വാഷിങ്ടണ്‍: അമേരിക്കയിലെ ലക്ഷക്കണക്കിന് ആളുകള്‍ക്ക് ലഭിക്കുന്ന സപ്ലിമെന്ററി ന്യൂട്രീഷന്‍ അസിസ്റ്റന്‍സ് പ്രോഗ്രാം (ടചഅജ) ഭക്ഷ്യസഹായ പദ്ധതിയില്‍ വന്‍ ഇടിവ്. എച്ച്ആര്‍ വണ്‍ എന്ന ബജറ്റ് നിയമം പ്രാബല്യത്തില്‍ വന്നതിന് ശേഷം രാജ്യത്താകെ ഏകദേശം 50 ലക്ഷം പേര്‍ക്ക് സ്‌നാപ് സഹായം നഷ്ടപ്പെട്ടതായി സെന്റര്‍ ഓണ്‍ ബജറ്റ് ആന്‍ഡ് പോളിസി പ്രയോരിറ്റീസ് റിപ്പോര്‍ടട് ചെയ്യുന്നു. സഹായം നഷ്ടപ്പെട്ടവരില്‍ 15 ലക്ഷത്തിലധികം കുട്ടികളും ഉള്‍പ്പെടുന്നു.
ഒക്ടോബര്‍ ഒന്നു മുതല്‍ സ്്‌നാപ് പദ്ധതിയുടെ ഭരണച്ചെലവിന്റെ 75 ശതമാനം സംസ്ഥാനങ്ങള്‍ തന്നെ വഹിക്കേണ്ടിവരും. വരും വര്‍ഷങ്ങളില്‍ ഗുണഭോക്താക്കള്‍ക്ക് നല്‍കുന്ന ഭക്ഷ്യസഹായത്തിന്റെ ചെലവിലും ഫെഡറല്‍ സര്‍ക്കാരില്‍ നിന്ന് സംസ്ഥാനങ്ങളിലേക്ക് വലിയൊരു ഭാഗം മാറ്റാനാണ് തീരുമാനം. ഈ മാറ്റം നടപ്പാക്കുന്നത് വൈകിപ്പിക്കാന്‍ കോണ്‍ഗ്രസ് ഇടപെടണമെന്ന് സംസ്ഥാന-ദേശീയ തലത്തിലുള്ള ഭക്ഷ്യസഹായ സംഘടനകള്‍ ആവശ്യപ്പെട്ടു.
പുതിയ തൊഴില്‍ നിബന്ധനകളും അപേക്ഷാ നടപടികളിലെ അധിക ബുദ്ധിമുട്ടുകളുമാണ് സ്‌നാപ് സഹായം നഷ്ടപ്പെടുന്നതിന്റെ പ്രധാന കാരണങ്ങളെന്ന് വിദഗ്ധര്‍ പറയുന്നു. ആശ്രിതരില്ലാത്ത ജോലി ചെയ്യാന്‍ കഴിയുന്ന മുതിര്‍ന്നവര്‍ക്കുള്ള തൊഴില്‍ നിബന്ധനയുടെ പരമാവധി പ്രായം 54ല്‍ നിന്ന് 64 ആയി ഉയര്‍ത്തിയിട്ടുണ്ട്. അതേസമയം, ആശ്രിതരായ കുട്ടികളുടെയും കുടുംബാംഗങ്ങളുടെയും ചില ഇളവുകളിലും മാറ്റം വരുത്തിയിട്ടുണ്ട്. ഇതിന്റെ ഫലമായി ഭക്ഷണം വാങ്ങുന്നതും വാടകയും മറ്റ് അവശ്യ ചെലവുകളും നിറവേറ്റുന്നതും തമ്മില്‍ പല കുടുംബങ്ങളും ബുദ്ധിമുട്ടേറിയ തീരുമാനങ്ങള്‍ എടുക്കേണ്ടിവരുന്നതായി ഭക്ഷ്യസഹായ സംഘടനകള്‍ പറയുന്നു.
അരിസോണ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ സ്‌നാപ് ഗുണഭോക്താക്കളുടെ എണ്ണത്തില്‍ വലിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അരിസോണയില്‍ നാലു ലക്ഷത്തിലധികം പേര്‍ക്ക് സഹായം നഷ്ടപ്പെട്ടതായി സിബിപിപി കണക്കുകള്‍ പറയുന്നു. ഇതിന് പിന്നാലെ ഭക്ഷ്യബാങ്കുകളിലെത്തുന്നവരുടെ എണ്ണവും വര്‍ധിച്ചു. എന്നാല്‍ സ്‌നാപ് നല്‍കുന്ന ഭക്ഷണസഹായത്തിന് പകരം ഭക്ഷ്യബാങ്കുകള്‍ക്ക് പൂര്‍ണമായി നില്‍ക്കാനാകില്ലെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ന്യൂ മെക്‌സിക്കോയിലും ഭക്ഷ്യബാങ്കുകള്‍ക്ക് മുന്നിലെ നീണ്ട നിരകള്‍ സഹായം ആവശ്യപ്പെടുന്നവരുടെ എണ്ണം വര്‍ധിച്ചതിന്റെ സൂചനയാണ്.
സംസ്ഥാനങ്ങളും ദേശീയ ഭക്ഷ്യബാങ്ക് സംഘടനകളും സ്‌നാപ് ചെലവ് സംസ്ഥാനങ്ങളിലേക്ക് മാറ്റുന്നത് വൈകിപ്പിക്കാന്‍ കോണ്‍ഗ്രസിനോട് ആവശ്യപ്പെടുകയാണ്. അധിക സാമ്പത്തിക ബാധ്യത ഏറ്റെടുക്കുന്നതിന് മുമ്പ് സംസ്ഥാനങ്ങള്‍ക്ക് പിഴവുകളുടെ നിരക്ക് കുറയ്ക്കാനും സംവിധാനങ്ങള്‍ മെച്ചപ്പെടുത്താനും കൂടുതല്‍ സമയം ആവശ്യമാണെന്നാണ് ഇവരുടെ നിലപാട്. സെനറ്റ് അഗ്രികള്‍ച്ചര്‍ കമ്മിറ്റി ചെയര്‍മാന്‍ ജോണ്‍ ബൂസ്മാന്‍ സ്‌നാപ് ചെലവ് മാറ്റിവയ്ക്കാനുള്ള നിര്‍ദേശവുമായി രംഗത്തെത്തിയിട്ടുണ്ടെങ്കിലും അത് ഇതുവരെ മുന്നോട്ട് പോയിട്ടില്ലെന്നതാണ് വസ്തുത.
Sharp drop in SNAP food assistance; uncertainty over September funding.

















