വാഷിങ്ടണ്: കരോളിന് ലീവിറ്റ് പടിയിറങ്ങയതിനു പിന്നാലെ ചുമതലയേറ്റ പുതിയ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കാറ്റി സക്കറിയയുടെ വിദ്യാഭ്യാസ യോഗ്യതയും അഭിഭാഷകയെന്ന അവകാശവാദവും സംബന്ധിച്ച് ചോദ്യങ്ങള് ഉയരുന്നു. ട്രംപ് ഭരണകൂടത്തിന്റെ ഔദ്യോഗിക വക്താവായി ചുമതലയേറ്റതിനു പിന്നാലെയാണ് സക്കറിയയുടെ മുന് ജോലിയെക്കുറിച്ചുള്ള പശ്ചാത്തലം ചര്ച്ചയായത്. അഭിഭാഷകയാണെന്ന് ദീര്ഘകാലമായി സ്വയം വിശേഷിപ്പിക്കുന്ന സക്കറിയ അഭിഭാഷകയായി പ്രവര്ത്തിക്കാനുള്ള ലൈസന്സ് നേടിയിട്ടുണ്ടെന്നതിന് ഇതുവരെ തെളിവുകള് പുറത്തുവന്നിട്ടില്ലെന്നാണ് റിപ്പോര്ട്ടുകള്. ചൊവ്വാഴ്ച വൈറ്റ് ഹൗസില് നടത്തിയ ആദ്യ വാര്ത്താസമ്മേളനവും വിമര്ശനങ്ങള്ക്ക് ഇടയാക്കിയിരുന്നു.
സക്കറിയ ഏതെങ്കിലും സംസ്ഥാനത്ത് ബാര് പരീക്ഷ പാസായിട്ടുണ്ടോയെന്ന് മാധ്യമപ്രവര്ത്തകര് ട്രംപിനോട് ചോദിച്ചതോടെയാണ് വിഷയം കൂടുതല് ശ്രദ്ധ നേടിയത്. സ്വതന്ത്ര മാധ്യമമായ പോപ്പുലര് ഇന്ഫര്മേഷന് നടത്തിയ അന്വേഷണത്തില് അവര്ക്ക് ഒരു അമേരിക്കന് സംസ്ഥാനത്തും അഭിഭാഷക ലൈസന്സുള്ളതായി കണ്ടെത്താനായില്ലെന്ന റിപ്പോര്ട്ട് പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെ ചോദ്യത്തിന് മറുപടി നല്കാന് ട്രംപ് സക്കറിയയ്ക്ക് അവസരം നല്കി. ചൈനയിലേക്ക് താമസം മാറിയപ്പോഴാണ് എന്ന അര്ഥത്തില് അവര് മറുപടി തുടങ്ങിയെങ്കിലും മറുപടി പൂര്ത്തിയാക്കിയോ ഉദ്ദേശിച്ചത് എന്താണെന്നോ വ്യക്തമായില്ല. ചൈനയിലെ ദേശീയ നിയമ യോഗ്യതാ പരീക്ഷയില് പങ്കെടുക്കാന് ചൈനീസ് പൗരന്മാര്ക്കു മാത്രമാണ് അനുമതിയുള്ളതെന്നും റിപ്പോര്ട്ടുകള് ചൂണ്ടിക്കാട്ടുന്നു.
പെപ്പര്ഡൈന് സര്വകലാശാലയില്നിന്ന് 2007ല് ബിരുദവും 2011ല് പെപ്പര്ഡൈന് കാരുസോ സ്കൂള് ഓഫ് ലോയില്നിന്ന് നിയമബിരുദവും നേടിയതായി സക്കറിയയുടെ ലിങ്ക്ഡ്ഇന് പ്രൊഫൈലില് പറയുന്നു. അന്താരാഷ്ട്ര ഇടപാടുകളുമായി ബന്ധപ്പെട്ട നിയമമേഖലയില് ആവശ്യമായ യോഗ്യതകളോടെ പ്രവര്ത്തിച്ചിട്ടുണ്ടെന്നാണ് അവരുടെ വിശദീകരണം. വൈറ്റ് ഹൗസ് കമ്മ്യൂണിക്കേഷന്സ് ഡയറക്ടര് സ്റ്റീവന് ച്യൂങും സക്കറിയയെ പിന്തുണച്ച് രംഗത്തെത്തി. അമേരിക്കന് ജനതയെ ട്രംപ് ഭരണകൂടത്തിന്റെ പ്രവര്ത്തനങ്ങളെക്കുറിച്ച് അറിയിക്കാന് സക്കറിയയ്ക്ക് മികച്ച യോഗ്യതയുണ്ടെന്നും അവര് മികച്ച രീതിയില് ചുമതല നിര്വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു. ട്രംപിന്റെ സോഷ്യല് മീഡിയ കമ്പനിയായ ട്രംപ് മീഡിയ ആന്ഡ് ടെക്നോളജി ഗ്രൂപ്പില് ജൂണ് മുതല് സീനിയര് കമ്മ്യൂണിക്കേഷന്സ് ഉപദേഷ്ടാവായി പ്രവര്ത്തിച്ചുവരികയാണ് സക്കറിയ. ഈ വര്ഷം ഹോംലാന്ഡ് സെക്യൂരിറ്റി വകുപ്പില് രണ്ടുമാസം ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറിയായും പ്രവര്ത്തിച്ചിരുന്നു.
2011 മുതല് 2013 വരെ ബെയ്ജിങ്ങിലെ സോങ് ലുന് നിയമസ്ഥാപനത്തില് അന്താരാഷ്ട്ര നിയമവിഭാഗത്തില് അസോസിയേറ്റായി പ്രവര്ത്തിച്ചെന്നാണ് അവരുടെ തൊഴില്വിവരങ്ങളില് പറയുന്നത്. കുടിയേറ്റ തൊഴിലാളികളുടെ കുട്ടികളെ സഹായിക്കുന്ന കോംപാഷന് ഫോര് മൈഗ്രന്റ് ചില്ഡ്രന് എന്ന സംഘടനയിലും അവര് പ്രവര്ത്തിച്ചിട്ടുണ്ട്. ട്രംപ് ഭരണകൂടത്തിലെ ഉദ്യോഗസ്ഥനായ റിച്ചാര്ഡ് ഗ്രെനെല് ആരംഭിച്ച ഫിക്സ് കാലിഫോര്ണിയ എന്ന സംഘടനയില് ജനറല് കൗണ്സലായും സേവനമനുഷ്ഠിച്ചതായി പ്രൊഫൈലില് വ്യക്തമാക്കുന്നു. വേള്ഡ് ബാങ്ക്, ഇന്റര്നാഷണല് ഫിനാന്സ് കോര്പ്പറേഷന് എന്നിവയുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര നിയമ-സാമ്പത്തിക ഇടപാടുകളില് പ്രവര്ത്തിച്ച പരിചയമുണ്ടെന്നും അവരുടെ ഔദ്യോഗിക എഴുത്തുകാരി പരിചയക്കുറിപ്പില് പറയുന്നു. എന്നാല്, ഈ സ്ഥാപനങ്ങളിലെ അവരുടെ സേവനകാലവും യോഗ്യതകളും സംബന്ധിച്ച ചോദ്യങ്ങള്ക്ക് ബന്ധപ്പെട്ട സ്ഥാപനങ്ങള് പ്രതികരിച്ചിട്ടില്ല. സക്കറിയയെ ഉപദേശക സമിതിയിലേക്ക് നിയമിച്ചതായി 2026 ജൂണില് നോവറെഡ് മൈനിങ് പുറത്തിറക്കിയ അറിയിപ്പിലും അന്താരാഷ്ട്ര നിയമ-സാമ്പത്തിക ഇടപാടുകളിലെ പരിചയം പരാമര്ശിച്ചിരുന്നു.
അതേസമയം, കാലിഫോര്ണിയയില് അഭിഭാഷകരുടെ ലൈസന്സ് നിയന്ത്രിക്കുന്ന സ്റ്റേറ്റ് ബാറിന്റെ പൊതുരേഖകളില് സക്കറിയയുടെ പേര് കണ്ടെത്താനായിട്ടില്ല. കാറ്റി ഷാരണ് സക്കറിയ, കാറ്റി ഷാരണ് ബ്ലാക്ക് എന്നീ പേരുകളിലോ വിവാഹത്തിനു മുമ്പും ശേഷവുമുള്ള മറ്റ് പേരുകളിലോ കാലിഫോര്ണിയയില് അഭിഭാഷക ലൈസന്സ് നല്കിയതായി രേഖകളില്ലെന്ന് സ്റ്റേറ്റ് ബാര് വക്താവ് അറിയിച്ചു. പോപ്പുലര് ഇന്ഫര്മേഷന് പരിശോധിച്ച 50 സംസ്ഥാനങ്ങളിലും വാഷിങ്ടണ് ഡിസിയിലും സമാനമായ സ്ഥിതിയാണെന്നാണ് റിപ്പോര്ട്ട്. ഇതിനു പിന്നാലെ അഭിഭാഷകയെന്ന നിലയില് തെറ്റായ അവകാശവാദം ഉന്നയിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കാമ്പെയ്ന് ഫോര് അക്കൗണ്ടബിലിറ്റി എന്ന സംഘടന കാലിഫോര്ണിയ സ്റ്റേറ്റ് ബാറിന് പരാതി നല്കി. ലൈസന്സില്ലാതെ അഭിഭാഷകയെന്ന് സ്വയം വിശേഷിപ്പിക്കുന്നത് കാലിഫോര്ണിയയില് നിയമലംഘനമാകാമെന്നും വിഷയത്തില് അന്വേഷണം വേണമെന്നും സംഘടന ആവശ്യപ്പെട്ടു. പരാതി ലഭിച്ചിട്ടുണ്ടോയെന്നോ അന്വേഷണം ആരംഭിച്ചിട്ടുണ്ടോയെന്നോ സ്ഥിരീകരിക്കാന് രഹസ്യസ്വഭാവവുമായി ബന്ധപ്പെട്ട നിയമങ്ങള് ചൂണ്ടിക്കാട്ടി സ്റ്റേറ്റ് ബാര് തയ്യാറായില്ല. സക്കറിയയുടെ നിയമപരമായ യോഗ്യത സംബന്ധിച്ച വിവാദത്തില് ഔദ്യോഗിക വ്യക്തതയ്ക്കായി കാത്തിരിക്കുകയാണ് അധികൃതരും മാധ്യമങ്ങളും.
A lawyer? The law degree and qualifications of katti, the new White House spokesperson, are becoming a topic of discussion.



















