ഫുക്കറ്റ്: പശ്ചിമേഷ്യയിലെ ദീർഘകാല സൈനിക ദൗത്യങ്ങൾക്ക് ശേഷം ആശ്വാസമായി തായ്‌ലൻഡിൽ നടത്തിയ അഞ്ചു ദിവസത്തെ സന്ദർശനം പൂർത്തിയാക്കി അമേരിക്കൻ വിമാനവാഹിനി കപ്പലായ വിഎസ്എസ് ഏബ്രഹാം ലിങ്കൺ മടങ്ങി. അയ്യായിരത്തോളം നാവികരുമായി ബുധനാഴ്ച തായ്‌ലൻഡിൽ എത്തിയ ഈ ആണവ ശക്തിയേറിയ യുദ്ധക്കപ്പൽ മറ്റ് യുഎസ് നാവിക കപ്പലുകൾക്കൊപ്പമാണ് ഞായറാഴ്ച തുറമുഖം വിട്ടത്.
തുടർച്ചയായ ദീർഘകാല സമുദ്രസഞ്ചാരത്തിന് ശേഷം നാവികർക്ക് താൽക്കാലിക ആശ്വാസമേകാനാണ് തായ് ഭരണകൂടം ഈ സന്ദർശനത്തിന് സൗകര്യമൊരുക്കിയത്. തായ്‌ലൻഡ് ഭരണകൂടവും ജനങ്ങളും നൽകിയ ഊഷ്മളമായ സ്വീകരണത്തിനും ആതിഥേയത്വത്തിനും കപ്പലിന്റെ കമാൻഡിംഗ് ഓഫീസറായ യുഎസ് നാവികസേനാ ക്യാപ്റ്റൻ ഡാൻ കീലർ നന്ദി രേഖപ്പെടുത്തി.
ഇറാനുമായുള്ള യുദ്ധവും അനുബന്ധ സുരക്ഷാ പ്രവർത്തനങ്ങളും ഉൾപ്പെട്ട നിർണായക ദൗത്യങ്ങളിലായിരുന്നു കഴിഞ്ഞ മാസങ്ങളിൽ ഏബ്രഹാം ലിങ്കൺ പങ്കാളിയായിരുന്നത്. തുടർച്ചയായി ഏറ്റവും കൂടുതൽ ദിവസങ്ങൾ കടലിൽ തുടർന്ന കപ്പലെന്ന ആധുനിക കാലത്തെ റെക്കോർഡും ഈ ദൗത്യത്തിലൂടെ ഏബ്രഹാം ലിങ്കൺ സ്വന്തമാക്കിയതായി ഡെമോക്രാറ്റിക് ജനപ്രതിനിധികൾ വ്യക്തമാക്കി.

















