Caritas hospital

മിനിയാപൊളിസ് വെടിവയ്പ്പ്: കള്ളം പറഞ്ഞെന്ന ആരോപണം; ഐസിഇ ഉദ്യോഗസ്ഥനെതിരെ ഫെഡറല്‍ കേസ്

മിനിയാപൊളിസ് വെടിവയ്പ്പ്: കള്ളം പറഞ്ഞെന്ന ആരോപണം; ഐസിഇ ഉദ്യോഗസ്ഥനെതിരെ ഫെഡറല്‍ കേസ്

മിനിയാപൊളിസ്: മിനിയാപൊളിസില്‍ വെനസ്വേലന്‍ സ്വദേശിക്ക് നേരെയുണ്ടായ വെടിവയ്പ്പുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥരോട് തെറ്റായ വിവരങ്ങള്‍ നല്‍കിയെന്നാരോപിച്ച് യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് (ICE) ഉദ്യോഗസ്ഥന്‍ ക്രിസ്റ്റ്യന്‍ കാസ്‌ട്രോയ്‌ക്കെതിരെ ഫെഡറല്‍ കുറ്റം ചുമത്തി. ജനുവരി 14ന് മിനിയാപൊളിസിലെ ഒരു വീടിന്റെ മുന്‍വാതിലിലേക്ക് കാസ്‌ട്രോ വെടിയുതിര്‍ത്ത സംഭവത്തില്‍ വെനസ്വേലന്‍ കുടിയേറ്റക്കാരനായ ജൂലിയോ സോസ-സെലിസിന്റെ കാലില്‍ വെടിയേറ്റിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥരോട് കാസ്‌ട്രോ തെറ്റായ പ്രസ്താവനകള്‍ നടത്തിയെന്നാണ് ആരോപണം.

52കാരനായ കാസ്‌ട്രോ വ്യാഴാഴ്ച സ്വമേധയാ കീഴടങ്ങിയതായി കേസുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. വെള്ളിയാഴ്ച ടെക്‌സസിലെ ഫെഡറല്‍ കോടതിയില്‍ അദ്ദേഹത്തെ ഹാജരാക്കുമെന്നാണ് വിവരം. വെടിവയ്പ്പിന് പിന്നാലെ സോസസെലിസും മറ്റൊരാളും തന്നെ ആക്രമിച്ചെന്ന കാസ്‌ട്രോയുടെ ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ സോസസെലിസിനെതിരെയും കേസെടുത്തിരുന്നു. എന്നാല്‍ പിന്നീട് ലഭിച്ച വീഡിയോ ദൃശ്യങ്ങളില്‍ കാസ്‌ട്രോ സംഭവത്തെക്കുറിച്ച് കള്ളം പറഞ്ഞതായി തെളിഞ്ഞതോടെ കേസ് പിന്‍വലിച്ചു.

അതേസമയം, കാസ്‌ട്രോയ്‌ക്കെതിരെ മിനസോട്ടയിലെ ഹെനപിന്‍ കൗണ്ടി അറ്റോര്‍ണി മേരി മോറിയാര്‍ട്ടി മേയില്‍ മറ്റൊരു കേസെടുത്തിരുന്നു. രണ്ടാം ഡിഗ്രി ആക്രമണത്തിന് നാല് കുറ്റങ്ങളും വ്യാജമായി കുറ്റകൃത്യം റിപ്പോര്‍ട്ട് ചെയ്തതിന് ഒരു കുറ്റവും ഉള്‍പ്പെടുന്നതായിരുന്നു ഇത്. കാസ്‌ട്രോയെ മിനസോട്ടയിലേക്ക് കൈമാറുന്നതുമായി ബന്ധപ്പെട്ട് മിനസോട്ട-ടെക്‌സസ് സംസ്ഥാനങ്ങള്‍ തമ്മില്‍ നിയമപോരാട്ടവും നടന്നു. മിനസോട്ട അറ്റോര്‍ണി ജനറല്‍ കീത്ത് എലിസണ്‍ ടെക്‌സസ് ഗവര്‍ണര്‍ ഗ്രെഗ് അബോട്ടിനെതിരെ കേസ് നല്‍കിയെങ്കിലും, സംസ്ഥാനങ്ങള്‍ തമ്മിലുള്ള കൈമാറ്റ തര്‍ക്കത്തില്‍ ഇടപെടാന്‍ തനിക്ക് അധികാരമില്ലെന്ന് ഫെഡറല്‍ ജഡ്ജി കഴിഞ്ഞ ആഴ്ച വ്യക്തമാക്കി.

കേസിന്റെ ഫെഡറല്‍ അന്വേഷണത്തിനിടെ നീതിന്യായ വകുപ്പിനുള്ളിലും വിവാദം ഉയര്‍ന്നിട്ടുണ്ട്. അന്വേഷണത്തിന് നേതൃത്വം നല്‍കിയിരുന്ന കരിയര്‍ പ്രോസിക്യൂട്ടര്‍ മാത്യു ഇവാന്‍സിനെ വ്യാഴാഴ്ച ജോലിയില്‍നിന്ന് നീക്കിയതായി റിപ്പോര്‍ട്ടുകളുണ്ട്. കാസ്‌ട്രോയ്‌ക്കെതിരെ കൂടുതല്‍ ഗുരുതരമായ പൗരാവകാശ കുറ്റം ചുമത്താന്‍ മതിയായ തെളിവുകളുണ്ടായിരുന്നുവെന്നും എന്നാല്‍ നീതിന്യായ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ അതിന് തടസ്സം നിന്നുവെന്നും ഇവാന്‍സ് സോസ-സെലിസിന്റെ അഭിഭാഷകന് അയച്ച കത്തില്‍ ആരോപിച്ചിരുന്നതായി പ്രൊപബ്ലിക്ക റിപ്പോര്‍ട്ട് ചെയ്തു.

Minneapolis shooting: Allegation of lying; federal case against ICE officer.

Share Email
LATEST excelnclexrn
Top