‘ട്രംപിനൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് ബഹുമതി’; പുറത്താക്കലിനു പിന്നാലെ പ്രതികരിച്ച് കാറ്റി സക്കറിയ

‘ട്രംപിനൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് ബഹുമതി’; പുറത്താക്കലിനു പിന്നാലെ പ്രതികരിച്ച് കാറ്റി സക്കറിയ

വാഷിങ്ടണ്‍: വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സ്ഥാനത്തുനിന്ന് പുറത്തായതിന് പിന്നാലെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ പ്രശംസിച്ച് കാറ്റി സക്കറിയ. ട്രംപിനൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് ബഹുമതിയായി കാണുന്നുവെന്നും അദ്ദേഹം ദയയും കരുതലുമുള്ള വ്യക്തിയാണെന്നും സക്കറിയ സമൂഹമാധ്യമമായ എക്‌സില്‍ കുറിച്ചു. ജോലി പുനരാലോചിക്കാന്‍ സക്കറിയയോട് ആവശ്യപ്പെട്ടതായി ട്രംപ് മാധ്യമങ്ങളോട് പറഞ്ഞതിന് മണിക്കൂറുകള്‍ക്കകമാണ് അവരുടെ പ്രതികരണം പുറത്തുവന്നത്.

പ്രസിഡന്റ് ട്രംപ് ദയയുള്ള ആളാണ്. ഒപ്പം കരുണയും ഔദാര്യവും ചിന്താശേഷിയും ഉത്സാഹവും കഠിനാധ്വാനശീലവുമുള്ള വ്യക്തിയുമാണ്. അദ്ദേഹം ചെയ്തതുപോലെയോ ഇപ്പോഴും ചെയ്യുന്നതുപോലെയോ മറ്റാര്‍ക്കും അമേരിക്കയെ വീണ്ടും മികച്ചതാക്കാന്‍ കഴിയില്ലെന്നും അദ്ദേഹത്തിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് ബഹുമതിയായി കാണുന്നതായും കാറ്റി സക്കറിയ സാമൂഹ്യ മാധ്യമത്തില്‍ കുറിച്ചു.

വെള്ളിയാഴ്ച വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ, ജോലി തുടരുന്ന കാര്യത്തില്‍ പുനരാലോചിക്കാന്‍ സക്കറിയയോട് പറഞ്ഞതായി ട്രംപ് വ്യക്തമാക്കിയിരുന്നു. അവര്‍ സന്തോഷത്തോടെയിരിക്കുന്നതാണ് നല്ലതെന്ന് ഞാന്‍ അവരോട് പറഞ്ഞതായി ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. മാധ്യമങ്ങള്‍ സക്കറിയയോട് അന്യായമായാണ് പെരുമാറിയതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ട്രംപ് ഭരണകൂടത്തില്‍ കരോലിന്‍ ലെവിറ്റ് ഓഗസ്റ്റില്‍ സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്നാണ് പുതിയ പ്രസ് സെക്രട്ടറിയെ നിയമിക്കാനുള്ള നടപടികള്‍ ആരംഭിച്ചത്. ട്രംപ് മീഡിയ ആന്‍ഡ് ടെക്‌നോളജി ഗ്രൂപ്പില്‍ സീനിയര്‍ കമ്മ്യൂണിക്കേഷന്‍സ് അഡൈ്വസറായി പ്രവര്‍ത്തിച്ചിരുന്ന 41കാരിയായ സക്കറിയയെ ഒക്ടോബര്‍ 10നാണ് പുതിയ സ്ഥാനത്തേക്ക് നിയമിച്ചത്. നിയമനവിവരം സ്ഥിരീകരിക്കുന്ന ട്രംപിന്റെ ട്രൂത്ത് സോഷ്യല്‍ പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ച് അവര്‍ നന്ദി അറിയിക്കുകയും ചെയ്തിരുന്നു.

എന്നാല്‍, പ്രസ് സെക്രട്ടറിയായുള്ള ആദ്യത്തെയും അവസാനത്തെയും വാര്‍ത്താസമ്മേളനം വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചു. ട്രംപിനെ അനുകൂലിക്കുന്ന മാധ്യമപ്രവര്‍ത്തകരില്‍നിന്ന് മൂന്ന് ചോദ്യങ്ങള്‍ മാത്രം സ്വീകരിച്ചശേഷം 14 മിനിറ്റിനുള്ളില്‍ വാര്‍ത്താസമ്മേളനം അവസാനിപ്പിച്ചതാണ് പ്രധാന വിമര്‍ശനങ്ങളിലൊന്ന്. പിന്നാലെ സക്കറിയയുടെ നിയമബിരുദവും അഭിഭാഷകയെന്ന അവകാശവാദവും സംബന്ധിച്ച് സമൂഹമാധ്യമങ്ങളില്‍ ചോദ്യങ്ങള്‍ ഉയര്‍ന്നു. പെപ്പര്‍ഡൈന്‍ സര്‍വകലാശാലയില്‍നിന്ന് നിയമബിരുദം നേടിയ സക്കറിയ, യാഥാസ്ഥിതിക ടെലിവിഷന്‍ ചാനലുകളില്‍ കമന്റേറ്ററായി എത്തിയപ്പോള്‍ അഭിഭാഷകയാണെന്ന് പരിചയപ്പെടുത്തിയിരുന്നു. ചൈനയില്‍ അഭിഭാഷകയായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും നിയമവിഷയങ്ങളില്‍ വിശകലനം നടത്തിയിട്ടുണ്ടെന്നും അവര്‍ അവകാശപ്പെട്ടിരുന്നു.

അമേരിക്കയില്‍ അഭിഭാഷകവൃത്തിയില്‍ ഏര്‍പ്പെടാന്‍ ആവശ്യമായ ബാര്‍ പരീക്ഷയില്‍ പരാജയപ്പെട്ടതായി വ്യാഴാഴ്ച ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സക്കറിയ സമ്മതിച്ചു. പരീക്ഷ പാസായിട്ടില്ലെന്ന അവതാരകന്റെ ചോദ്യത്തിന് അതെ എന്നായിരുന്നു മറുപടി. രണ്ടാമതും പരീക്ഷ എഴുതിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നും അവര്‍ പറഞ്ഞു. ആറ് വര്‍ഷത്തിനിടെ എനിക്ക് നാല് കുട്ടികളുണ്ടായി. അഭിഭാഷകവൃത്തിയില്‍ പ്രവേശിക്കണമെന്നത് ഒരിക്കലും എന്റെ ലക്ഷ്യമായിരുന്നില്ല, സക്കറിയ വ്യക്തമാക്കി. ട്രംപ് മീഡിയ ആന്‍ഡ് ടെക്‌നോളജി ഗ്രൂപ്പില്‍ ജൂണില്‍ ചേരുന്നതിന് മുമ്പ് ക്രിസ്റ്റി നോം ആഭ്യന്തര സുരക്ഷാ സെക്രട്ടറിയായിരുന്ന കാലത്ത് ആ വകുപ്പിന്റെ വക്താവായും സക്കറിയ പ്രവര്‍ത്തിച്ചിരുന്നു.

‘An honor to have worked with Trump’; Kattie Zakaria reacts following her dismissal

Share Email
LATEST excelnclexrn
Top