ഇസ്ലാമാബാദ്: പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍റെ പാർട്ടിയായ പാകിസ്താൻ തെഹ്‌രികെ ഇൻസാഫ് (പിടിഐ) പ്രഖ്യാപിച്ച സെപ്റ്റംബർ 27ലെ ഇസ്ലാമാബാദ് മാർച്ചിന് മുന്നോടിയായി ആശുപത്രികൾക്ക് മുന്നൊരുക്ക നിർദേശം നൽകി പാക് സർക്കാർ. വലിയ തോതിൽ ആളപായത്തിനും മാനുഷിക പ്രതിസന്ധിക്കും സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് സർക്കാർ ആശുപത്രികൾക്ക് പ്രത്യേക നിർദേശം നൽകിയിരിക്കുന്നത്. നിശ്ചയിച്ചിട്ടുള്ള എല്ലാ ശസ്ത്രക്രിയകളും അനിശ്ചിതകാലത്തേക്ക് മാറ്റിവയ്ക്കാനും രോഗികളുടെ എണ്ണം വർധിക്കാനുള്ള സാഹചര്യം കണക്കിലെടുത്ത് ശസ്ത്രക്രിയാ വിഭാഗങ്ങൾ സജ്ജമാക്കി നിർത്താനും ഇസ്ലാമാബാദിലെ ആശുപത്രികൾക്ക് നിർദേശം നൽകി.
അവധിയിലുള്ള ജീവനക്കാരെ തിരികെ വിളിക്കാനും ആശുപത്രി അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. മാർച്ച് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരും പിടിഐ നേതൃത്വവും തമ്മിൽ ചർച്ചകൾ നടത്തിയെങ്കിലും കാര്യമായ പുരോഗതിയുണ്ടായിട്ടില്ലെന്നാണ് പാക് മാധ്യമങ്ങളുടെ റിപ്പോർട്ട്. സെപ്റ്റംബർ 27ലെ പ്രതിഷേധം ഉപേക്ഷിക്കുകയും ഭാവിയിൽ പ്രതിഷേധങ്ങളോ റോഡ് ഉപരോധങ്ങളോ പൊലീസുമായുള്ള നേരിട്ടുള്ള ഏറ്റുമുട്ടലുകളോ നടത്തില്ലെന്ന് ഉറപ്പുനൽകുകയും ചെയ്താൽ പിടിഐക്ക് ചില ഇളവുകൾ നൽകാൻ സർക്കാർ തയ്യാറാണെന്നാണ് വിവരം.
ഇമ്രാൻ ഖാനെ ആശുപത്രിയിലേക്ക് മാറ്റുന്നതും അദ്ദേഹവുമായി കൂടിക്കാഴ്ച നടത്താൻ അവസരമൊരുക്കുന്നതും ഉൾപ്പെടെയുള്ള ഇളവുകളാണ് സർക്കാർ മുന്നോട്ടുവച്ചിട്ടുള്ളത്. എന്നാൽ സർക്കാരിലുള്ള വിശ്വാസക്കുറവ് ചൂണ്ടിക്കാട്ടി പ്രതിഷേധത്തിൽനിന്ന് പിന്മാറാൻ പിടിഐ നേതാക്കൾ തയ്യാറായിട്ടില്ല. ഇമ്രാൻ ഖാന്റെ സഹോദരിമാരെ കസ്റ്റഡിയിലെടുത്തതും പുതിയ പ്രതിഷേധ നീക്കങ്ങൾക്ക് കാരണമായിട്ടുണ്ട്. പിടിഐയുടെ പ്രധാന പ്രതിഷേധ റാലി ഖൈബർ പഖ്തൂൺഖ്വയിൽനിന്നായിരിക്കും ആരംഭിക്കുക.
















