ടെക്സസ്: അമേരിക്കയിലെ ടെക്സാസിലുള്ള സെഗ്വിൻ നഗരത്തിന് സമീപം യുഎസ് വ്യോമസേനയുടെ പരിശീലന വിമാനം തകർന്നു. സാങ്കേതിക തകരാറിനെ തുടർന്ന് വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും അടിയന്തരമായി പുറത്തേക്ക് ചാടി രക്ഷപ്പെട്ടു. ജോയിന്റ് ബേസ് സാൻ ആന്റണിയോയിലെ 12-ാം ഫ്ലയിംഗ് ട്രെയിനിംഗ് വിംഗിൽപ്പെട്ട ‘T-6A ടെക്സാൻ II’ (T-6A Texan II) വിമാനമാണ് അപകടത്തിൽപ്പെട്ടത്.
പ്രാദേശിക സമയം വ്യാഴാഴ്ച വൈകുന്നേരം 5:51-ഓടെയാണ് സംഭവം. വിമാനത്തിന്‍റെ ലാന്റിംഗ് ഗിയറിൽ തകരാർ രേഖപ്പെടുത്തിയതിനെ തുടർന്ന് പൈലറ്റുമാർ വിദഗ്ധരുമായി ആശയവിനിമയം നടത്തുകയും, അവരുടെ നിർദ്ദേശപ്രകാരം സുരക്ഷിതമായി വിമാനത്തിൽ നിന്നും പുറത്തേക്ക് ചാടുകയുമായിരുന്നു. രക്ഷപ്പെട്ട പൈലറ്റുമാരെ പ്രാദേശിക മിലിട്ടറി മെഡിക്കൽ സംഘം പരിശോധനയ്ക്ക് വിധേയരാക്കി വരികയാണ്.
അമേരിക്കൻ വ്യോമസേനയിലെയും നാവികസേനയിലെയും പൈലറ്റുമാർക്ക് പ്രാഥമിക വിമാന പരിശീലനം നൽകുന്നതിനായി ഉപയോഗിക്കുന്ന രണ്ട് സീറ്റുകളുള്ള സിംഗിൾ എഞ്ചിൻ വിമാനമാണ് T-6A ടെക്സാൻ II. ഭാവി തലമുറയിലെ യു.എസ് വ്യോമസേനാ പൈലറ്റുമാർക്ക് പരിശീലനം നൽകുന്നതിൽ നിർണ്ണായക പങ്ക് വഹിക്കുന്ന കേന്ദ്രമാണ് സാൻ ആന്റണിയോയിലെ 12-ാം ഫ്ലയിംഗ് ട്രെയിനിംഗ് വിംഗ്. അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്തുന്നതിനായി വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.



















