വാഷിംഗടണ്‍: അമേരിക്കന്‍ വിപണിയില്‍ വിമാനങ്ങള്‍ വില്‍ക്കണമെങ്കില്‍ അമേരിക്കയില്‍ തന്നെ നിര്‍മാണം ആരംഭിക്കണമെന്ന് കനേഡിയന്‍ വിമാന നിര്‍മാതാക്കളായ ബോംബാര്‍ഡിയറിന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്. അമേരിക്കയില്‍ ഉല്‍പ്പാദനം നടത്താതെ ബോംബാര്‍ഡിയര്‍ ഉല്‍പ്പന്നങ്ങള്‍ യുഎസില്‍ വില്‍ക്കാന്‍ അനുവദിക്കില്ലെന്ന് ട്രംപ് വ്യക്തമാക്കി.
അമേരിക്കയില്‍ ഇനി ബോംബാര്‍ഡിയര്‍ വില്‍പ്പന വേണ്ടെന്നും അവരുടെ ഉല്‍പ്പന്നങ്ങള്‍ മതിയായ നിലവാരമുള്ളതല്ലെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. ഞങ്ങളുടെ വിപണി വേണമെങ്കില്‍ ഇവിടെ തന്നെ നിര്‍മിക്കണം. അമേരിക്കയെ ഒരു ‘പിഗ്ഗി ബാങ്ക്’ പോലെ കാണുന്ന സമീപനം അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കയും കാനഡയും തമ്മിലുള്ള വ്യാപാര തര്‍ക്കം രൂക്ഷമാകുന്നതിനിടെയാണ് ട്രംപിന്റെ പ്രസ്താവന. അമേരിക്കയില്‍ കൂടുതല്‍ ഉല്‍പ്പാദനം നടത്താന്‍ വിദേശ, ആഭ്യന്തര കമ്പനികളെ സമ്മര്‍ദത്തിലാക്കുക എന്നത് ട്രംപിന്റെ രണ്ടാം ഭരണകാലത്തെ പ്രധാന സാമ്പത്തിക നയങ്ങളിലൊന്നാണ്. വിദേശ ഉല്‍പ്പന്നങ്ങള്‍ക്ക് ഉയര്‍ന്ന തീരുവ ഏര്‍പ്പെടുത്താനുള്ള തീരുമാനത്തിനെതിരെ നിരവധി വ്യാപാര പങ്കാളി രാജ്യങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്.അതിനിടെ, അമേരിക്കയ്‌ക്കെതിരെ പുതിയ തിരിച്ചടി തീരുവകള്‍ ഏര്‍പ്പെടുത്താനുള്ള നടപടികളുമായി കാനഡ മുന്നോട്ടുപോകുകയാണ്. ചൊവ്വാഴ്ച പുലര്‍ച്ചെ മുതല്‍ പുതിയ ഘട്ടത്തിലെ തിരിച്ചടി തീരുവകള്‍ നടപ്പാക്കാനാണ് കാനഡയുടെ നീക്കം. ഇതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധത്തിലെ സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ട്രംപിന്റെ പ്രസ്താവനയോട് പ്രകോപനപരമായി പ്രതികരിക്കില്ലെന്ന് ക്യൂബെക്ക് പ്രീമിയര്‍ ക്രിസ്റ്റീന്‍ ഫ്രെഷെറ്റ് പറഞ്ഞു. ബോംബാര്‍ഡിയര്‍ ക്യൂബെക്കിന്റെ അഭിമാനവും സമ്പദ്വ്യവസ്ഥയുടെ പ്രധാന ഘടകവുമാണെന്ന് അവര്‍ വ്യക്തമാക്കി. കമ്പനിയുടെ സിഇഒ എറിക് മാര്‍ട്ടലുമായി ബന്ധപ്പെട്ടതായും ബോംബാര്‍ഡിയറിന് ക്യൂബെക്ക് സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്തതായും ഫ്രെഷെറ്റ് അറിയിച്ചു.
Trump’s warning to Canadian aircraft manufacturer Bombardier: Must manufacture in the US to sell there.

















