വാഷിംഗ്ടണ്‍: 2024ലെ ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ ട്രംപിനെതിരെയുണ്ടായ വധശ്രമത്തിനിടെ വെടിയേറ്റയാള്‍ മരിച്ചു. പെന്‍സില്‍വാനിയയിലെ ബട്ലറില്‍ 2024 ജൂലൈ 13ന് നടന്ന റാലിയിലാണ് വെടിവയ്പ്പുണ്ടായത്. സംഭവത്തില്‍ പരിക്കേറ്റ ജെയിംസ് കോപ്പന്‍ഹേവര്‍ (76) ബുധനാഴ്ച മരിച്ചതായി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ അറിയിച്ചു.
വെടിവയ്പ്പില്‍ ഗുരുതരമായി പരിക്കേറ്റ കോപ്പന്‍ഹേവര്‍, ജീവിതത്തിലുടനീളം പ്രകടിപ്പിച്ച അതേ കരുത്തോടും നിശ്ചയദാര്‍ഢ്യത്തോടും കൂടിയാണ് പ്രതിസന്ധികളെ നേരിട്ടതെന്നും അദ്ദേഹത്തിന്റെ കുടുംബം അറിയിച്ചു.
കോപ്പന്‍ഹേവറിനെ അര്‍പ്പണബോധമുള്ള ഭര്‍ത്താവും പിതാവും മുത്തച്ഛനുമായിരുന്നെന്നാണ് കുടംബാംഗങ്ങളുടെ പ്രതികരണം. സായുധ സേനയില്‍ സേവനം അനുഷ്ഠിച്ചിരുന്ന അദ്ദേഹം രാജ്യത്തോടുള്ള സമര്‍പ്പണത്തിന് പേരുകേട്ട വ്യക്തിയായിരുന്നുവെന്നും അഭിഭാഷകന്‍ പറഞ്ഞു. പിറ്റ്‌സ്ബര്‍ഗിലെ ആശുപത്രിയിലാണ് അദ്ദേഹം മരിച്ചതെന്ന് ആലെഗനി കൗണ്ടി മെഡിക്കല്‍ എക്‌സാമിനര്‍ ഓഫീസ് അറിയിച്ചു. മരണകാരണം സംബന്ധിച്ച പരിശോധനകള്‍ പൂര്‍ത്തിയായിട്ടില്ല. കോപ്പന്‍ഹേവറിനെ യഥാര്‍ഥ അമേരിക്കന്‍ ദേശസ്‌നേഹി എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. അദ്ദേഹത്തിന്റെ മരണം വലിയ നഷ്ടമാണെന്നും സമൂഹമാധ്യമത്തില്‍ ട്രംപ് കുറിച്ചു.
കോപ്പന്‍ഹേവറിന്റെ മരണത്തില്‍ യുഎസ് ഹൗസിലെ റിപ്പബ്ലിക്കന്‍ അംഗങ്ങളും അനുശോചനം രേഖപ്പെടുത്തി. പെന്‍സില്‍വാനിയ ഗവര്‍ണര്‍ ജോഷ് ഷാപിറോയും കുടുംബത്തെ അനുശോചനം അറിയിച്ചു.റാലിയില്‍ വെടിയേറ്റ മറ്റൊരാളായ 50കാരനായ അഗ്‌നിരക്ഷാ സേനാംഗം കോറി കോംപെറട്ടോറെ കൊല്ലപ്പെട്ടിരുന്നു. വെടിവയ്പ്പിനിടെ ട്രംപിന്റെ ചെവിയിലും വെടിയുണ്ട തട്ടിയിരുന്നു. പെന്‍സില്‍വാനിയയിലെ ബെഥല്‍ പാര്‍ക്ക് സ്വദേശിയായ 20കാരന്‍ തോമസ് മാത്യു ക്രൂക്‌സ് സമീപത്തെ കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ നിന്ന് എട്ട് തവണ വരെ വെടിയുതിര്‍ക്കുകയായിരുന്നു.
The person shot during Trump’s 2024 campaign rally has died.
















