വാഷിങ്ടണ്‍: ജോര്‍ദാനിലെ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെയുണ്ടായ ഇറാന്റെ ആക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാന്റെ ആക്രമണത്തിന് അമേരിക്ക പ്രതികരിക്കുമെന്നും അവരെ ശക്തമായി തിരിച്ചടിക്കുമെന്നും ട്രംപ് ഫോക്‌സ് ന്യൂസിനോട് പറഞ്ഞു.
ഞായറാഴ്ച രാത്രി ജോര്‍ദാനിലെ യുഎസ് സൈനികരെ ലക്ഷ്യമിട്ടാണ് ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയതെന്ന് ട്രംപ് പറഞ്ഞു. അമേരിക്കന്‍ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിച്ച് ഒരു മിസൈല്‍ ഒഴികെ ബാക്കിയുള്ളവയെല്ലാം തടഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.
അമേരിക്കയുമായി ചര്‍ച്ച നടത്താന്‍ ഇറാന്‍ വളരെ താല്‍പര്യപ്പെടുന്നുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു. എന്നാല്‍, ഇറാന്‍ ഒരു കരാറില്‍ എത്തുമെന്ന് പൂര്‍ണമായി വിശ്വസിക്കാനാകുമോ എന്ന കാര്യത്തില്‍ ഉറപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഇറാന്റെ ആക്രമണത്തിന് മുമ്പായി ഞായറാഴ്ച ലാരക് ദ്വീപിലെ ഇറാന്റെ റോക്കറ്റ് വിക്ഷേപണ കേന്ദ്രങ്ങള്‍ക്കെതിരെ അമേരിക്ക ആക്രമണം നടത്തിയിരുന്നു.
അമേരിക്കന്‍ ആക്രമണത്തിന് പിന്നാലെ ഇറാന്‍ നടത്തിയ തിരിച്ചടിയെ തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ ആഗോള എണ്ണവില കുത്തനെ ഉയര്‍ന്നു. യുഎസ് ക്രൂഡ് ഓയില്‍ വില 3.44 ശതമാനം ഉയര്‍ന്ന് ബാരലിന് 86.26 ഡോളറിലെത്തി. ആഗോള എണ്ണവില 3.4 ശതമാനം ഉയര്‍ന്ന് 91.10 ഡോളറിലാണ് വ്യാപാരം നടന്നത്.
Trump vows strong retaliation against Iran.

















