വാഷിംഗ്ടൺ: ഇറാന്റെ നിലവിലെ ഭരണാധികാരികൾ തീർത്തും വിവേകമില്ലാതെ പെരുമാറുന്നവരാണെന്നും എന്തുതരത്തിലുള്ള തീവ്രമായ നടപടികൾക്കും മടിക്കാത്തവരാണെന്നും അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്. തിങ്കളാഴ്ച ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇറാൻ ഭരണകൂടത്തിനെതിരെ കടുത്ത വിമർശനമുന്നയിച്ചത്.
മേഖലയിലെ എണ്ണ, വാതക വിതരണം തടസ്സപ്പെടുത്തുക മാത്രമാണ് ഇറാന്റെ ലക്ഷ്യമെന്ന് വ്യക്തമാക്കിയ വാൻസ്, ഇതിനുപിന്നിൽ വലിയ തന്ത്രപരമായ അറിവുകളൊന്നുമില്ലെന്ന് വിമർശിച്ചു. അമേരിക്കയോടുള്ള അവരുടെ എതിർപ്പ് സ്വാഭാവികമാണെങ്കിലും, ഇന്ധന വിതരണം തടയാൻ സ്വന്തം സഖ്യകക്ഷികൾക്ക് നേരെ പോലും ഇറാൻ ആക്രമണം നടത്തുന്നത് വിചിത്രമായ കാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഹോർമുസ് കടലിടുക്ക് വഴിയുള്ള അന്താരാഷ്ട്ര വ്യാപാരവും കപ്പൽ ഗതാഗതവും തടസ്സമില്ലാതെ ഉറപ്പാക്കുക എന്ന പ്രധാന ഘട്ടത്തിലൂടെയാണ് നിലവിലെ യുദ്ധം കടന്നുപോകുന്നതെന്നും യുഎസ് വൈസ് പ്രസിഡന്റ് കൂട്ടിച്ചേർത്തു.

















