കീവ്: യുക്രെയ്ന്‍-റഷ്യ യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കിയുമായി നടന്ന ചര്‍ച്ചകള്‍ അര്‍ഥവത്തായിരുന്നു എന്ന്‌യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്‌കോഫ്. കീവില്‍ നടന്ന കൂടിക്കാഴ്ചയില്‍ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള അടുത്ത നടപടികള്‍ സംബന്ധിച്ച് വിശദമായ ചര്‍ച്ചകള്‍ നടന്നതായും അദ്ദേഹം പറഞ്ഞു.
വിറ്റ്‌കോഫിനൊപ്പം ട്രംപിന്റെ മരുമകന്‍ ജാരഡ് കുഷ്‌നറും കീവിലെത്തി. റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശം അഞ്ചാം വര്‍ഷത്തിലേക്ക് കടന്ന സാഹചര്യത്തില്‍ സമാധാന ചര്‍ച്ചകള്‍ക്ക് വേഗം കൂട്ടാനുള്ള വൈറ്റ് ഹൗസിന്റെ പുതിയ നീക്കത്തിന്റെ ഭാഗമായാണ് ഇരുവരുടെയും സന്ദര്‍ശനം. ട്രംപിന്റെ വ്യക്തിപരമായ ആശംസകള്‍ സെലന്‍സ്‌കിയെയും യുക്രെയ്ന്‍ ജനതയെയും അറിയിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടതായി കുഷ്‌നര്‍ പറഞ്ഞു. യുദ്ധം അവസാനിപ്പിക്കുന്നതിനൊപ്പം ദീര്‍ഘകാല സമാധാനവും യുക്രെയ്ന് പുനര്‍നിര്‍മാണത്തിനുള്ള അവസരവും ഉറപ്പാക്കാനാണ് ട്രംപ് ആഗ്രഹിക്കുന്നതെന്നും കുഷ്‌നര്‍ വ്യക്തമാക്കി.
അമേരിക്കയുടെ തുടര്‍ച്ചയായ പിന്തുണയ്ക്ക് സെലന്‍സ്‌കി നന്ദി അറിയിച്ചു. റഷ്യയിലെ ചര്‍ച്ചകള്‍ക്ക് പിന്നാലെ അമേരിക്കന്‍ പ്രധാന ചര്‍ച്ചാ പ്രതിനിധികള്‍ യുക്രെയ്നിലെത്തിയത് വളരെ പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. സമാധാനം, സുരക്ഷാ ഉറപ്പുകള്‍, യുദ്ധാനന്തര കാലത്ത് യുക്രെയ്ന് മാന്യമായ സ്ഥാനം എന്നിവയാണ് രാജ്യത്തിന്റെ പ്രധാന ആവശ്യങ്ങളെന്നും ചര്‍ച്ചയ്ക്കുള്ള നിര്‍ദേശങ്ങള്‍ തയ്യാറാണെന്നും സെലന്‍സ്‌കി വ്യക്തമാക്കി. ഫ്രാന്‍സ്, ജര്‍മനി, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളിലെ മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥരും കീവിലെ ചര്‍ച്ചകളില്‍ പങ്കെടുത്തു.
കീവിലെത്തുന്നതിന് മുമ്പ് വിറ്റ്‌കോഫും കുഷ്‌നറും ശനിയാഴ്ച മോസ്‌കോയില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനുമായി മൂന്ന് മണിക്കൂറിലേറെ ചര്‍ച്ച നടത്തിയിരുന്നു. സമാധാന കരാറിലേക്കുള്ള അടുത്ത ഘട്ടങ്ങള്‍ സംബന്ധിച്ച് ”പ്രധാനപ്പെട്ട പദ്ധതികള്‍” ചര്‍ച്ച ചെയ്തതായി യുഎസ് അധികൃതര്‍ പറഞ്ഞു. എന്നാല്‍ ചര്‍ച്ചകള്‍ക്ക് പിന്നാലെ പുടിന്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്ന സൂചനകളൊന്നും നല്‍കിയില്ല. യുക്രെയ്ന്‍ സംഘര്‍ഷത്തിന്റെ ”മൂലകാരണങ്ങള്‍” ഇല്ലാതാക്കേണ്ടതുണ്ടെന്ന് പുടിന്‍ വ്യക്തമാക്കിയതായി റഷ്യന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. അതേസമയം, റഷ്യന്‍ സൈന്യത്തിന്റെ മുന്നേറ്റത്തില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ച പുടിന്‍ യുദ്ധലക്ഷ്യങ്ങള്‍ കൈവരിക്കുമെന്നും പറഞ്ഞു.
യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള അമേരിക്കന്‍ ശ്രമങ്ങള്‍ ശക്തമാകുമ്പോഴും സമാധാനത്തിലേക്കുള്ള വഴി ഇപ്പോഴും ദുഷ്‌കരമാണെന്നാണ് വിലയിരുത്തല്‍. ശീതകാലത്തിന് മുമ്പ് യുദ്ധം അവസാനിപ്പിക്കാനാണ് അമേരിക്ക ലക്ഷ്യമിടുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും, 2027 വസന്തകാലത്തോ വേനല്‍ക്കാലത്തോ മാത്രമേ റഷ്യ യഥാര്‍ഥ ചര്‍ച്ചകള്‍ക്ക് തയ്യാറാകൂവെന്നാണ് യുക്രെയ്ന്‍ അധികൃതരുടെ വിലയിരുത്തല്‍. ഇതിനിടെ കീവിനെതിരായ റഷ്യന്‍ വ്യോമാക്രമണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. അമേരിക്കന്‍ പ്രതിനിധികളുടെ സന്ദര്‍ശന കാലയളവില്‍ കീവിനെ നേരിട്ട് ആക്രമിക്കില്ലെന്ന് പുടിനും സെലന്‍സ്‌കിയും വ്യക്തമാക്കിയിരുന്നെങ്കിലും, യുക്രെയ്നിലെ മറ്റ് മേഖലകളില്‍ റഷ്യന്‍ ആക്രമണങ്ങള്‍ തുടരുകയാണ്.
yukrain-rashya yudham; selanskiyumaayi charcha ere praadhaanyamullathennu stiv vittkofUkraine-Russia War: Steve Witkoff says talks with Zelenskyy are of great importance.















