വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രതിരോധ വകുപ്പിന്റെ (പെന്റഗണ്‍) വിപുലമായ ജീവനക്കാരുടെ ഡാറ്റാബേസിലുണ്ടായ സുരക്ഷാ വീഴ്ചയില്‍ സൈനിക ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ഏകദേശം 30 ലക്ഷത്തിലധികം ആളുകളുടെ അതീവ രഹസ്യമായ വിവരങ്ങള്‍ പുറത്തായതായി യുഎസ് പ്രതിരോധ ഉദ്യോഗസ്ഥന്‍ അറിയിച്ചു. സോഷ്യല്‍ സെക്യൂരിറ്റി നമ്പറുകള്‍, സൈനിക സിവിലിയന്‍ ജീവനക്കാര്‍ നിര്‍വഹിച്ചിരുന്ന ജോലികളുടെ വിവരങ്ങള്‍ തുടങ്ങിയ വ്യക്തിഗത വിവരങ്ങളാണ് ചോര്‍ന്നത്. ജീവിച്ചിരിക്കുന്ന 27.6 ലക്ഷം പേരുടെയും മരണപ്പെട്ട 2.94 ലക്ഷം പേരുടെയും വിവരങ്ങള്‍ ഇതില്‍ ഉള്‍പ്പെട്ടതായി ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. പുറത്തായ വിവരങ്ങളുടെ വ്യാപ്തിയും സ്വഭാവവും ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകള്‍ക്ക് ഇടയാക്കുന്നതാണ്.
2025 ഒക്ടോബര്‍ മുതല്‍ 2026 ജൂലൈ വരെയാണ് ഇത്തരത്തില്‍ ഡേ്്റ്റാ ചോര്‍ച്ച ഉണ്ടായത്. സുരക്ഷാ വീഴ്ച കണ്ടെത്തിയ ഉടന്‍ തന്നെഡിഎംഡിസി ഇടപെടല്‍ നടത്തി. സൈനിക രേഖകളുടെ പ്രധാന ശേഖരങ്ങളിലൊന്നാണ് ഡിഎംഡിസി. നിലവിലെ സൈനികര്‍, റിസര്‍വ് സൈനികര്‍, സിവിലിയന്‍ ജീവനക്കാര്‍, കരാറുകാര്‍, വിരമിച്ചവര്‍, മുന്‍ സൈനികര്‍, സൈനിക കുടുംബാംഗങ്ങള്‍ തുടങ്ങിയവരുടെ വിവരങ്ങള്‍ ഇവിടെ സൂക്ഷിക്കുന്നു. ആറു കോടിയിലധികം വ്യക്തികളുടെ രേഖകള്‍ സ്ഥാപനത്തിന്റെ കൈവശമുണ്ടെന്നാണ് വിവരം. മിലിറ്ററി ടൈംസ് ആണ് കഴിഞ്ഞ ആഴ്ച ആദ്യം ഡാറ്റാ ചോര്‍ച്ച റിപ്പോര്‍ട്ട് ചെയ്തത്.
2025 ഒക്ടോബര്‍ മുതല്‍ ജൂലൈ വരെ അനധികൃത പ്രവേശനം നടന്നതായി പ്രതിരോധ ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചു. എന്നാല്‍ പുറത്തായ വിവരങ്ങള്‍ ദുരുപയോഗം ചെയ്തതായി ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ബാധിക്കപ്പെട്ടേക്കാവുന്ന വ്യക്തികള്‍ക്ക് തിരിച്ചറിയല്‍ സംരക്ഷണവും ക്രെഡിറ്റ് നിരീക്ഷണവുമായി ബന്ധപ്പെട്ട സേവനങ്ങള്‍ നല്‍കുന്നുണ്ടെന്നും പ്രതിരോധ അധികൃതര്‍ അറിയിച്ചു. അതേസമയം, പെന്റഗണ്‍ ഡേറ്റാ ചോര്‍ച്ച സംബന്ധിച്ച വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ എഫ്ബിഐയുടെ ജോബ് പോര്‍ട്ടലില്‍ ഉണ്ടായ മറ്റൊരു സുരക്ഷാ വീഴ്ചയും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. വെള്ളിയാഴ്ച എഫ്ബിഐ ജീവനക്കാര്‍ക്ക് ഇതുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് നല്‍കിയിരുന്നു.
എഫ്ബിഐ ജീവനക്കാരുടെ പേരുകള്‍, വീടിന്റെ വിലാസം, വ്യക്തിഗതവും ഔദ്യോഗികവുമായ ബന്ധപ്പെടാനുള്ള വിവരങ്ങള്‍, സോഷ്യല്‍ സെക്യൂരിറ്റി നമ്പറുകള്‍, ജനനത്തീയതി, അടിയന്തര സാഹചര്യത്തില്‍ ബന്ധപ്പെടേണ്ട വ്യക്തികളുടെ വിവരങ്ങള്‍ എന്നിവ പുറത്തുവിടുമെന്ന് ഒരു സൈബര്‍ ആക്രമണസംഘം അവകാശപ്പെട്ടതായി സ്രോതസ്സുകളെ ഉദ്ധരിച്ച് എബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. എല്ലാ എഫ്ബിഐ ജീവനക്കാരുടെയും വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നതായി കണക്കാക്കിയാണ് ബ്യൂറോ പ്രവര്‍ത്തിക്കുന്നത്.
Security breach in US Department of Defense employee database: Data of 3 million people exposed.
















