദമായതോടെ വെടിവെച്ച ഐസിഇ ഉദ്യോഗസ്ഥനെ നിർബന്ധിത അവധിയിൽ പ്രവേശിച്ചിട്ടുണ്ട്. എഫ്.ബി.ഐയുടെ സഹകരണത്തോടെ ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി കേസിൽ അന്വേഷണം ആരംഭിച്ചു. ബൈഡൻ ഭരണകൂടത്തിന്റെ കാലത്ത് ഔദ്യോഗിക ആപ്പ് വഴി നിയമപരമായി രാജ്യത്തേക്ക് പ്രവേശിച്ച് വർക്ക് പെർമിറ്റ് നേടിയ വ്യക്തിയാണ് പെരസ് എന്ന് അഭിഭാഷക വ്യക്തമാക്കി. എന്നാൽ പഴയ വിലാസത്തിലേക്ക് നോട്ടീസ് അയച്ചതിനാൽ കോർട്ടിൽ ഹാജരാകാൻ സാധിക്കാതെ വരികയും, തുടർന്ന് ഇയാൾക്കെതിരെ നാടുകടത്തൽ ഉത്തരവ് പുറപ്പെടുവിക്കുകയുമായിരുന്നു. അതിനിടെ, കോടതി നടപടികളിൽ പങ്കാളിയാകുന്നതിന് മുൻപ് പെരസിനെ വേഗത്തിൽ നാടുകടത്താൻ ഫെഡറൽ ഏജൻസികൾ ശ്രമിക്കുകയാണെന്ന ആശങ്കയും അഭിഭാഷകർ പങ്കുവെക്കുന്നുണ്ട്. സംഭവത്തെ തുടർന്ന് ഓസ്റ്റിനിൽ ഐ.സി.ഇയ്ക്കെതിരെ വൻ പ്രതിഷേധമാണ് അരങ്ങേറുന്നത്.
















