Caritas hospital

ഇറാന്റെ ഉപരോധത്തില്‍ ഇളവ് വരുത്തിയെന്ന റിപ്പോര്‍ട്ട് വ്യാജമെന്നു ട്രംപ്

ഇറാന്റെ ഉപരോധത്തില്‍ ഇളവ് വരുത്തിയെന്ന റിപ്പോര്‍ട്ട് വ്യാജമെന്നു ട്രംപ്

വാഷിംഗ്ടണ്‍: ഇറാനു മേല്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഉപരോധത്തില്‍ ഇളവ് നല്‍കാനും മരവിപ്പിച്ച ഇറാനിയന്‍ ഫണ്ടുകള്‍ വിട്ടുനല്‍കാനും തീരുമാനിച്ചെന്ന റിപ്പോര്‍ട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിഷേധിച്ചു. മിഡില്‍ ഈസ്റ്റിലെ യുദ്ധം തുടരുന്നതിനിടെയാണ് ആക്‌സിയോസ് പുറത്തുവിട്ട റിപ്പോര്‍ട്ട് ട്രംപ് തള്ളിയത്. ഇറാന് ഉപരോധ ഇളവും മരവിപ്പിച്ച ഫണ്ടുകളും വാഗ്ദാനം ചെയ്തുവെന്ന ആക്‌സിയോസിന്റെ റിപ്പോര്‍ട്ട് തെറ്റാണ്. താന്‍ അവര്‍ക്ക് ഒന്നും വാഗ്ദാനം ചെയ്തിട്ടില്ലെന്നു ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമില്‍ കുറിച്ചു.

ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് ചില വ്യക്തമായ നടപടികള്‍ സ്വീകരിക്കുന്നതിന് പകരമായി ഇറാന് ഉപരോധത്തില്‍ ഇളവ് നല്‍കാനും മരവിപ്പിച്ച ഫണ്ടുകള്‍ വിട്ടുനല്‍കാനും ട്രംപ് തയ്യാറാണെന്നാണ് ആക്‌സിയോസ് റിപ്പോര്‍ട്ട് ചെയ്തത്. പേരുവെളിപ്പെടുത്താത്ത യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചായിരുന്നു റിപ്പോര്‍ട്ട്. 80 വയസ്സുള്ള റിപ്പബ്ലിക്കന്‍ നേതാവായ ട്രംപ് റിപ്പോര്‍ട്ടിനെ വ്യാജ വാര്‍ത്ത എന്ന് വിശേഷിപ്പിക്കുകയും റിപ്പോര്‍ട്ട് പിന്‍വലിക്കണമെന്ന് ആക്‌സിയോസിനോട് ആവശ്യപ്പെടുകയും ചെയ്തു.

അതേസമയം, ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി തിങ്കളാഴ്ച ന്യൂയോര്‍ക്കില്‍ ഖത്തര്‍ മധ്യസ്ഥരുമായി കൂടിക്കാഴ്ച നടത്താനിരിക്കുകയായിരുന്നു. കഴിഞ്ഞ ആഴ്ച ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിക്കിടെ യുഎസ്, ഇറാന്‍ ഉദ്യോഗസ്ഥര്‍ ന്യൂയോര്‍ക്കില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ വാഷിങ്ടണുമായി നേരിട്ടുള്ള കൂടുതല്‍ ചര്‍ച്ചകള്‍ക്ക് നിലവില്‍ തീരുമാനമില്ലെന്ന് ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഐആര്‍എന്‍എ തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തു.

ശനിയാഴ്ച, ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനായി ഇറാന്‍ മുന്നോട്ടുവച്ച നിര്‍ദേശം ട്രംപ് പരസ്യമായി തള്ളിയിരുന്നു. എന്നാല്‍ ഞായറാഴ്ച ആക്‌സിയോസിനോട് സംസാരിക്കുമ്പോള്‍ അടുത്ത ദിവസങ്ങളില്‍ ചര്‍ച്ചകള്‍ പുനരാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ട്രംപ് പറഞ്ഞു. നിലവിലെ സംഘര്‍ഷത്തിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്നാണ് തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക്.ലോകത്തെ എണ്ണയുടെയും ദ്രവീകൃത പ്രകൃതി വാതകത്തിന്റെയും അഞ്ചിലൊന്ന് ഇതുവഴിയാണ് കടന്നുപോകുന്നത്.

ഫെബ്രുവരി 28ന് യുഎസും ഇസ്രയേലും ഇറാനെതിരെ ആക്രമണം ആരംഭിച്ചതിന് പിന്നാലെ ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ ഉപരോധിച്ചിരിക്കുകയാണ്. യുദ്ധം ആരംഭിച്ചതിന് ശേഷം യുഎസില്‍ ഗ്യാസ് ഉള്‍പ്പെടെയുള്ള വിവിധ ഉല്‍പ്പന്നങ്ങളുടെ വില കുത്തനെ ഉയര്‍ന്നിട്ടുണ്ട്. അതേസമയം ദേശീയ അഭിപ്രായ സര്‍വേകളില്‍ ട്രംപിന്റെ ജനപ്രീതി കുറയുകയും നവംബറില്‍ നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ ഭൂരിപക്ഷം നഷ്ടപ്പെടുമോ എന്ന ആശങ്ക അദ്ദേഹത്തിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കുള്ളില്‍ ശക്തമാകുകയും ചെയ്തിട്ടുണ്ട്.

Trump calls report of easing Iran sanctions fake.

Share Email
Top