Caritas hospital

പ്രസിഡൻ്റ് ട്രംപിനെ പുകഴ്ത്തിപ്പാടി സർക്കാർ ചെലവിൽ വമ്പൻ പരസ്യങ്ങൾ; നികുതിപ്പണം ഉപയോഗിച്ചതിൽ വിവാദം

പ്രസിഡൻ്റ് ട്രംപിനെ പുകഴ്ത്തിപ്പാടി സർക്കാർ ചെലവിൽ വമ്പൻ പരസ്യങ്ങൾ; നികുതിപ്പണം ഉപയോഗിച്ചതിൽ വിവാദം

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ പ്രകീർത്തിക്കുന്ന പുതിയ പരസ്യങ്ങൾ ദേശീയ ടെലിവിഷൻ ചാനലുകളിൽ സംപ്രേഷണം തുടങ്ങി. സിബിഎസ് ഉൾപ്പെടെയുള്ള പ്രമുഖ നെറ്റ്‌വർക്കുകളിലാണ് പരസ്യങ്ങൾ പ്രദർശിപ്പിക്കുന്നത്. നികുതിദായകരിൽനിന്ന് ലഭിക്കുന്ന പണം ഉപയോഗിച്ചാണ് പരസ്യങ്ങൾക്കുള്ള ചെലവ് വഹിക്കുന്നതെന്ന വിവരം വിവാദത്തിന് വഴിവെച്ചിട്ടുണ്ട്.

ഫോക്സ് ന്യൂസിൽ സംപ്രേഷണം ചെയ്ത ആദ്യ പരസ്യം അമേരിക്കയിൽ കമ്മ്യൂണിസവും സോഷ്യലിസവും മാർക്സിസവും പരാജയപ്പെടുത്തുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തോടെയാണ് ആരംഭിക്കുന്നത്. ജെഎംഎസ്എന്നിന്റെ ‘ലവ് മീ’ എന്ന ഗാനത്തിന്റെ പശ്ചാത്തലത്തിൽ ട്രംപിന്റെ രണ്ടാം ഭരണകാലത്തെ വിവിധ ദൃശ്യങ്ങളും ചിത്രങ്ങളും പരസ്യത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ട്രംപ് പങ്കെടുക്കുന്ന റാലികൾ, വൈറ്റ് ഹൗസിലെ ക്രിസ്മസ് ആഘോഷങ്ങൾ, ഫിഫ ട്രോഫിക്കൊപ്പമുള്ള ചിത്രങ്ങൾ, സൈനിക മേധാവികൾക്കൊപ്പമുള്ള ദൃശ്യങ്ങൾ തുടങ്ങിയവ പരസ്യത്തിലുണ്ട്. ‘അമേരിക്ക ഒരിക്കലും ഒരു കമ്മ്യൂണിസ്റ്റ് രാജ്യമാകില്ല’ എന്ന സന്ദേശവും ആവർത്തിച്ച് പ്രദർശിപ്പിക്കുന്നു. ഭരണകൂടത്തിന്റെ നികുതി കുറയ്ക്കൽ നടപടികൾ, ആഭ്യന്തര ഉൽപ്പാദന മേഖലയ്ക്കുള്ള പിന്തുണ, നിയമപാലകരെക്കുറിച്ചുള്ള പരാമർശങ്ങൾ എന്നിവയും പരസ്യത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

രാജ്യത്തെ സ്നേഹിക്കുന്ന ട്രംപ് അമേരിക്കയ്ക്കുവേണ്ടി കഠിനമായി പോരാടുകയാണെന്ന അൾട്ടിമേറ്റ് ഫൈറ്റിംഗ് ചാമ്പ്യൻഷിപ്പ് (യുഎഫ്‌സി) സിഇഒ ഡാന വൈറ്റിന്റെ ശബ്ദസന്ദേശത്തോടെയാണ് പരസ്യം അവസാനിക്കുന്നത്.

എന്നാൽ തന്റെ ‘ലവ് മീ’ എന്ന ഗാനം രാഷ്ട്രീയ ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ അനുമതി നൽകിയിട്ടില്ലെന്ന് ഗായകൻ ജെഎംഎസ്എൻ വ്യക്തമാക്കി. രാഷ്ട്രീയ അജണ്ടയ്ക്കോ പ്രചാരണത്തിനോ വേണ്ടി തന്റെ സംഗീതം ഉപയോഗിക്കാൻ താൻ ഒരിക്കലും അനുമതി നൽകില്ലെന്നും പരസ്യത്തിനായി ആരും തന്റെ അനുമതി തേടിയിട്ടില്ലെന്നും അദ്ദേഹം ‘എക്‌സിൽ’ കുറിച്ചു.

പരസ്യത്തിന് താഴെ ‘യുഎസ് സർക്കാർ പണം നൽകിയത്’ എന്ന ലേബലും നൽകിയിട്ടുണ്ട്. ഇതിന് പുറമെ വെനസ്വേലൻ മുൻ പ്രസിഡന്റ് നിക്കോളാസ് മദുറോയെയും ഭാര്യയെയും യുഎസ് പിടികൂടിയ സംഭവം വിവരിക്കുന്ന മറ്റൊരു പരസ്യവും സിബിഎസ് ഉൾപ്പെടെയുള്ള നെറ്റ്‌വർക്കുകളിൽ സംപ്രേഷണം ചെയ്യുന്നുണ്ട്. 30 സെക്കൻഡും 60 സെക്കൻഡും ദൈർഘ്യമുള്ള വിവിധ പതിപ്പുകളിലാണ് പരസ്യങ്ങൾ പുറത്തിറക്കിയിരിക്കുന്നത്. ഒരു അഡ്വർടൈസിങ് ഏജൻസി വഴിയാണ് യുഎസ് സർക്കാർ പരസ്യങ്ങളുടെ ഉള്ളടക്കം തയ്യാറാക്കുകയും സംപ്രേഷണത്തിനുള്ള ചെലവ് വഹിക്കുകയും ചെയ്തത്.

എന്നാൽ ഇവ രാഷ്ട്രീയ പരസ്യങ്ങളാണെന്ന ആരോപണം വൈറ്റ് ഹൗസ് നിഷേധിച്ചു. പരസ്യങ്ങൾ രാഷ്ട്രീയ പ്രചാരണമല്ലെന്നും ‘പൊതുജന സേവന പ്രഖ്യാപനങ്ങൾ’ മാത്രമാണെന്നുമാണ് വൈറ്റ് ഹൗസ് വക്താവ് പ്രതികരിച്ചത്. രാജ്യത്തെ സ്നേഹിക്കാനും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഓർമിപ്പിക്കാനുമുള്ള വിദ്യാഭ്യാസപരവും ദേശസ്നേഹപരവുമായ സന്ദേശങ്ങളാണ് പരസ്യങ്ങളിലുള്ളതെന്നും അധികൃതർ വ്യക്തമാക്കി.

പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്രംപ് മത്സരിക്കുന്നില്ലെന്നും പരസ്യങ്ങളിൽ വോട്ട് ചെയ്യാനോ ഏതെങ്കിലും രാഷ്ട്രീയ നടപടിക്കോ ആഹ്വാനം ചെയ്യുന്നില്ലെന്നും വൈറ്റ് ഹൗസ് ചൂണ്ടിക്കാട്ടി.

Share Email
LATEST excelnclexrn
More Articles
Top