swayamvara
pulimoottil

ഇറാനിലെ വിവാഹച്ചടങ്ങിന് നേരെയുണ്ടായ വ്യോമാക്രമണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് യുഎസ്

ഇറാനിലെ വിവാഹച്ചടങ്ങിന് നേരെയുണ്ടായ വ്യോമാക്രമണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് യുഎസ്

വാഷിംഗ്ടണ്‍: ഇറാനില്‍ വിവാഹച്ചടങ്ങ് നടന്നിരുന്ന വീടിന് നേരെയുണ്ടായ വ്യോമാക്രമണത്തെക്കുറിച്ച് അമേരിക്ക അന്വേഷണം നടത്തുകയാണെന്നു യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ്ഇറാന്‍ ഉന്നയിച്ച ആരോപണങ്ങള്‍ പരിശോധിച്ചുവരികയാണെന്നും സംഭവത്തില്‍ യഥാര്‍ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് കണ്ടെത്താനാണ് ശ്രമിക്കുന്നതെന്നും വൈറ്റ് ഹൗസില്‍ വാര്‍ത്താസമ്മേളനത്തില്‍ വാന്‍സ് വ്യക്തമാക്കി.

ഞങ്ങള്‍ അന്വേഷണം നടത്തുകയാണ്. തീര്‍ച്ചയായും ഞങ്ങള്‍ക്ക് ഇതില്‍ ആശങ്കയുണ്ട്. എന്താണ് സംഭവിച്ചതെന്ന് അറിയാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നതായും വാന്‍സ് പറഞ്ഞു. അമേരിക്കന്‍ സൈന്യത്തിന്റെ ഭാഗത്തുനിന്ന് പിഴവുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ അതില്‍നിന്ന് പാഠം ഉള്‍ക്കൊണ്ട് ഭാവിയില്‍ കൂടുതല്‍ മെച്ചപ്പെടാന്‍ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തെക്കന്‍ ഇറാനിലെ സിറിക് കൗണ്ടിയിലെ കുഹെസ്റ്റക് പ്രദേശത്ത് വിവാഹച്ചടങ്ങിനിടെ വീടിന് നേരെയാണ് ആക്രമണമുണ്ടായതെന്നാണ് ഇറാന്റെ ആരോപണം. ആക്രമണത്തില്‍ ആദ്യം നാല് പേര്‍ കൊല്ലപ്പെടുകയും 70ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു. പിന്നീട് 22 വയസ്സുള്ള യുവതി കൂടി ആശുപത്രിയില്‍ മരിച്ചതോടെ മരണസംഖ്യ അഞ്ചായി. മരിച്ചവരില്‍ ഒരു കുട്ടിയും ഉള്‍പ്പെടുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

സംഭവത്തെക്കുറിച്ചുള്ള ഇറാന്റെ റിപ്പോര്‍ട്ടുകളില്‍ തനിക്ക് സംശയമുണ്ടെന്നും വാന്‍സ് വ്യക്തമാക്കി. എന്നാല്‍, ആക്രമണം സംബന്ധിച്ച വിവരങ്ങള്‍ പരിശോധിക്കുകയാണെന്നും സിവിലിയന്മാരെ അമേരിക്കന്‍ സൈന്യം ലക്ഷ്യമിടാറില്ലെന്നും യുഎസ് നിലപാട് ആവര്‍ത്തിച്ചു. അതേസമയം, റോയിട്ടേഴ്സ് നടത്തിയ ദൃശ്യങ്ങളും ആയുധ വിദഗ്ധരുടെ വിലയിരുത്തലുകളും ആക്രമണത്തില്‍ യുഎസ് ആയുധം നേരിട്ട് പതിച്ചിരിക്കാമെന്ന സൂചന നല്‍കുന്നതായി റിപ്പോര്‍ട്ട് ചെയ്തു.

ആക്രമണത്തെ തുടര്‍ന്ന് യുഎസും ഇറാനും തമ്മിലുള്ള സംഘര്‍ഷം കൂടുതല്‍ രൂക്ഷമായിരിക്കുകയാണ്. ഇറാന്‍ വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ യുഎസ് സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. വിവാഹച്ചടങ്ങിനിടെ ഉണ്ടായ ആക്രമണത്തില്‍ സിവിലിയന്‍ മരണങ്ങള്‍ വര്‍ധിച്ചതോടെ സംഭവത്തില്‍ സ്വതന്ത്രവും സമഗ്രവുമായ അന്വേഷണം വേണമെന്ന ആവശ്യവും ശക്തമാകുകയാണ്.

US announces investigation into airstrike on wedding ceremony in Iran.

Share Email
Top