Caritas hospital

ലണ്ടനിലെ ഇന്ത്യൻ റസ്റ്റോറന്‍റിന് തീവെച്ച സംഭവം; ശിക്ഷ വിധിച്ചു, പതിനേഴുകാരായ രണ്ട് കൗമാരക്കാർക്ക് 10 വർഷം തടവ്

ലണ്ടനിലെ ഇന്ത്യൻ റസ്റ്റോറന്‍റിന് തീവെച്ച സംഭവം; ശിക്ഷ വിധിച്ചു, പതിനേഴുകാരായ രണ്ട് കൗമാരക്കാർക്ക് 10 വർഷം തടവ്

ലണ്ടൻ: കിഴക്കൻ ലണ്ടനിലെ ഇന്ത്യൻ റസ്റ്റോറന്റിന് നേരെ പെട്രോളൊഴിച്ച് തീവെപ്പ് നടത്തുകയും ഉപഭോക്താക്കൾക്ക് ഗുരുതരമായി പൊള്ളലേൽപ്പിക്കുകയും ചെയ്ത കേസിൽ പതിനേഴുകാരായ രണ്ട് കൗമാരക്കാർക്ക് ഓൾഡ് ബെയ്‌ലി ക്രിമിനൽ കോടതി പത്ത് വർഷം തടവുശിക്ഷ വിധിച്ചു. പത്ത് വർഷത്തെ തടവിന് പുറമെ മൂന്ന് വർഷത്തെ അധിക നിരീക്ഷണ കാലാവധിയും ഉൾപ്പെടുന്നതാണ് കോടതിയുടെ വിധി. 2025 ഓഗസ്റ്റ് 22-നാണ് കിഴക്കൻ ലണ്ടനിലെ ഗാന്റ്സ് ഹില്ലിലുള്ള ‘ഇന്ത്യൻ അരോമ’ എന്ന റസ്റ്റോറന്റിന് നേരെ അക്രമം നടന്നത്.

വടിവാളുകളും കഠാരകളുമായി എത്തിയ കൗമാരക്കാർ റസ്റ്റോറന്റിന്റെ മുൻവാതിലിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും, തുടർന്ന് മൂന്നാമതൊരാൾ അകത്തുകടന്ന് തറയിലും മേശകളിലും ആളുകൾ ഇരുന്ന കസേരകളിലും വ്യാപകമായി പെട്രോൾ ഒഴിക്കുകയുമായിരുന്നു. തുടർന്ന് പുറത്തിറങ്ങി വാതിലടച്ച് പേപ്പറിന് തീക്കൊളുത്തി അകത്തേക്ക് എറിഞ്ഞതോടെ വൻ സ്ഫോടനത്തോടെ തീ ആളിപ്പടരുകയായിരുന്നുവെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.

അക്രമത്തിന് ശേഷം മോഷ്ടിച്ച കാറിലാണ് അക്രമികൾ രക്ഷപ്പെട്ടത്. ആളപായം വരുത്തുകയെന്ന ഉദ്ദേശ്യത്തോടെയുള്ള ആസൂത്രിതവും പ്രൊഫഷണലുമായ നീക്കമാണിതെന്ന് വിധി പ്രസ്താവിച്ചുകൊണ്ട് ജഡ്ജി നിരീക്ഷിച്ചു. തികച്ചും അപരിചിതരായ ആളുകൾ കൊല്ലപ്പെടാൻ വരെ സാധ്യതയുണ്ടെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് പ്രതികൾ ക്രൂരമായ ഈ ആക്രമണം നടത്തിയതെന്നും, തിരിച്ചറിയപ്പെടാത്ത മുതിർന്ന ഒരു കുറ്റവാളിയുടെ നിർദ്ദേശപ്രകാരമാണ് ഇവർ പ്രവർത്തിച്ചതെന്ന് വ്യക്തമാണെന്നും ജഡ്ജി ചൂണ്ടിക്കാട്ടി. പ്രായപൂർത്തിയാകാത്തതിനാൽ പ്രതികളുടെ പേരുവിവരങ്ങൾ കോടതി വെളിപ്പെടുത്തിയിട്ടില്ല. ആക്രമണം നടക്കുമ്പോൾ എട്ട് ഉപഭോക്താക്കളാണ് റസ്റ്റോറന്റിനുള്ളിൽ ഉണ്ടായിരുന്നത്.

ഇവരിൽ അഞ്ചുപേർക്ക് ജീവിതകാലം മുഴുവൻ ബാധിക്കുന്ന തരത്തിൽ അതീവ ഗുരുതരമായി പൊള്ളലേറ്റു. ശരീരത്തിന്റെ പകുതിയോളം ഗുരുതരമായി പൊള്ളലേറ്റ ഒരു യുവതിയുടെ വസ്ത്രങ്ങൾ ചർമ്മത്തിൽ ഉരുകിപ്പിടിച്ച നിലയിലായിരുന്നു. ഇവരെ പിന്നീട് ദീർഘനാൾ കൃത്രിമ കോമയിൽ പ്രവേശിപ്പിച്ചു. ശരീരത്തിൽ 51 ശതമാനം പൊള്ളലേറ്റ യുവതിയുടെ ഭർത്താവ്, കത്തിയെരിയുന്ന ശരീരവുമായി റസ്റ്റോറന്റിൽ നിന്ന് പുറത്തേക്ക് ഓടുകയായിരുന്നു. ആക്രമണം നടന്ന് 45 ദിവസങ്ങൾക്ക് ശേഷമാണ് തനിക്ക് ബോധം തിരിച്ചുകിട്ടിയതെന്ന് അദ്ദേഹം കോടതിയിൽ മൊഴി നൽകി. ആക്രമണത്തെത്തുടർന്ന് കനത്ത നാശനഷ്ടം നേരിട്ട ‘ഇന്ത്യൻ അരോമ’ റസ്റ്റോറന്റ് ശാശ്വതമായി അടച്ചുപൂട്ടി.

Share Email
LATEST excelnclexrn
More Articles
Top