കാലിഫോര്‍ണിയ: പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ നിയമവിരുദ്ധമായി ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകള്‍ ഓടിക്കാന്‍ അനുവദിച്ച മാതാപിതാക്കള്‍ക്കെതിരെ ബാലപീഡനവും കുട്ടികളുടെ സുരക്ഷ അപകടത്തിലാക്കലും ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി കേസെടുത്തു. ഓറഞ്ച് കൗണ്ടി ജില്ലാ അറ്റോര്‍ണി ബുധനാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. കുട്ടികള്‍ ഇ-മോട്ടോകള്‍ ഓടിക്കുന്നതിനിടെയുണ്ടായ അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. അപകടങ്ങളില്‍ 11 വയസുകാരന് കോളര്‍ബോണ്‍ ഒടിയുകയും ഞരമ്പുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മറ്റൊരു അപകടത്തില്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ ലൈറ്റ് പോസ്റ്റിലിടിച്ച് 13 വയസ്സുകാരന് മരിക്കുകയും ചെയ്തു. ഈ വര്‍ഷം ജനുവരി മുതല്‍ 12 മാതാപിതാക്കള്‍ക്കെതിരെ കേസെടുത്തതായി അധികൃതര്‍ വ്യക്തമാക്കി.
പെഡലുകളില്ലാത്തതും ഇലക്ട്രിക് മോട്ടോറില്‍ പ്രവര്‍ത്തിക്കുന്നതുമായ ഇരുചക്ര ഓഫ്-റോഡ് വാഹനങ്ങളാണ് ഇ-മോട്ടോകള്‍. ഇവയ്ക്ക് മണിക്കൂറില്‍ ഉയര്‍ന്ന വേഗത കൈവരിക്കാനാകും. യോര്‍ബ ലിന്‍ഡയില്‍ ഇ-മോട്ടോ ഓടിക്കുന്നതിനിടെ പിക്കപ്പ് ട്രക്കുമായി കൂട്ടിയിടിച്ച് 11 വയസ്സുകാരന് പരിക്കേറ്റ സംഭവത്തില്‍ അലക്സ് ലി എന്ന പിതാവിനെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. മണിക്കൂറില്‍ 33 മൈലിലധികം വേഗത കൈവരിക്കാന്‍ ശേഷിയുള്ള വാഹനമാണ് കുട്ടി ഓടിച്ചിരുന്നതെന്നാണ് ജില്ലാ അറ്റോര്‍ണി ഓഫീസിന്റെ ആരോപണം.
മറ്റൊരു സംഭവത്തില്‍ ഒന്‍പത് വയസുകാരനായ മകനെ മണിക്കൂറില്‍ 47 മൈലിലധികം വേഗതയില്‍ സഞ്ചരിക്കാന്‍ ശേഷിയുള്ള ഇ-മോട്ടോ ഓടിക്കാന്‍ അനുവദിച്ചെന്നാരോപിച്ച് മരിയ റോഹ്ലിങ്ങിനെതിരെ നിയമലംഘന കുറ്റം ചുമത്തി. മറ്റൊരു സംഭവത്തില്‍ 12 വയസ്സുകാരനായ മകന് നഗരവീഥിയില്‍ ഇ-മോട്ടോ ഓടിക്കുന്നത് കണ്ടതിനെ തുടര്‍ന്ന് പിതാവ് ഡാന്‍ റെസ്മിവ്സിനെതിരെയും കേസെടുത്തു. കുട്ടികളുടെ സുരക്ഷ അപകടത്തിലാക്കല്‍, പ്രായപൂര്‍ത്തിയാകാത്തവരെ കുറ്റകൃത്യങ്ങളിലേക്ക് നയിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയത്. നഗരവീഥികളില്‍ ഇത്തരം വാഹനങ്ങള്‍ ഓടിക്കുന്നത് നിയമവിരുദ്ധമാണെന്ന് അച്ഛനും മകനും നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നതായും അധികൃതര്‍ അറിയിച്ചു.
മറ്റൊരു കേസില്‍, 17 വയസുകാരനായ മകന് ഇ-മോട്ടോയില്‍ മണിക്കൂറില്‍ 40 മൈലിലധികം വേഗതയില്‍ സഞ്ചരിച്ച സംഭവത്തില്‍ മാതാപിതാക്കളായ ഹുലിന് ഗുവോ, ഷിയോമിന്‍ വാങ് എന്നിവര്‍ക്കെതിരെ കേസെടുത്തു. സമാനമായ സംഭവങ്ങളില്‍ മകന് നേരത്തേയും പൊലീസുമായി പ്രശ്നങ്ങളില്പ്പെട്ടിരുന്നുവെന്നും വാഹനങ്ങളുടെ അപകടസാധ്യതയെക്കുറിച്ച് മാതാപിതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും ജില്ലാ അറ്റോര്‍ണി ഓഫീസ് വ്യക്തമാക്കി. 13 വയസ്സുകാരനായ മകന് മണിക്കൂറില്‍ 40 മൈല്‍ വരെ വേഗതയില്‍ സഞ്ചരിക്കുകയും പോലീസ് വരുന്നത് കണ്ട് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ മണിക്കൂറില്‍ 49 മൈല്‍ വരെ വേഗത കൈവരിക്കാവുന്ന സുറോണ് ഇ-മോട്ടോ പൊലീസ് വാഹനത്തിലിടിക്കുകയും ചെയ്ത സംഭവത്തില്‍ ടുവാന്‍ എന്‍ഗുയെന്‍ എന്ന പിതാവിനെതിരെയും കുറ്റം ചുമത്തിയിട്ടുണ്ട്. ഇ-മോട്ടോര്‍സൈക്കിള്‍ ഓടിക്കാന്‍ 15 വയസുള്ള സഹോദരനെ അനുവദിച്ചെന്നാരോപിച്ച് ജോസ് ഡി ജീസസ് റാമിറെസ്ബറഗനും കേസില്‍ പ്രതിയായിട്ടുണ്ട്. ചുവപ്പ് സിഗ്നല്‍ മറികടന്ന് വാഹനങ്ങളുമായി കൂട്ടിയിടിക്കാനുള്ള സാഹചര്യമുണ്ടാക്കിയ ശേഷം നിയന്ത്രണം നഷ്ടപ്പെട്ട് കുറ്റിക്കാട്ടിലേക്ക് ഇടിച്ചുകയറിയെന്നാണ് ആരോപണം.
Case filed against parents in California who allowed their underage children to use electric motorcycles.



















