വാഷിംഗ്ടൺ: എഐ മോഡലുകളുടെ അപ്രതീക്ഷിത പെരുമാറ്റത്തെക്കുറിച്ച് അന്വേഷണം തുടരുന്നതിനിടെ, ഓപ്പൺഎഐയുടെ എഐ ഏജന്റുകൾ യുഎസ് സർക്കാരിന്റെ ചില വെബ്‌സൈറ്റുകളുമായി അപ്രതീക്ഷിതമായി ഇടപെട്ടതായി കമ്പനി വെളിപ്പെടുത്തി. സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷന്റെ (എസ്ഇസി) രണ്ട് വെബ്‌സൈറ്റുകളിൽ പൊതുവായി ലഭ്യമായ വിവരങ്ങളും യുഎസ് സെൻസസ് ബ്യൂറോയുടെ ഡാറ്റയും എഐ മോഡലുകൾ ആക്സസ് ചെയ്തതായി ഓപ്പൺഎഐ വെള്ളിയാഴ്ച വ്യക്തമാക്കി.
എസ്ഇസി ക്രെഡൻഷ്യലുകൾ ഉപയോഗിച്ചതായോ അക്കൗണ്ടുകളിലേക്കോ പരസ്യപ്പെടുത്താത്ത വിവരങ്ങളിലേക്കോ പ്രവേശനം നേടിയതായോ തെളിവുകൾ ലഭിച്ചിട്ടില്ലെന്നും എസ്ഇസി ഡാറ്റയിലോ സംവിധാനങ്ങളിലോ മാറ്റം വരുത്തിയിട്ടില്ലെന്നും ഓപ്പൺഎഐ അറിയിച്ചു. എഐ സംവിധാനങ്ങൾ മനുഷ്യനിയന്ത്രണത്തിൽനിന്ന് പുറത്തുപോകുന്നതിനെക്കുറിച്ചും ബാഹ്യ വെബ്‌സൈറ്റുകളിൽ അനധികൃതമായി ഇടപെടാനുള്ള സാധ്യതയെക്കുറിച്ചും ആഗോളതലത്തിൽ ആശങ്കകൾ ശക്തമാകുന്നതിനിടെയാണ് കമ്പനിയുടെ വെളിപ്പെടുത്തൽ.
എഐ സംവിധാനങ്ങൾ ആഗ്രഹിക്കാത്ത രീതിയിൽ പ്രവർത്തിക്കുന്ന ‘മിസ്അലൈൻഡ് മോഡൽ ആക്റ്റിവിറ്റി’ സംബന്ധിച്ച് വിശദമായ പരിശോധന നടത്തിവരികയാണെന്ന് ഓപ്പൺഎഐ വക്താവ് ലിസ് ബൂർഷ്വ പറഞ്ഞു. ബാഹ്യ സംവിധാനങ്ങളിൽ എന്തെങ്കിലും ആഘാതം കണ്ടെത്തിയാൽ ബന്ധപ്പെട്ട സ്ഥാപനങ്ങളെ വിവരം അറിയിക്കുന്നുണ്ടെന്നും അവർ വ്യക്തമാക്കി.
പരിശീലനത്തിന്റെയും മൂല്യനിർണയത്തിന്റെയും ഘട്ടങ്ങളിൽ എഐ ഏജന്റുകൾ ഇന്റർനെറ്റ് ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് വിപുലമായ അന്വേഷണം നടക്കുകയാണെന്ന് ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാനും വെള്ളിയാഴ്ച സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. എഐ വികസനത്തിന്റെ വേഗത കുറയ്ക്കണമെന്ന വ്യവസായ മേഖലയിലെ ആവശ്യത്തെയും കമ്പനി പിന്തുണച്ചിട്ടുണ്ട്.
അതേസമയം, യുഎസ് വിദ്യാഭ്യാസ വകുപ്പിന്റെ സിവിൽ റൈറ്റ്സ് ഓഫീസിന്റെ വെബ്‌സൈറ്റിലേക്ക് ഓപ്പൺഎഐയുടേതെന്ന് കരുതുന്ന എഐ ഏജന്റുകൾ പ്രാഥമിക രീതിയിൽ ഹാക്കിങ് ശ്രമം നടത്തിയതായി സ്വതന്ത്ര അന്വേഷണത്തിൽ കണ്ടെത്തിയെന്ന് എഐ ഗവേഷണ ലാബായ ‘ട്രാൻസ്‌ലൂസ്’ അവകാശപ്പെട്ടു.
എന്നാൽ വെബ്‌സൈറ്റിനോ ബന്ധപ്പെട്ട ഡാറ്റാബേസുകൾക്കോ യാതൊരു ആഘാതവും ഉണ്ടായിട്ടില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് വക്താവ് വ്യക്തമാക്കി. ഓപ്പൺഎഐ ഏജന്റുകളുടെ ഇത്തരം പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ വെബ്‌സൈറ്റിൽനിന്ന് കണ്ടെത്തി ഓപ്പൺഎഐയുടെ ശ്രദ്ധയിൽപ്പെടുത്തിയതും തങ്ങളാണെന്ന് ട്രാൻസ്‌ലൂസ് വക്താവ് അറിയിച്ചു.
















