Caritas hospital

വിരമിക്കൽ പ്രായം കുറയ്ക്കാൻ ‘ബ്ലൂ കോളർ ബിൽ’; നിർമ്മാണ-ആരോഗ്യ മേഖലകളിലെ തൊഴിലാളികൾക്ക് 60-ാം വയസിൽ മുഴുവൻ പെൻഷൻ

വിരമിക്കൽ പ്രായം കുറയ്ക്കാൻ ‘ബ്ലൂ കോളർ ബിൽ’; നിർമ്മാണ-ആരോഗ്യ മേഖലകളിലെ തൊഴിലാളികൾക്ക് 60-ാം വയസിൽ മുഴുവൻ പെൻഷൻ

വാഷിംഗ്ടൺ: അമേരിക്കയിൽ സാമൂഹിക സുരക്ഷാ പെൻഷൻ ലഭിക്കുന്നതിനുള്ള പ്രായപരിധി ഉയർത്തണമെന്ന നിർദേശങ്ങൾക്കിടെ, കഠിനാധ്വാനം ആവശ്യമായ ജോലികളിൽ ഏർപ്പെടുന്നവരുടെ വിരമിക്കൽ പ്രായം കുറയ്ക്കാൻ ലക്ഷ്യമിട്ട് പുതിയ ബിൽ അവതരിപ്പിച്ചു. നിർമ്മാണം, നഴ്സിംഗ്, മാനുഫാക്ചറിംഗ് തുടങ്ങിയ മേഖലകളിലെ തൊഴിലാളികൾക്ക് 60-ാം വയസിൽ തന്നെ മുഴുവൻ സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങളും ലഭ്യമാക്കാൻ ലക്ഷ്യമിടുന്ന ‘ബ്ലൂ കോളർ സോഷ്യൽ സെക്യൂരിറ്റി ഫെയർനസ് ആക്ട്’ മിഷിഗണിൽ നിന്നുള്ള ഡെമോക്രാറ്റിക് പ്രതിനിധി ഹേലി സ്റ്റീവൻസാണ് അവതരിപ്പിച്ചത്.

നിയമം പ്രാബല്യത്തിൽ വന്നാൽ, നിലവിലെ വ്യവസ്ഥയേക്കാൾ ഏഴ് വർഷം മുമ്പ് ഇത്തരം തൊഴിലാളികൾക്ക് മുഴുവൻ സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ ലഭ്യമാകും.

നിലവിൽ 1960ന് ശേഷം ജനിച്ച അമേരിക്കക്കാർക്ക് 67-ാം വയസിലാണ് മുഴുവൻ സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ ലഭിക്കുക. എന്നാൽ 62-ാം വയസിൽ തന്നെ പെൻഷൻ വാങ്ങിത്തുടങ്ങാം. ഈ സാഹചര്യത്തിൽ ആനുകൂല്യത്തിൽ 30 ശതമാനം വരെ കുറവുണ്ടാകും. 63നും 66നും ഇടയിൽ പെൻഷൻ ആരംഭിക്കുന്നവർക്ക് പ്രായത്തിനനുസരിച്ച് കുറവ് ക്രമേണ കുറയും.

എന്നാൽ 60-കളിലും കഠിനാധ്വാനം തുടരുന്നത് ബുദ്ധിമുട്ടായേക്കാവുന്ന ബ്ലൂ കോളർ തൊഴിലാളികൾക്ക് വിരമിക്കൽ പ്രായം കുറയ്ക്കേണ്ടത് അനിവാര്യമാണെന്ന് ഹേലി സ്റ്റീവൻസ് പറഞ്ഞു. കൈകൊണ്ട് ജോലി ചെയ്യുന്ന മിഷിഗണിലെ തൊഴിലാളികൾ ശരീരം തളരുന്നതുവരെ വിരമിക്കാനായി കാത്തിരിക്കേണ്ട സാഹചര്യം ഉണ്ടാകരുതെന്നും ബിൽ അവതരിപ്പിച്ചുകൊണ്ട് അവർ വ്യക്തമാക്കി.

സാമൂഹിക സുരക്ഷാ പദ്ധതിയിലേക്കുള്ള വരുമാനത്തേക്കാൾ ചെലവ് ഉയരുന്ന സാഹചര്യത്തിൽ പദ്ധതിയുടെ ഭാവി ധനസ്ഥിതി സംബന്ധിച്ച് ചർച്ചകൾ ശക്തമായിരിക്കെയാണ് പുതിയ ബിൽ അവതരിപ്പിച്ചിരിക്കുന്നത്. വിരമിച്ച തൊഴിലാളികൾക്കും മരിച്ച തൊഴിലാളികളുടെ ആശ്രിതർക്കും ആനുകൂല്യങ്ങൾ നൽകുന്ന പ്രധാന ട്രസ്റ്റ് ഫണ്ട് 2032 അവസാനത്തോടെ കാലിയാകുമെന്നാണ് ഏറ്റവും പുതിയ സാമൂഹിക സുരക്ഷാ ട്രസ്റ്റിമാരുടെ റിപ്പോർട്ട് പ്രവചിക്കുന്നത്.

ഫണ്ട് തീർന്നാൽ സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങളിൽ 20 ശതമാനത്തിലധികം കുറവ് വരാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. ജനുവരിയിലെ കണക്കുകൾ പ്രകാരം ശരാശരി വിരമിച്ച തൊഴിലാളിക്ക് പ്രതിമാസം 2,071 ഡോളറാണ് സാമൂഹിക സുരക്ഷാ ആനുകൂല്യമായി ലഭിക്കുന്നത്.

Share Email
LATEST excelnclexrn
More Articles
Top