വാഷിങ്ടണ്‍: യുഎസ് സന്ദര്‍ശക വിസയ്ക്കുള്ള അഭിമുഖത്തിനായി ഇന്ത്യയില്‍ അപേക്ഷകര്‍ ശരാശരി ഒരു വര്‍ഷം വരെ കാത്തിരിക്കേണ്ടിവന്നതായി റിപ്പോര്‍ട്ട്. 2025 സാമ്പത്തിക വര്‍ഷത്തിലെ കണക്കുകളാണ് പുറത്തുവന്നത്. കോവിഡ് മഹാമാരിക്ക് മുമ്പ് ശരാശരി കാത്തിരിപ്പ് 42 ദിവസമായിരുന്ന സ്ഥാനത്താണ് ഇപ്പോള്‍ 346 ദിവസമായി ഉയര്‍ന്നത്. യുഎസ് ഗവണ്‍മെന്റ് അക്കൗണ്ടബിലിറ്റി ഓഫീസ് തിങ്കളാഴ്ച പുറത്തുവിട്ട ഫെഡറല്‍ ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
വിസയ്ക്കുള്ള ആവശ്യക്കാര്‍ വളരെ കൂടുതലായതാണ് വൈകാന്‍ പ്രധാന കാരണമെന്ന് ഓഡിറ്റില്‍ കണ്ടെത്തി. എന്നാല്‍ 346 ദിവസം എന്നത് 2025 സാമ്പത്തിക വര്‍ഷത്തിലെ അഭിമുഖത്തിനായുള്ള ചരിത്രപരമായ ശരാശരിയാണ്. അഭിമുഖത്തിന് ശേഷം വിസ അപേക്ഷയില്‍ തീരുമാനം എടുക്കാന്‍ എടുക്കുന്ന സമയമോ നിലവില്‍ അപേക്ഷിക്കുന്ന ഒരാള്‍ നേരിടുന്ന കാത്തിരിപ്പോ ഈ കണക്ക് വ്യക്തമാക്കുന്നില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
2025ല്‍ ഇന്ത്യയില്‍ ഏകദേശം 14,55,255 നോണ്‍-ഇമിഗ്രന്റ് വിസ അപേക്ഷകള്‍ ലഭിച്ചതായാണ് കണക്ക്. ഇത്തരം വിസകള്‍ കൈകാര്യം ചെയ്യാന്‍ ഇന്ത്യയില്‍ 68 കോണ്‍സുലര്‍ ഉദ്യോഗസ്ഥരാണ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിനുണ്ടായിരുന്നത്. അതായത് ഒരു ഉദ്യോഗസ്ഥന് ശരാശരി 21,401 അപേക്ഷകള്‍ എന്ന നില. നിരവധി താല്‍ക്കാലിക വിസ വിഭാഗങ്ങളിലെ അപേക്ഷകളാണ് ഈ കണക്കില്‍ ഉള്‍പ്പെടുന്നത്. അതേസമയം 346 ദിവസത്തെ കാത്തിരിപ്പ് പ്രധാനമായും സന്ദര്‍ശക വിസ അഭിമുഖവുമായി ബന്ധപ്പെട്ടതാണെന്നും ഓഡിറ്റ് വ്യക്തമാക്കി.
ചൈനയില്‍ സന്ദര്‍ശക വിസ അഭിമുഖത്തിനുള്ള ശരാശരി കാത്തിരിപ്പ് 34 ദിവസവും ബ്രസീലില്‍ 32 ദിവസവുമായിരുന്നു. ഇന്ത്യയോട് സമാനമായ തോതില്‍ ഓരോ ഉദ്യോഗസ്ഥനും അപേക്ഷകള്‍ കൈകാര്യം ചെയ്ത മെക്‌സിക്കോയില്‍ കാത്തിരിപ്പ് 283 ദിവസമായിരുന്നു. ഏറ്റവും കൂടുതല്‍ ശരാശരി കാത്തിരിപ്പ് രേഖപ്പെടുത്തിയ 10 രാജ്യങ്ങളില്‍ ഇന്ത്യ ഏഴാം സ്ഥാനത്താണ്. കോവിഡ് മഹാമാരിക്ക് ശേഷം ആവശ്യത്തിന് അനുസരിച്ച് ഉദ്യോഗസ്ഥരെ നിയമിക്കാന്‍ കഴിയാത്തതും ഉയര്‍ന്ന അപേക്ഷാ നിരക്കും കാലതാമസത്തിന് പ്രധാന കാരണങ്ങളാണെന്ന് വിവിധ രാജ്യങ്ങളിലെ ഉദ്യോഗസ്ഥര്‍ ഓഡിറ്റര്‍മാരോട് പറഞ്ഞു.
ജീവനക്കാരുടെ കുറവിന് പുറമെ ന്യൂഡല്‍ഹിയിലെ യുഎസ് എംബസിയിലെ അഭിമുഖ സൗകര്യങ്ങളുടെ പരിമിതിയും പ്രശ്‌നമായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. അപേക്ഷകരുടെ എണ്ണത്തിന് അനുസരിച്ച് മതിയായ ഇന്റര്‍വ്യൂ വിന്‍ഡോകള്‍ ഇല്ലെന്നും നൂറുകണക്കിന് അപേക്ഷകര്‍ എംബസിക്ക് പുറത്തും മറ്റ് കാത്തിരിപ്പ് കേന്ദ്രങ്ങളിലും കാത്തുനില്‍ക്കുന്നത് ഓഡിറ്റര്‍മാര്‍ കണ്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അപേക്ഷാ നടപടികള്‍ വേഗത്തിലാക്കാന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വിവിധ നടപടികള്‍ സ്വീകരിച്ചുവരികയാണ്. 2024 സാമ്പത്തിക വര്‍ഷത്തില്‍ അഭിമുഖം ഒഴിവാക്കാന്‍ അര്‍ഹതയുണ്ടായിരുന്ന ന്യൂഡല്‍ഹിയിലെ സന്ദര്‍ശക വിസ അപേക്ഷകളില്‍ 80.6 ശതമാനവും വാഷിങ്ടണില്‍ നിന്നുള്ള പ്രത്യേക സംഘം വിദൂരമായി കൈകാര്യം ചെയ്തു. ന്യൂഡല്‍ഹിയിലെ ഉദ്യോഗസ്ഥര്‍ അധിക ശനിയാഴ്ചകളിലും ജോലി ചെയ്ത് അപേക്ഷകള്‍ തീര്‍പ്പാക്കാന്‍ ശ്രമിച്ചതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
Reports indicate that Indians may have to wait up to a year for a US visitor visa interview.
















