മാത്യുക്കുട്ടി ഈശോ
ന്യൂയോര്‍ക്ക്: നാല്പതാമത് വാര്‍ഷികം ആഘോഷിക്കുന്ന ന്യൂയോര്‍ക്ക് മലയാളീ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന കൈരളി കപ്പ് സോക്കര്‍ ടൂര്‍ണ്ണമെന്റ് ആവേശോജ്ജ്വലമായി ന്യൂഹൈഡ് പാര്‍ക്കില്‍ സെപ്തംബര്‍ 5 ശനിയാഴ്ച്ച നടത്തുന്നു. ന്യൂഹൈഡ് പാര്‍ക്കിലെ ഡെന്റന്‍ അവന്യുവിന് സമീപമുള്ള മൈക്കിള്‍ ജെ. ടള്ളി പാര്‍ക്കില്‍ (Michael J. Tully Park, 1801 Evergreen Ave, New Hyde Park, NY 11040) ശനിയാഴ്ച്ച രാവിലെ 9 മുതല്‍ ആരംഭിക്കുന്ന സോക്കര്‍ ടൂര്‍ണ്ണമെന്റില്‍ ഏഴ് ടീമുകള്‍ മാറ്റുരക്കുന്നു. ഫുട്‌ബോള്‍ പ്രേമികളെ ആവേശം കൊള്ളിക്കുന്ന കൈരളി കപ്പ് ടൂര്‍ണ്ണമെന്റ് എല്ലാ വര്‍ഷവും ന്യൂയോര്‍ക്ക് മലയാളി സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്നുണ്ട്.

ന്യൂജേഴ്സി ട്രൈ സ്റ്റേറ്റ് ഫുട്‌ബോള്‍ ക്ലബ്ബ് , ന്യൂ ഇംഗ്ലണ്ട് NEMM ഫുട്‌ബോള്‍ ക്ലബ്ബ് , ഫിലാഡല്‍ഫിയ ആര്‍സെനല്‍സ്, വെസ്റ്റ് ചെസ്റ്റര്‍ ചലഞ്ചേര്‍സ് ,റോക്ലാന്‍ഡ് തടിയന്‍സ് ഫുട്‌ബോള്‍ ക്ലബ്ബ് , മലയാളീ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ സ്വന്തം ടീം ആയ ന്യൂയോര്‍ക്ക് ഐലന്‍ഡേഴ്സ്, ന്യൂയോര്‍ക്ക് റേഞ്ചേഴ്സ് എന്നീ ഏഴ് ടീമുകളാണ് വാശിയേറിയ മത്സരങ്ങളിലൂടെ ഏറ്റുമുട്ടുന്നത്. ന്യൂയോര്‍ക്ക് ഐലന്‍ഡേഴ്സ് ടീമാണ് കഴിഞ്ഞ വര്‍ഷത്തെ കൈരളി കപ്പ് ജേതാക്കള്‍.
സ്‌പോര്ട്‌സിന്റെ ഉന്നമനത്തിനായി അക്ഷീണം പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന മലയാളീ സ്‌പോര്‍ട്‌സ് ക്ലബ്ബിന് തങ്ങളുടേതായ സോക്കര്‍ ടീം, ബാസ്‌കറ്റ് ബോള്‍ ടീം, ക്രിക്കറ്റ് ടീം, ബാഡ്മിന്റണ്‍ ടീം, വോളീബോള്‍ ടീം എന്നിങ്ങനെ വിവിധ ടീമുകളുണ്ട്. അവ പല നാഷണല്‍ മത്സരങ്ങളില്‍ പങ്കെടുത്തു വിജയികളാകാറുണ്ട്. അതോടൊപ്പം സ്‌കൂള്‍ കുട്ടികള്‍ക്കും, യുവാക്കള്‍ക്കും, സ്‌പോര്‍ട്‌സില്‍ താല്‍പ്പര്യമുള്ളവര്‍ക്കും സോക്കര്‍, ക്രിക്കറ്റ്, ബാഡ്മിന്റണ്‍ തുടങ്ങിയ വിവിധ സ്‌പോര്‍ട്‌സ് ഇനങ്ങളില്‍ പരിശീലനം നല്‍കുന്നതിനും സ്‌പോര്‍ട്‌സ് ക്ലബ്ബ് മുന്‍കൈ എടുത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.
‘മയക്കുമരുന്നിന്റെയും, ലഹരി പദാര്‍ഥങ്ങളുടെയും പിടിയില്‍ നമ്മുടെ സ്‌കൂള്‍ കുട്ടികളും, യുവാക്കളും വഴുതി വീഴാതിരിക്കുന്നതിന് സ്‌പോര്‍ട്‌സ് മേഖലയിലേക്ക് അവരുടെ ശ്രദ്ധ തിരിച്ച് അവര്‍ക്ക് നല്ല പരിശീലനം കൊടുത്ത് സമൂഹത്തിന് കൊള്ളാവുന്ന പൗരന്മാരായി മാറ്റിയെടുക്കുന്നതില്‍ മലയാളീ സ്‌പോര്‍ട്‌സ് ക്ലബ്ബ് കഴിഞ്ഞ നാല്‍പ്പത് വര്‍ഷങ്ങളായി നല്ലൊരു പങ്കാണ് വഹിക്കുന്നത്. സാമ്പത്തിക പരിമിതികള്‍ മൂലം പലപ്പോഴും കൂടുതല്‍ പരിശീലനങ്ങള്‍ നല്‍കുന്നതിനോ മറ്റു സംസ്ഥാനങ്ങളില്‍ വച്ച് നടക്കുന്ന മത്സരങ്ങളില്‍ പങ്കെടുപ്പിക്കുന്നതിന് ടീമുകളെ കൊണ്ടുപോകുന്നതിനോ പലപ്പോഴും സാധിക്കാറില്ല. പരിശീലനത്തിന് വരുന്ന കുട്ടികളുടെ മാതാപിതാക്കളും സ്‌പോര്‍ട്‌സ്‌ക്ലബ്ബ് ചുമതലക്കാരും അവരവരുടെ പോക്കറ്റില്‍ നിന്നും ചെലവ് ചെയ്ത് പോകുന്നതിനാല്‍ ഒരു പരിധിയിലധികം ഈ ക്ലബ്ബിന് മുമ്പോട്ട് പ്രവര്‍ത്തിക്കുവാന്‍ ബുദ്ധിമുട്ടാകുന്നുണ്ട്.’ കഴിഞ്ഞ ആറ് വര്‍ഷമായി ക്ലബ്ബിന്റെ പ്രസിഡന്റായി പ്രവര്‍ത്തിക്കുന്ന സജി തോമസ് ന്യൂഹൈഡ് പാര്‍ക്കില്‍ പ്രസ്താവിച്ചു.
പ്രസിഡന്റ് സജിയോടൊപ്പം ആല്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന സെക്രട്ടറി സക്കറിയ മത്തായി, ട്രഷറര്‍ മാത്യു ചേരാവള്ളില്‍, വൈസ് പ്രസിഡന്റുമാരായ രഘു നൈനാന്‍ (അഡള്‍ട്ട് പ്രോഗ്രാം), സന്തോഷ് കെ. ഫിലിപ്പ് (യൂത്ത് പ്രോഗ്രാം), ഈപ്പന്‍ ചാക്കോ (ഫിനാന്‍സ്), ജോയിന്റ് സെക്രട്ടറി ജിന്‍സ് ജോസഫ് എന്നിവരും, വിവിധ സ്‌പോര്‍ട്‌സ് ടീമുകളുടെ കോര്‍ഡിനേറ്റര്‍മാരായ ജേക്കബ് വര്‍ക്കി (ബാഡ്മിന്റണ്‍), കാല്‍വിന്‍ സാം (ബാസ്‌ക്കറ്റ് ബോള്‍), ബിജു ഫിലിപ്പ് (ക്രിക്കറ്റ്), ലീജോ കള്ളിക്കാടന്‍ (സോക്കര്‍), റയാന്‍ ഉമ്മന്‍ (വോളീബോള്‍) എന്നിവരും അക്ഷീണ പരിശ്രമം നടത്തിയാണ് ഈ സ്‌പോര്‍ട്‌സ് ക്ലബ്ബിനെ മുമ്പോട്ട് നയിക്കുന്നത്.
ജോസ് കള്ളിക്കാടന്‍, വര്‍ഗ്ഗീസ് മാത്യു, റെജി ജോര്‍ജ്, ജോണ്‍ ജോസഫ്, ഷെറിന്‍ എബ്രഹാം, രാജു പറമ്പില്‍, ജേക്കബ് എബ്രഹാം, രേഖ ജേക്കബ്, പ്രദീപ് ജോസഫ്, ബിജു മാത്യു എന്നിവര്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ഉപദേശക സമിതി അംഗങ്ങളും, ബിജു ചാക്കോ ഓഡിറ്ററുമായി പ്രവര്‍ത്തിക്കുന്നു. ശനിയാഴ്ച നടക്കുന്ന കൈരളി കപ്പ് ടൂര്‍ണ്ണമെന്റിന്റെ സുഗമമായ നടത്തിപ്പിനായി പ്രസ്തുത ചുമതലക്കാരെല്ലാവരും അക്ഷീണം പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. പ്രവേശനം സൗജന്യമായതിനാല്‍ എല്ലാ സ്പോര്‍ട്‌സ് പ്രേമികളെയും ഈ മത്സരം കാണുവാനും കളിക്കാരെ പ്രോത്സാഹിപ്പിക്കുവാനും മൈക്കിള്‍ ജെ. ടള്ളി പാര്‍ക്കില്‍ ശനിയാഴ്ച രാവിലെ മുതല്‍ എത്തിച്ചേരുവാന്‍ സംഘാടകരായ ന്യൂയോര്‍ക്ക് മലയാളീ സ്‌പോര്‍ട്‌സ് ക്ലബ്ബ് ഭാരവാഹികള്‍ ക്ഷണിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: (1) പ്രസിഡന്റ് സജി – (646) 591-8465 (2) സെക്രട്ടറി സാക്ക് – (917) 208-1714 (3) സോക്കര്‍ കോര്‍ഡിനേറ്റര്‍ ലീജോ – (973) 202-5788 (4) ട്രഷറര്‍ ഷെറി – (516) 587-1403 (5) ബെന്‍ – (516) 514-9584.
The Kairali Cup Soccer Tournament will be held at New Hyde Park on Saturday, September 5.

















