ദോഹ : ഇറാഖിലെ തങ്ങളുടെ അവസാന സൈനിക താവളങ്ങളിൽ നിന്നും അമേരിക്കൻ സേന ബുധനാഴ്ചയോടെ പൂർണ്ണമായി പിൻവാങ്ങും. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട യുദ്ധത്തിൽ 4,500 അമേരിക്കൻ സൈനികർ കൊല്ലപ്പെട്ട ഇറാഖിൽ നിന്ന് അമേരിക്ക നടത്തുന്ന ഈ പിന്മാറ്റം, ഇറാനും അവരുടെ സഖ്യകക്ഷികളും വലിയൊരു വിജയമായാണ് ആഘോഷിക്കുന്നത്.
ജോ ബൈഡൻ പ്രസിഡന്റായിരുന്ന കാലത്ത് 2024-ൽ ഒപ്പുവെച്ച കരാറിന്റെ അടിസ്ഥാനത്തിലാണ് ഈ പിന്മാറ്റം നടപ്പിലാക്കുന്നത്. ഇറാനുമായി യുദ്ധം തുടരുമ്പോഴും ട്രംപ് ഭരണകൂടം ഈ പിന്മാറ്റ നടപടികളുമായി മുന്നോട്ട് പോവുകയാണ്. അമേരിക്കയുടെ ഈ പിന്മാറ്റം ഇറാനുമായുള്ള ബന്ധമുള്ള സഖ്യകക്ഷികൾക്ക് ഇറാഖിൽ കൂടുതൽ സ്വാധീനം ചെലുത്താൻ വഴിയൊരുക്കുമെന്നും, ഒപ്പം ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) പോലുള്ള മറ്റ് ശത്രുക്കൾക്ക് തിരിച്ചുവരാൻ അവസരം നൽകുമെന്നും ഇറാഖി സുരക്ഷാ വിദഗ്ദ്ധർ വിലയിരുത്തുന്നു.
ഇറാഖിലെ ഇറാൻ അനുകൂല ഷിയാ സായുധ ഗ്രൂപ്പുകളെക്കുറിച്ച് പഠനം നടത്തുന്ന ഇറാഖി സുരക്ഷാ വിശകലന വിദഗ്ദ്ധനായ ജാസിം അൽ-ബഹാദ്‌ലി അഭിപ്രായപ്പെടുന്നത്, വർഷങ്ങളായി ഇറാഖിൽ ഇറാന്റെ സ്വാധീനത്തിന് തടയിട്ടിരുന്ന ഒരു സൈനിക സാന്നിധ്യമാണ് ഇതിലൂടെ ഇല്ലാതാകുന്നതെന്നും ഇത് തന്ത്രപരമായ നേട്ടമാണ് ഇറാന് നൽകുന്നതെന്നുമാണ്. ഈ പിന്മാറ്റത്തെ പ്രൊ-ഇറാനിയൻ മില്ലീഷ്യ ഗ്രൂപ്പുകൾ ഒരു വലിയ വിജയമായി ചിത്രീകരിക്കുമെന്നും, സുരക്ഷാ-രാഷ്ട്രീയ തീരുമാനങ്ങളിൽ കൂടുതൽ സ്വാധീനം ചെലുത്താൻ ഇത് ഉപയോഗിക്കുമെന്നും അദ്ദേഹം പ്രവചിച്ചു.
ഇറാൻ പിന്തുണയുള്ള സായുധ വിഭാഗങ്ങളുടെ കൂട്ടായ്മയായ ‘ഇസ്ലാമിക് റെസിസ്റ്റൻസ് ഇൻ ഇറാഖിന്റെ’ കമാൻഡറായ അബു മോജ്താബ അൽ-യസിരി, അമേരിക്കൻ പിന്മാറ്റത്തെ ചരിത്രപരമായ വിജയമെന്നാണ് വിശേഷിപ്പിച്ചത്. ഇറാഖി ഇസ്ലാമിക പ്രതിരോധ സേനയുടെയും രാജ്യസ്നേഹികളുടെയും ചരിത്രപരമായ വിജയമാണിതെന്നും അമേരിക്കൻ പദ്ധതിയുടെ ദയനീയ പരാജയമാണിതെന്നും അദ്ദേഹം റോയിട്ടേഴ്സിനോട് പറഞ്ഞു.
സെപ്റ്റംബർ 30-ഓടെ ഇറാഖിന്റെ ചരിത്രത്തിലെ കറുത്ത അദ്ധ്യായത്തിന് വിരാമമാവുകയാണെന്നും, അടിച്ചേൽപ്പിക്കാൻ നോക്കിയ അധിനിവേശം പരാജയപ്പെട്ടത് ആഘോഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വിദേശ ശക്തികളിലൂടെയല്ല, മറിച്ച് ജനങ്ങളുടെ പ്രതിരോധത്തിലൂടെയും ഇച്ഛാശക്തിയിലൂടെയുമാണ് രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കപ്പെടുന്നത് എന്ന് ഇറാഖ് തെളിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.















