ന്യൂയോര്‍ക്ക് : ബെന്നി നെച്ചൂറിന്റെ ‘പുല്ലാന്തറയാറു പറഞ്ഞ കഥകള്‍’ എന്ന പുസ്തകം 2026 സെപ്തംബര്‍ 26 ശനിയാഴ്ച വാഷിംഗ്ടണ്‍ ഡി.സി.യില്‍ നടക്കുന്ന ലാന കണ്‍വെന്‍ഷനില്‍ മലയാളത്തിന്റെ പ്രശസ്ത എഴുത്തുകാരായ സക്കറിയയും വി. ജെ. ജെയിംസും ചേര്‍ന്ന് പ്രകാശനം ചെയ്യുന്നു. ഗ്രീന്‍ ബുക്‌സാണ് ഈ കഥാസമാഹാരം പ്രസിദ്ധീകരിക്കുന്നത്.
അമേരിക്കന്‍ ജീവിതത്തിന്റെ വ്യത്യസ്ത മാനങ്ങള്‍, ബൈബിള്‍ രൂപകങ്ങള്‍, ഒറ്റപ്പെടലിന്റെ വേദനകള്‍, അമ്മമാരുടെ നിസ്വാര്‍ത്ഥ സ്‌നേഹം എന്നിവയിലൂടെ വികസിക്കുന്നവയാണ് ഓരോ കഥയും. നാട്ടിന്‍പുറത്തിന്റെ മണവും വൈദേശികമണ്ണും ഇഴചേര്‍ന്ന അന്തരീക്ഷത്തില്‍ ഒരു സാമൂഹിക ചിന്തകന്റെ വ്യക്തമായ കൈയൊപ്പുള്ള രചനകള്‍.മനുഷ്യജീവിതത്തോടുള്ള അഗാധമായ സ്‌നേഹസമര്‍പ്പണവും, അരികുവല്‍ക്കരിക്കപ്പെട്ടവരുടെ സങ്കടങ്ങളും, സ്വന്തം പൈതൃകത്തില്‍ ആഴത്തില്‍ വേരോടുന്ന കുടുംബബന്ധങ്ങളുടെ തിരിച്ചറിവുകളും പ്രമേയമാകുന്ന അഞ്ച് കഥകള്‍. നല്ലൊരു വായനാനുഭവം സമ്മാനിക്കുന്നവയാണ് ബെന്നി നെച്ചൂര്‍ എഴുതിയ പുതിയ കഥാസമാഹാരം ‘പുല്ലാന്തറയാറു പറഞ്ഞ കഥകള്‍’ .
ലിറ്റററി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (ലാന) യുടെ ഈ വര്‍ഷത്തെ റീജണല്‍ കണ്‍വെന്‍ഷന്‍ സെപ്റ്റംബര്‍ 25, 26, 27 (വെള്ളി, ശനി, ഞായര്‍) തീയതികളിലാണ് നടക്കുന്നത്.
എഴുത്തുകാരന്‍ വേണുഗോപാലന്‍ കൊക്കോടന്‍ (കണ്‍വെന്‍ഷന്‍ കമ്മറ്റി ചെയര്‍മാന്‍ +1 805 339 7104), ഷിനോ കുര്യന്‍ (കണ്‍വെന്‍ഷന്‍ കമ്മറ്റി കണ്‍വീനര്‍ +1 540 692 2300) എന്നിവരുടെ നേതൃത്വത്തിലുള്ള വിപുലമായ ലാനാ റീജണല്‍ കണ്‍വെന്‍ഷന്‍ കമ്മറ്റി ഇതിന്റെ വിജയിത്തിനായുള്ള എല്ലാ ഒരുക്കങ്ങളും തുടരുന്നു.
കൂടുതല്‍ വിവരങ്ങള്‍ ലാന പ്രസിഡന്റ് ശാമുവേല്‍ യോഹന്നാന്‍ (+1 214 435 0124), സെക്രട്ടറി നിര്‍മ്മല ജോസഫ് (+1 347 204 0062) എന്നിവരില്‍ നിന്നും ലഭിക്കും.
‘Pullantharayaru Paranja Kathakal’: Book launch at the LANA Convention on September 26.
















