ഫീനിക്‌സ്: അമേരിക്കയിലെ അരിസോണ സംസ്ഥാനത്തെ കോടതി ശൃംഖലയ്ക്ക് നേരെ വൻ സൈബർ ആക്രമണം. കോടതി ജീവനക്കാരൻ ഇമെയിലിൽ വന്ന വ്യാജ ലിങ്കിൽ അബദ്ധത്തിൽ ക്ലിക്ക് ചെയ്തതിനെത്തുടർന്ന് ആരംഭിച്ച സൈബർ ആക്രമണത്തിലൂടെ 13 ലക്ഷത്തിലധികം (1.3 ദശലക്ഷം) ആളുകളുടെ അതീവ വ്യക്തിവിവരങ്ങൾ ഹാക്കർമാർ ചോർത്തിയതായി അരിസോണ സുപ്രീം കോടതി സ്ഥിരീകരിച്ചു.
ഗതാഗത നിയമലംഘനങ്ങളും ക്രിമിനൽ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് കോടതി ഫീസുകൾ, പിഴകൾ, നഷ്ടപരിഹാര തുകകൾ എന്നിവ അടയ്ക്കാനുള്ള ആളുകളുടെ വിവരങ്ങളാണ് ചോർന്നത്. കഴിഞ്ഞ 30 വർഷം പഴക്കമുള്ള വിവരങ്ങൾ വരെ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, നിലവിലുള്ളതും അല്ലാത്തതുമായ 30,000-ത്തോളം പ്രൊട്ടക്ഷൻ ഓർഡറുകളും, രക്ഷിതാക്കൾക്ക് കുട്ടികളെ പരിപാലിക്കാൻ യോഗ്യതയില്ലെന്ന് ആരോപിക്കപ്പെടുന്ന കേസുകളിൽ ശുപാർശ നൽകുന്ന ഫോസ്റ്റർ കെയർ ബോർഡിന്റെ 2010 മുതലുള്ള ഒന്നര ലക്ഷത്തോളം സുപ്രധാന റിപ്പോർട്ടുകളും ഹാക്കർമാർ കൈക്കലാക്കിയിട്ടുണ്ട്.
സെപ്റ്റംബർ 24-ന് സൈബർ ആക്രമണം ശ്രദ്ധയിൽപ്പെട്ട് രണ്ട് മണിക്കൂറിനുള്ളിൽ തന്നെ കോടതിയുടെ സാങ്കേതിക വിഭാഗം ബാക്കപ്പ് സെർവറിലെ നുഴഞ്ഞുകയറ്റം തടഞ്ഞതായി അധികൃതർ വ്യക്തമാക്കി. വിവരങ്ങൾ ചോർന്ന വ്യക്തികളെ കോടതി നേരിട്ട് വിവരമറിയിച്ചു വരികയാണ്. ചോർത്തപ്പെട്ട വിവരങ്ങൾ ഇതുവരെ മറ്റെവിടെയെങ്കിലും പങ്കുവെച്ചതായോ ദുരുപയോഗം ചെയ്തതായോ ഉള്ള തെളിവുകൾ ലഭിച്ചിട്ടില്ലെന്ന് സുപ്രീം കോടതി വക്താവ് ആൽബെർട്ടോ റോഡ്രിഗസ് അറിയിച്ചു. സംഭവത്തിൽ സമഗ്രാന്വേഷണം പുരോഗമിക്കുകയാണെങ്കിലും കോടതി നടപടികളെയോ കേസുകളുടെ നടത്തിപ്പിനെയോ സൈബർ ആക്രമണം ബാധിച്ചിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. നിലവിലുള്ള രേഖകളിലൊന്നും കൃത്രിമം കാണിക്കുകയോ അവ നീക്കം ചെയ്യുകയോ ചെയ്തിട്ടില്ല. കൂടാതെ ജൂറി അംഗങ്ങൾ, സാക്ഷികൾ, കോടതി ജീവനക്കാർ എന്നിവരുടെ വ്യക്തിവിവരങ്ങൾ ചോർന്നിട്ടില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു.


















