200 കോടി ഡോളറിന്റെ ഇടപാടില്‍ അനധികൃതമായി ലാഭമുണ്ടാക്കിയെന്ന ആരോപണം: ; ട്രംപിന്റെ ക്രിപ്‌റ്റോ കമ്പനിക്കെതിരെ കേസ്

200 കോടി ഡോളറിന്റെ ഇടപാടില്‍ അനധികൃതമായി ലാഭമുണ്ടാക്കിയെന്ന ആരോപണം: ; ട്രംപിന്റെ ക്രിപ്‌റ്റോ കമ്പനിക്കെതിരെ കേസ്

വാഷിംഗടണ്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും മക്കളും ചേര്‍ന്ന് സ്ഥാപിച്ച ക്രിപ്‌റ്റോ സംരംഭമായ വേള്‍ഡ് ലിബര്‍ട്ടി ഫിനാന്‍ഷ്യലിനെതിരെ അനധികൃതമായി ലാഭമുണ്ടാക്കിയെന്നാരോപിച്ച് കേസ്. യുഎഇയുമായി ബന്ധമുള്ള രണ്ട് ഇടപാടുകളിലൂടെ വിദേശ സര്‍ക്കാരില്‍നിന്ന് 200 കോടി ഡോളറിലധികം മൂല്യമുള്ള സാമ്പത്തിക നേട്ടം ട്രംപ് കൈപ്പറ്റിയെന്നാണ് ആരോപണം. എതിരാളികളായ ക്രിപ്‌റ്റോ കമ്പനികളിലൊന്നായ സര്‍ക്കിള്‍ ഇന്റര്‍നെറ്റ് ഗ്രൂപ്പിന്റെ ഓഹരി ഉടമ ജെ. ബെഞ്ചമിന്‍ ഗ്രീന്‍ബര്‍ഗാണ് വാഷിങ്ടണിലെ ഫെഡറല്‍ കോടതിയില്‍ വ്യാഴാഴ്ച കേസ് ഫയല്‍ ചെയ്തത്. ട്രംപ് പ്രസിഡന്റായിരിക്കെ തന്റെ ഔദ്യോഗിക പദവി ഉപയോഗിച്ച് അനധികൃതമായി ലാഭമുണ്ടാക്കിയെന്നും ഇത് അമേരിക്കന്‍ ഭരണഘടനയുടെ വിദേശ പ്രതിഫല വ്യവസ്ഥയുടെ ലംഘനമാണെന്നും പരാതിയില്‍ പറയുന്നു.

വിദേശ സര്‍ക്കാരുകളില്‍നിന്ന് കോണ്‍ഗ്രസിന്റെ അനുമതിയില്ലാതെ പ്രസിഡന്റിന് പണമോ മറ്റ് ആനുകൂല്യങ്ങളോ സ്വീകരിക്കാന്‍ വിലക്കേര്‍പ്പെടുത്തുന്ന വ്യവസ്ഥയാണ് അമേരിക്കന്‍ ഭരണഘടനയിലെ ഫോറിന്‍ എമോല്യൂമെന്റ്‌സ് ക്ലോസ്. വേള്‍ഡ് ലിബര്‍ട്ടി ഫിനാന്‍ഷ്യലുമായി ബന്ധപ്പെട്ട രണ്ട് ഇടപാടുകള്‍ ഈ വ്യവസ്ഥയുടെ ലംഘനമാണെന്നാണ് പരാതിക്കാരന്റെ വാദം. യുഎഇ ഭരണകുടുംബത്തിലെ ഒരംഗത്തിന്റെ പിന്തുണയുള്ള നിക്ഷേപ സ്ഥാപനം വേള്‍ഡ് ലിബര്‍ട്ടിയുടെ 49 ശതമാനം ഓഹരികള്‍ 50 കോടി ഡോളറിന് വാങ്ങിയതാണ് ഇതിലൊന്ന്. അബുദാബി ആസ്ഥാനമായ എംജിഎക്‌സ് ഫണ്ട് വേള്‍ഡ് ലിബര്‍ട്ടിയുടെ സ്റ്റേബിള്‍കോയിന്‍ ഉപയോഗിച്ച് 200 കോടി ഡോളറിന്റെ ഇടപാട് നടത്തിയതാണ് മറ്റൊന്ന്. വിദേശ സര്‍ക്കാരുമായി ബന്ധമുള്ള സാമ്പത്തിക ഇടപാടുകളിലൂടെ ട്രംപ് ഭരണഘടനാ വിരുദ്ധമായി ലാഭമുണ്ടാക്കിയെന്നാണ് ഗ്രീന്‍ബര്‍ഗിന്റെ ആരോപണം.

ട്രംപിന്റെ ക്രിപ്‌റ്റോ സംരംഭങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം 140 കോടി ഡോളറിന്റെ വരുമാനം നേടിയതായി അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ഇതില്‍ വേള്‍ഡ് ലിബര്‍ട്ടി ഫിനാന്‍ഷ്യലില്‍നിന്നുള്ള വരുമാനവും ഉള്‍പ്പെടുന്നു. ട്രംപും മക്കളും 2024ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ക്കുമുമ്പാണ് വേള്‍ഡ് ലിബര്‍ട്ടി ഫിനാന്‍ഷ്യല്‍ സ്ഥാപിച്ചത്. കമ്പനി ഡബ്ല്യുഎല്‍എഫ്‌ഐ യുഎസ്ഡി1 എന്നീ ടോക്കണുകള്‍ പുറത്തിറക്കിയിട്ടുണ്ട്. ക്രിപ്‌റ്റോ വിപണിയിലെ പ്രധാന സ്റ്റേബിള്‍ കോയിനുകളിലൊന്നായ യുഎസ്ഡി1 ഉപയോഗിച്ചാണ് എംജിഎക്‌സ് ഫണ്ട് ലോകത്തിലെ ഏറ്റവും വലിയ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചായ ബിനാന്‍സില്‍ 200 കോടി ഡോളറിന്റെ ഓഹരി വാങ്ങിയത്. കോയിന്‍ഗെക്കോയുടെ കണക്കനുസരിച്ച് യുഎസ്ഡി1ന്റെ നിലവിലെ വിപണിമൂല്യം ഏകദേശം 400 കോടി ഡോളറാണ്.

എന്നാല്‍, ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് വേള്‍ഡ് ലിബര്‍ട്ടി ഫിനാന്‍ഷ്യല്‍ വക്താവ് ഡേവിഡ് വാക്‌സ്മാന്‍ പ്രതികരിച്ചു. കമ്പനി അമേരിക്കയിലെ എല്ലാ നിയമങ്ങളും ചട്ടങ്ങളും പാലിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും സ്ഥാപനത്തില്‍ പ്രവര്‍ത്തിക്കുന്ന ആരും യുഎസ് സര്‍ക്കാരിന്റെ ജീവനക്കാരല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ട്രംപിനും കുടുംബത്തിനും ഭരണകൂടത്തിനുമെതിരെ ഡെമോക്രാറ്റുകള്‍ വര്‍ഷങ്ങളായി ഉന്നയിക്കുന്ന ആരോപണങ്ങളുടെ ആവര്‍ത്തനം മാത്രമാണ് പുതിയ കേസെന്നു വൈറ്റ് ഹൗസ് വക്താവ് അന്ന കെല്ലിഅറിയിച്ചു.

Allegations of illicit gains from a $2 billion deal: Lawsuit filed against Trump’s crypto company

Share Email
Top