വാഷിംഗ്ടൺ: തോക്കുകളുടെയും അനുബന്ധ ഉപകരണങ്ങളുടെയും ഉപയോഗത്തിൽ ഏർപ്പെടുത്തിയിരുന്ന കടുത്ത നിയന്ത്രണങ്ങൾ റദ്ദാക്കിയ ടെക്സസ് ഫെഡറൽ കോടതി വിധിക്കെതിരെ അപ്പീൽ നൽകേണ്ടതില്ലെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് നീതിന്യായ വകുപ്പിന് നിർദ്ദേശം നൽകി. ‘ഗ്യാങ്സ്റ്റർ ആയുധങ്ങൾ’ എന്ന് അറിയപ്പെടുന്ന ചില പ്രത്യേക തരം തോക്കുകളുടെയും ഉപകരണങ്ങളുടെയും വിലക്ക് ഇല്ലാതാക്കുന്നതാണ് കോടതി വിധി.
കുറ്റകൃത്യങ്ങൾക്ക് ഉപയോഗിക്കാൻ എളുപ്പമുള്ള ചെറു റൈഫിളുകൾ, ഷോട്ട്ഗണുകൾ, സൈലൻസറുകൾ എന്നിവയുടെ വില്പനയ്ക്കും ഉപയോഗത്തിനും ഉണ്ടായിരുന്ന കടുത്ത നിയന്ത്രണങ്ങളാണ് ഇതോടെ ഇല്ലാതാകുന്നത്. 1934-ലെ ‘നാഷണൽ ഫയർആംസ് ആക്ട്’ പ്രകാരം 90 വർഷത്തിലേറെയായി ഈ ഉപകരണങ്ങൾക്ക് കർശനമായ രജിസ്ട്രേഷനും പ്രത്യേക അനുമതിയും ആവശ്യമായിരുന്നു. എന്നാൽ ടെക്സസിലെ യു.എസ് ഡിസ്ട്രിക്റ്റ് ജഡ്ജി ജെയിംസ് വെസ്ലി ഹെൻഡ്രിക്സ് ഈ നിയന്ത്രണങ്ങൾ ഭരണഘടനാ വിരുദ്ധമാണെന്ന് ഓഗസ്റ്റിൽ വിധിച്ചു.
വിധിക്കെതിരെ മേൽക്കോടതിയെ സമീപിക്കരുതെന്ന് നീതി ന്യായ വകുപ്പിനോട് ട്രംപ് നേരിട്ട് നിർദ്ദേശിക്കുകയായിരുന്നു. ജനപ്രതിനിധികളായ ചില റിപ്പബ്ലിക്കൻ നേതാക്കളോടും ട്രംപ് ഇക്കാര്യം സ്ഥിരീകരിച്ചതായി ഭരണകൂടവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി. സർക്കാരിന്റെ ഭാഗത്തുനിന്നും അപ്പീൽ പോകാതിരിക്കുന്നത് രാജ്യത്തെ തോക്ക് നിയന്ത്രണങ്ങളെയും ക്രിമിനൽ കേസ് വിചാരണകളെയും പ്രതികൂലമായി ബാധിക്കുമെന്ന് ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റിലെ ഒരുവിഭാഗം അഭിഭാഷകർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.അതേസമയം, കുറ്റവാളികൾക്ക് തോക്ക് നൽകുന്നത് തടയുന്ന മറ്റ് പൊതു നിയമങ്ങൾ ഇപ്പോഴും പ്രാബല്യത്തിലുണ്ടെന്നും പൊതുജനസുരക്ഷ ഉറപ്പാക്കുമെന്നും വൈറ്റ് ഹൗസ് വക്താവ് അറിയിച്ചു. ട്രംപ് ഭരണകൂടത്തിന്റെ ഈ നിലപാടിനെതിരെ തോക്ക് നിയന്ത്രണങ്ങൾ ആവശ്യപ്പെടുന്ന സംഘടനകൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
















