Caritas hospital

ലാനാ റീജണല്‍ കണ്‍വെന്‍ഷന്‍ ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍

ലാനാ റീജണല്‍ കണ്‍വെന്‍ഷന്‍ ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍

ന്യൂയോര്‍ക്ക് : ലിറ്റററി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (ലാന) യുടെ ഈ വര്‍ഷത്തെ റീജണല്‍ കണ്‍വെന്‍ഷന്‍ സെപ്റ്റംബര്‍ 25, 26, 27 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ വാഷിംഗ്ടണ്‍ ഡി. സി. ഏരിയയിലെ വെര്‍ജീനിയ ലീസ്ബര്‍ഗ് കാരഡോക് ഹാള്‍ ഹോട്ടലില്‍ നടക്കും. അമേരിക്കയിലും കാനഡയിലുമുള്ള മലയാള സാഹിത്യ സ്‌നേഹികളും എഴുത്തുകാരും ആകാംഷയോടെ കാത്തിരുന്നു പങ്കെടുക്കുന്ന ഈ കൂട്ടായ്മയ്ക്ക് നേതൃത്വം നല്‍കുവാനായി കേരളത്തിലെ പ്രശസ്ത എഴുത്തുകാരായ പോള്‍ സക്കറിയയും, വി. ജെ. ജെയിംസും അമേരിക്കയില്‍ എത്തിക്കഴിഞ്ഞു. അമേരിക്കയിലെ വാഷിംഗ്ടണ്‍ ഡി.സി. യില്‍ നിന്നുള്ള പ്രശസ്ത ഇന്ത്യന്‍-അമേരിക്കന്‍ കവയിത്രിയും, നോവലിസ്റ്റും, അധ്യാപികയും, വൈവിധ്യവല്‍ക്കരണ കണ്‍സള്‍ട്ടന്റുമായ പ്രൊഫ. ഡോ. അനിതാ നഹാലാണ് ഇംഗ്ലീഷ് സാഹിത്യ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നത്.

ഈയിടെ അന്തരിച്ച, ലാനയുടെ ആദ്യകാല ഭാരവാഹികളിലൊരാളും പ്രശസ്ത സാഹിത്യകാരനുമായ ജോര്‍ജ് മണ്ണിക്കരോട്ടിനോടുള്ള ആദരസൂചകമായി ‘ജോര്‍ജ് മണ്ണിക്കരോട്ട് നഗര്‍’ എന്നാണ് സമ്മേളന വേദിക്ക് പേരിട്ടിരിക്കുന്നത്. അടുത്തിടെ നമ്മെ വിട്ടുപോയ അമേരിക്കന്‍ മലയാളി എഴുത്തുകാരന്‍ പി. ടി. പൗലോസിനെ സമ്മേളനത്തില്‍ പ്രത്യേകം അനുസ്മരിക്കും.
സെപ്തംബര്‍ 25 നു വൈകുന്നേരം 3 മണിക്ക് തുടങ്ങുന്ന ഈ സാഹിത്യ സൗഹൃദ സമ്മേളനം നിരവധി അക്ഷരസ്‌നേഹികളുടെ സാന്നിദ്ധ്യത്താല്‍ സമ്പന്നമായിരിക്കും. എഴുത്തിലെ പുതുവഴികള്‍ വെളിപ്പെടുത്തിയും, പഴമയുടെ മാറ്റുരച്ചും നടക്കുന്ന സാഹിത്യ ചര്‍ച്ചകളും സംവാദങ്ങളും ഓരോ എഴുത്തുകാര്‍ക്കും പുതിയകാഴ്ചപ്പാടുകള്‍ നല്‍കും. അതോടൊപ്പം സ്വയം വിമര്‍ശനത്തിന്റെയും പാകപ്പെടുത്തലിന്റെയും ഒരവസരം കൂടിയാണിത്.

ആശയങ്ങളുടെ, ചിന്തകളുടെ, ആവിഷ്‌ക്കാരങ്ങളുടെ ഒക്കെയും ഒരു സ്പര്‍ശം നമുക്ക് ഈ വേദിയില്‍ അനുഭവപ്പെടും. സമകാലിക മലയാള എഴുത്തുകാരില്‍ മുന്‍നിരയിലുള്ള, പ്രഗത്ഭരായ സക്കറിയയെയും, വി. ജെ. ജെയിംസിനെയും പോലുള്ള എഴുത്തുകാര്‍ക്ക് പങ്കുവയ്ക്കാനാകുന്ന അനുഭവങ്ങള്‍, അവരുടെ ചിന്താധാരയും എഴുത്തുവഴികളും അമേരിക്കന്‍ മലയാളി എഴുത്തുകാര്‍ക്ക് ഒരു മുതല്‍ക്കൂട്ടായിരിക്കും.

പുതിയ നാല് മലയാളം പുസ്തകങ്ങളുടെയും മൂന്ന് ഇംഗ്‌ളീഷ് പുസ്തകങ്ങളുടെയും പ്രകാശനം സമ്മേളനത്തില്‍ നടക്കും. ഈ വര്‍ഷം പ്രസിദ്ധീകരിച്ച ലാന അംഗങ്ങളുടെ ആറു പുസ്തകങ്ങള്‍ സമ്മേളനത്തില്‍ വിശദമായി പരിചയപ്പെടുത്തും. അമേരിക്കയിലെ മലയാളം എഴുത്തുകാരുടെ പുസ്തകങ്ങളുടെ വിപുലമായ ശേഖരമുള്ള സഞ്ചരിക്കുന്ന ലൈബ്രറിയുടെ പുസ്തക പ്രദര്‍ശനവും സമ്മേളന ഹാളില്‍ ഉണ്ടാവും.

കേരള ലിറ്റററി സൊസൈറ്റിയുടെ മനയില്‍ ജേക്കബ് കവിതാ പുരസ്‌കാരവും, എബ്രഹാം തെക്കേമുറി കഥാപുരസ്‌കാരവും, കെ.എല്‍.എസ് പ്രത്യേകജൂറി പുരസ്‌കാരവും സമ്മേളനത്തില്‍ വെച്ച് സമ്മാനിക്കും. അക്ഷരങ്ങളെ സ്‌നേഹിക്കുന്ന, എഴുത്തിനെ ആരാധിക്കുന്ന ഓരോ എഴുത്തുകാരെയും, സാഹിത്യ സ്‌നേഹികളെയും ഈനല്ല നിമിഷങ്ങളിലേക്ക് ഹൃദയപൂര്‍വ്വം ക്ഷണിക്കുന്നു. എഴുത്തുകാരന്‍ വേണുഗോപാലന്‍ കൊക്കോടന്‍ (കണ്‍വെന്‍ഷന്‍ കമ്മറ്റി ചെയര്‍മാന്‍), ഷിനോ കുര്യന്‍ (കണ്‍വെന്‍ഷന്‍ കമ്മറ്റി കണ്‍വീനര്‍) എന്നിവരുടെ നേതൃത്വത്തിലുള്ള വിപുലമായ ലാനാ റീജണല്‍ കണ്‍വെന്‍ഷന്‍ കമ്മറ്റി ഇതിന്റെ വിജയിത്തിനായുള്ള എല്ലാ ഒരുക്കങ്ങളും തുടരുന്നു.
കൂടുതല്‍ വിവരങ്ങള്‍ ലാന പ്രസിഡന്റ് സാമുവേല്‍ യോഹന്നാനില്‍ നിന്നും (+1 214 435 0124) സെക്രട്ടറി നിര്‍മ്മല ജോസഫില്‍ (+1 347 204 0062) നിന്നും ലഭിക്കും.

വാര്‍ത്ത തയാറാക്കിയത്: നിര്‍മല ജോസഫ് (സെക്രട്ടറി) +1 347 204 0062

Preparations for the LANA Regional Convention are in the final stages.

Share Email
Top