ബോസ്റ്റണ്‍: മസാച്യുസെറ്റ്സ് ലെഫ്റ്റനന്റ് ഗവര്‍ണര്‍ സ്ഥാനത്തേക്കുള്ള റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഷോണ്‍ ഒലിവര്‍ തിരഞ്ഞെടുപ്പ് പ്രചാരണം താല്‍ക്കാലികമായി നിര്‍ത്തിവച്ചു. മദ്യപിച്ച് വാഹനമോടിച്ചെന്ന ആരോപണത്തെത്തുടര്‍ന്ന് ഞായറാഴ്ച പുലര്‍ച്ചെ ന്യൂ ബെഡ്ഫോര്‍ഡില്‍ പൊലീസ് അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് തീരുമാനം.
ശനിയാഴ്ച രാത്രി 11.40ഓടെ ഡാര്‍ട്ട്മൗത്ത് സ്ട്രീറ്റിലെ 448-ാം നമ്പര്‍ മേഖലയില്‍ വാഹനാപകടമുണ്ടായെന്ന വിവരത്തെത്തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളില്‍ ഇടിച്ചശേഷം ഒരു വാഹനം മറിയുകയായിരുന്നുവെന്ന് ന്യൂ ബെഡ്ഫോര്‍ഡ് പൊലീസ് അറിയിച്ചു. അപകടത്തില്‍ അഞ്ചു വാഹനങ്ങള്‍ ഉള്‍പ്പെട്ടതായും അവയില്‍ രണ്ടെണ്ണത്തിന് വ്യാപകമായ കേടുപാടുകള്‍ സംഭവിച്ചതായും പൊലീസ് വ്യക്തമാക്കി.
42കാരനായ ഒലിവറിനെ പരുക്കുകളെത്തുടര്‍ന്ന് സെന്റ് ലൂക്ക്സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകട സ്ഥലത്തും ആശുപത്രിയിലും നടത്തിയ അന്വേഷണത്തിനുശേഷം അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. മദ്യപിച്ച് വാഹനമോടിക്കല്‍, അശ്രദ്ധമായി വാഹനമോടിക്കല്‍, അമിതവേഗം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നതെന്ന് പൊലീസ് പ്രസ്താവനയില്‍ പറഞ്ഞു.
സംഭവം പുറത്തുവന്നതിന് പിന്നാലെ ഒലിവറിനൊപ്പം ലെഫ്റ്റനന്റ് ഗവര്‍ണര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്ന റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍ സ്ഥാനാര്‍ഥി മൈക്ക് മിനോഗ് പ്രചാരണം നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ട പ്രസ്താവനയിലാണ് പ്രചാരണം താല്‍ക്കാലികമായി നിര്‍ത്താനുള്ള തീരുമാനം ഒലിവര്‍ അറിയിച്ചത്. വ്യക്തിപരമായ വിഷയങ്ങള്‍ ഈ തിരഞ്ഞെടുപ്പിന്റെ പ്രാധാന്യത്തെ മറികടക്കരുതെന്ന് അദ്ദേഹം പറഞ്ഞു. ഇതുവരെ പിന്തുണച്ച എല്ലാവര്ക്കും നന്ദി അറിയിച്ച ഒലിവര്‍, ഈ പ്രയാസകരമായ സമയത്ത് കുടുംബത്തിന്റെ സ്വകാര്യത മാനിക്കണമെന്നും അഭ്യര്‍ഥിച്ചു.
Arrested for drunk driving; Massachusetts Republican candidate Sean Oliver suspends campaign.



















