വാഷിംഗ്ടൺ: അമേരിക്കയിൽ ഡോണൾഡ് ട്രംപ് ഭരണകൂടം നടപ്പിലാക്കുന്ന കർശന കുടിയേറ്റ വിരുദ്ധ നയങ്ങളുടെ ആഘാതം വ്യക്തമാക്കുന്ന വിവരങ്ങൾ പുറത്ത്. 2025ന്‍റെ തുടക്കം മുതൽ കുടിയേറ്റക്കാരുടെ അറസ്റ്റുകൾ അതിവേഗം ഉയരുകയും തടങ്കൽ കേന്ദ്രങ്ങളിലെ ആളുകളുടെ എണ്ണം 70 ശതമാനത്തോളം വർദ്ധിക്കുകയും ചെയ്തതായി പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. കൊവിഡ് മഹാമാരിക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന മരണനിരക്കാണ് നിലവിൽ ഈ തടങ്കൽ കേന്ദ്രങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
മാരകമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ മാത്രമാണ് ലക്ഷ്യമിടുന്നത് എന്ന് ഭരണകൂടം അവകാശപ്പെടുന്നുണ്ടെങ്കിലും, പിടിയിലാകുന്ന ഭൂരിഭാഗം ആളുകൾക്കും മുൻകാല കുറ്റകൃത്യങ്ങളുടെ പശ്ചാത്തലമില്ലെന്ന് സിറാക്കൂസ് സർവ്വകലാശാലയുടെ ‘ട്രാക്’ നൽകുന്ന വിവരങ്ങൾ ചൂണ്ടിക്കാണിക്കുന്നു. അതേസമയം, കേസിൽ പ്രതി ചേർക്കപ്പെട്ടവരെക്കൂടി കണക്കിലെടുക്കുമ്പോൾ പിടിയിലാകുന്നവരിൽ 70 ശതമാനവും കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരാണെന്നാണ് ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്മെന്‍റിന്‍റെ വിശദീകരണം.
അതിർത്തി സുരക്ഷയ്ക്ക് പുറമെ രാജ്യത്തിനകത്ത് ഐസിഇ ഉദ്യോഗസ്ഥർ നടത്തുന്ന അക്രമസക്തമായ പരിശോധനകൾ വലിയ പ്രതിഷേധത്തിന് വഴിവെച്ചിട്ടുണ്ട്. കാറിന്‍റെ ചില്ലുകൾ തകർത്തും പൊതുസ്ഥലങ്ങളിൽ വെച്ച് ആക്രമിച്ചും ആളുകളെ കസ്റ്റഡിയിൽ എടുക്കുന്ന രീതികൾ പതിവായിരിക്കുകയാണ്. രണ്ടാം ട്രംപ് ഭരണകൂടത്തിന്‍റെ കാലയളവിൽ ഉദ്യോഗസ്ഥർ നടത്തിയ വെടിവെപ്പിൽ കുറഞ്ഞത് 21 പേർക്കെങ്കിലും പരിക്കേൽക്കുകയോ ജീവൻ നഷ്ടപ്പെടുകയോ ചെയ്തിട്ടുണ്ടെന്ന ഞെട്ടിക്കുന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.












