വാഷിംഗ്ടൺ: റെക്കോർഡ് നിലവാരത്തിലേക്ക് ഉയർന്ന ഇന്ധനവില നിയന്ത്രിക്കുന്നതിനായി ഡീസൽ കയറ്റുമതി താത്കാലികമായി നിരോധിക്കാനുള്ള അമേരിക്കയുടെ നീക്കം തിരിച്ചടിയാകുമെന്ന് പ്രമുഖ നിക്ഷേപ ബാങ്കായ ഗോൾഡ്മാൻ സാക്സ്. പ്രാദേശിക വിപണിയിൽ ആദ്യഘട്ടത്തിൽ ഇത് ഡീസൽ വില കുറയ്ക്കുമെങ്കിലും, നിരോധനം നീണ്ടുനിന്നാൽ ആഭ്യന്തര വിപണിയിൽ ഗ്യാസോലിൻ (പെട്രോൾ) വില കുത്തനെ ഉയരാൻ ഇടയാക്കുമെന്ന് സ്ഥാപനം മുന്നറിയിപ്പ് നൽകി.
അമേരിക്കയിൽ നിന്നുള്ള ഡീസൽ കയറ്റുമതി നിരോധിക്കുന്നത് ഭരണകൂടത്തിന്റെ ഗൗരവതരമായ പരിഗണനയിലാണെന്ന് പ്രസിഡന്റ് ട്രംപ് വ്യക്തമാക്കിയതിന് പിന്നാലെയാണ് അപഗ്രഥന റിപ്പോർട്ട് പുറത്തുവന്നത്. രാജ്യത്ത് നിർമ്മിക്കുന്ന വലിയൊരു പങ്ക് ഡീസലും വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്നതിനാൽ, കയറ്റുമതി തടഞ്ഞാൽ രാജ്യത്തിനുള്ളിൽ ആവശ്യത്തിന് ഡീസൽ ലഭ്യമാകുകയും വില കുറയുകയും ചെയ്യുമെന്നാണ് ജനപ്രതിനിധികളുടെ വിലയിരുത്തൽ. സെപ്റ്റംബർ 22-ന് ഗാലന് 6.53 ഡോളർ എന്ന സർവ്വകാല റെക്കോർഡിലെത്തിയ ഡീസൽ വില നിലവിൽ 6.45 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.
കയറ്റുമതി നിരോധിച്ചാൽ ആദ്യ ഘട്ടത്തിൽ ഡീസൽ വില ഗാലന് 25 സെന്റ് വരെ കുറഞ്ഞേക്കാം. എന്നാൽ എണ്ണ ശുദ്ധീകരണശാലകളിലെ സംഭരണശേഷി പൂർത്തിയാകുന്നതോടെ കമ്പോളത്തിൽ പ്രതിസന്ധി രൂപപ്പെടും. ഡീസലും ഗ്യാസോലിനും വിമാന ഇന്ധനവും ഒന്നിച്ചാണ് ശുദ്ധീകരിച്ച് നിർമ്മിക്കുന്നത് എന്നതിനാൽ, ഡീസൽ സംഭരണം നിറഞ്ഞാൽ കമ്പനികൾ മൊത്തത്തിലുള്ള ഇന്ധന ശുദ്ധീകരണം കുറയ്ക്കും. ഇത് വിപണിയിൽ ഗ്യാസോലിൻ ക്ഷാമത്തിനും ഓരോ ആഴ്ചയും ഗാലന് 30 സെന്റ് വരെ വില വർദ്ധിക്കുന്നതിനും കാരണമാകുമെന്ന് ഗോൾഡ്മാൻ സാക്സ് വ്യക്തമാക്കുന്നു.














