ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്റെ (CMA) ജീവകാരുണ്യ പ്രവര്ത്തനങ്ങളുടെ ഭാഗമായി കേരളത്തിലെ 266 വൃക്കരോഗികള്ക്ക് ഡയാലിസിസ് ചികിത്സയ്ക്കുള്ള ധനസഹായം നല്കി. സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന വൃക്കരോഗികള്ക്ക് ആശ്വാസ മേകുന്നതിനായി നാഷണല് YMCAയുമായി സഹകരിച്ച് കേരളത്തിലെ പ്രാദേശിക YMCAകളിലൂടെ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് അസോസിയേഷന് സഹായം നല്കിയത്.
കഴിഞ്ഞ മാസം തിരുവല്ല മുണ്ടിയപ്പള്ളി YMCAയുമായി സഹകരിച്ച് ചിക്കാഗോ മലയാളി അസോസിയേഷന് നല്കിയ ധനസഹായം വൃക്കരോഗികള്ക്ക് ഏറെ പ്രയോജനകരമായതായി YMCA ഭാരവാഹികള് അറിയിച്ചു. തുടര്ച്ചയായി ഡയാലിസിസ് ചികിത്സയ്ക്ക് വിധേയരാകേണ്ടിവരുന്ന സാധാരണക്കാരായ രോഗികള്ക്ക് ഓരോ ചികിത്സയ്ക്കും വരുന്ന ചെലവ് താങ്ങാനാവാത്ത സാമ്പത്തിക ബാധ്യതയാണ് സൃഷ്ടിക്കുന്നത്. ഈ സാഹചര്യത്തില്, നിരവധി രോഗികള്ക്ക് ഡയാലിസിസ് തുടരുന്നതിനുള്ള സഹായം നല്കാന് കഴിഞ്ഞത് വലിയ ആശ്വാസമായെന്നും YMCA ഭാരവാഹികള് വ്യക്തമാക്കി.നിരവധി രോഗികള്ക്ക് ചികിത്സ തുടരാന് സഹായകമായ ഈ കാരുണ്യപ്രവര്ത്തനത്തിന് ചിക്കാഗോ മലയാളി അസോസിയേഷനെ YMCA ഭാരവാഹികള് അഭിനന്ദിക്കുകയും പ്രത്യേകം നന്ദി അറിയിക്കുകയും ചെയ്തു.

സമൂഹത്തിലെ അര്ഹരായവരെ കണ്ടെത്തി സഹായമെത്തിക്കുക എന്ന ലക്ഷ്യത്തോടെ ചിക്കാഗോ മലയാളി അസോസിയേഷന് നടത്തുന്ന ചാരിറ്റി പ്രവര്ത്തനങ്ങളുടെ ഭാഗമായാണ് ഈ പദ്ധതി നടപ്പാക്കിയത്. വരുംനാളുകളിലും ഇത്തരം സേവനപ്രവര്ത്തനങ്ങള് തുടരുമെന്ന് അസോസിയേഷന് ഭാരവാഹികളായ പ്രസിഡന്റ് ജോസ് മണക്കാട്ട്, ജനറല് സെക്രട്ടറി ബിജു മുണ്ടക്കല്, ട്രഷറര് അച്ചന്കുഞ്ഞ് മാത്യു, ലൂക്ക് ചിറയില്, പ്രിന്സ് ഈപ്പന്, സാറ അനില്, മറ്റ് ബോര്ഡ് അംഗങ്ങള് എന്നിവര് അറിയിച്ചു.
ചികിത്സാച്ചെലവുകള് മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന രോഗികള്ക്ക് കൈത്താങ്ങാകുന്ന ഇത്തരം പ്രവര്ത്തനങ്ങള് സാമൂഹിക പ്രതിബദ്ധതയുടെ ഉദാത്ത മാതൃകയാണെന്നും അസോസിയേഷന് ഭാരവാഹികള് കൂട്ടിച്ചേര്ത്തു.
Chicago Malayali Association Extends a Helping Hand to Kidney Patients: Financial Aid Provided to 266 Patients for Dialysis Treatment



















